22 October Tuesday

ഇന്ത്യയുടെ ചാന്ദ്രയാൻ 2 ദൗത്യത്തിലെ വിക്രമിനെ തേടുകയാണെന്ന്‌ നാസ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019


ഹൂസ്‌റ്റൺ
ഇന്ത്യയുടെ ചാന്ദ്രയാൻ 2 ദൗത്യത്തിലെ ലാൻഡർ ‘വിക്രം’ ഇടിച്ചിറങ്ങിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽനിന്ന്‌ അമേരിക്കയുടെ പേടകം പകർത്തിയ ചിത്രങ്ങൾ അപഗ്രഥിച്ചുവരികയാണെന്ന്‌ നാസ.

2009 ജൂണിൽ അമേരിക്ക വിക്ഷേപിച്ച ചാന്ദ്രനിരീക്ഷണ പേടകമായ ലൂണാർ റെക്കനൈസൻസ്‌ ഓർബിറ്റർ (എൽആർഒ) സപ്‌തംബർ 17നു തുടർച്ചയായി പകർത്തിയ ദക്ഷിണ ധ്രുവത്തിലെ ചിത്രങ്ങളിൽ വിക്രം എങ്ങനെയാണ്‌ പതിഞ്ഞതെന്നാണ്‌ വിലയിരുത്തുന്നത്‌. ഇവിടെനിന്ന്‌ എൽആർഒ മുമ്പ്‌ പകർത്തിയ ചിത്രങ്ങളും വിക്രം ഇറങ്ങിയശേഷം എടുത്ത ചിത്രങ്ങളും താരതമ്യം ചെയ്‌താണ്‌ പരിശോധിക്കുന്നതെന്ന്‌ എൽആർഒ പദ്ധതിയുടെ ഉപമേധാവി ജോൺ കെല്ലർ പറഞ്ഞു. 

ഏഴിനു നിശ്ചയിച്ചപ്രകാരം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) വിക്രം ലാൻഡർ ചന്ദ്രനിൽ ഇറക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇടിച്ചിറങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ചാന്ദ്രയാൻ 2  ലാൻഡറിന്റെ തെർമൽ ഇമേജ്‌ പകർത്തിരുന്നു.

വിക്രമുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസാന ശ്രമത്തിലാണ്‌ ഐഎസ്‌ആർഒ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 14 ദിവസം നീളുന്ന പകൽ അസ്‌തമിക്കുംമുമ്പ്‌ ഇത്‌ സാധിച്ചില്ലെങ്കിൽ വിക്രം ഉപേക്ഷിക്കേണ്ടിവരും. രണ്ടു ദിവസത്തിനകം ദക്ഷിണ ധ്രുവത്തിൽ ഇരുട്ട്‌ പരക്കുകയും ഇതോടെ വിക്രമിലുള്ള സോളാർ പാനലും മറ്റും പ്രവർത്തന രഹിതമാകുകയുംചെയ്യും.


പ്രധാന വാർത്തകൾ
 Top