27 May Wednesday

മോട്ടോർ വാഹന നിയമഭേദഗതി പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019


തൃശൂർ
കേന്ദ്രസർക്കാർ നടപ്പാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി.  തൊഴിലാളികളേയും സാധാരണക്കാരേയും വൻ ദുരിതത്തിലേക്ക് തള്ളിവിടുന്ന ജനവിരുദ്ധനയമാണിത്‌. മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിൽ ചേർന്ന കേരള മോട്ടോർ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമഭേദഗതിയിൽ തൊഴിലാളികളെ സംരക്ഷിക്കൽ ഇല്ല. അപകടം കുറയ്ക്കാനുള്ള നടപടികൾക്ക്‌  ഒരു യൂണിയനും എതിരല്ല. അപകടങ്ങൾ വരുത്തുന്നവർക്ക് കടുത്ത ശിക്ഷയും നൽകണം. പക്ഷേ, വൻ പ്രതിസന്ധി നേരിടുന്ന മോട്ടോർ വാഹന മേഖലയേയും   നാലു കോടിയോളം വരുന്ന തൊഴിലാളികളേയും കുഴപ്പത്തിലാക്കുന്നതാണ് ഭേദഗതി.
ഭേദഗതിക്കുമുന്നേ ട്രേഡ് യൂണിയനുകളുമായോ ബന്ധപ്പെട്ടവരുമായോ ചർച്ച നടത്താൻപോലും തയ്യാറായില്ല. കുത്തകകൾക്ക് വാഹനമേഖലയെ അടിയറവയ്ക്കുന്നതാണ് പുതിയ നിയമം.

വാഹന നിയമലംഘനങ്ങൾക്ക് ഈടാക്കിയിരുന്ന പിഴയുടെ പത്തിരട്ടിയിലേറെ വർധനയാണ് പുതിയ നിയമത്തിലൂടെ നടപ്പാക്കുന്നത്. പകച്ചുനിൽക്കാതെ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുകയേ നിർവാഹമുള്ളൂവെന്നും എളമരം കരീം പറഞ്ഞു.ദേശീയ വാഹനപണിമുടക്കിന്‌ ഒരുങ്ങുക : മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി കൺവൻഷൻ
തൃശൂർ
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ മോട്ടോർവാഹന നിയമഭേദഗതിക്കെതിരെ മൂന്നുദിവസം തുടർച്ചയായ ദേശീയ പണിമുടക്കിനൊരുങ്ങാൻ കേരള മോട്ടോർ വ്യവസായ സംരക്ഷണ സമിതി ആഹ്വാനം ചെയ്തു. തൃശൂർ റീജണൽ തിയറ്ററിൽ ചേർന്ന മോട്ടോർ തൊഴിലാളികളുടെയും തൊഴിൽ ഉടമകളുടെയും   സംസ്ഥാന കൺവൻഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

സെപ്തംബർ ഒന്നുമുതൽ പ്രാബല്യത്തിൽവന്ന മോട്ടോർ വാഹന നിയമഭേദഗതി  ഊബർ, ഓല തുടങ്ങിയ ബഹുരാഷ്ട്രകുത്തകകൾക്ക്‌ നേട്ടം ഉണ്ടാക്കാനാണ്‌.  ഓട്ടോ, ടാക്സി വ്യവസായവുമായി ഉപജീവനം നടത്തുന്ന തൊഴിലാളികളെയും ചെറുകിട ഉടമകളെയും അനുബന്ധ തൊഴിലുകൾ ചെയ്തു കഴിയുന്ന കോടിക്കണക്കിനുപേരെയും ദുരിതത്തിലാക്കും.

മോട്ടോർ വാഹന വകുപ്പ് ചെയ്തിരുന്ന സേവനങ്ങൾ  സ്വകാര്യ കുത്തകകൾ കൈയടക്കും. യാത്രരംഗവും ചരക്കുകടത്തും കുത്തകകൾ കൈയടക്കും. കൺകറന്റ് ലിസ്‌റ്റിലുണ്ടായിരുന്ന റോഡ് ഗതാഗത മേഖല, പുതിയ വാഹനഭേദഗതിനിയമം നടപ്പാകുന്നതോടെ, വീണ്ടും കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാകും. ഇത് ഇന്ത്യയുടെ ഫെഡറൽ സംവിധാനംതന്നെ അട്ടിമറിക്കുന്നതാണെന്നും  കൺവൻഷൻ പ്രമേയത്തിൽ വ്യക്തമാക്കി.  സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌തു.

സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാർ അധ്യക്ഷനായി. കേരള മോട്ടോർ വ്യവസായ സംരക്ഷണസമിതി കൺവീനർ കെ കെ ദിവാകരൻ സമരപ്രഖ്യാപനരേഖ അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി എം എം വർഗീസ്, സ്വാഗതസംഗം കൺവീനർ കെ വി ഹരിദാസ്, കെ സി ജയപാലൻ (എഐടിയുസി), അഡ്വ. ഇ നാരായണൻ നായർ (ഐഎൻടിയുസി), വി എ കെ തങ്ങൾ (എസ്ടിയു), ടി സി വിജയൻ (യുടിയുസി), അജി ഫ്രാൻസിസ് (എച്ച്എംഎസ്), മനോജ് ചെമ്പള്ളി  (യുടിയുസി), സലിം ബാബു (ടിയുസിഐ), കെ എസ് സുനിൽകുമാർ, എൻ ഉണ്ണികൃഷ്ണൻ, കെ എ അലി അക്ബർ, ആർ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തൊഴിലുടമ സംഘടനകളെ പ്രതിനിധീകരിച്ച് കെ കെ ഹംസ (ലോറി), കെ ജി ഗോപകുമാർ (വർക്ക് ഷോപ്പ്), ലോറൻസ് ബാബു, വി ജെ സെബാസ്റ്റ്യൻ, വിദ്യാധരൻ (മൂവരും ബസ്), അരവിന്ദാക്ഷൻ (യൂസ്ഡ് വെഹിക്കിൾസ്), പി എസ് മഹേഷ് (കെഎസ്ആർടിഇഎ), കൃഷ്ണകിഷോർ (കെബിടിഎ), ജി രാധാകൃഷ്ണൻ (ഡ്രൈവിങ് സ്കൂൾ), കെ എ ചാക്കോച്ചൻ, വിപിൻ ആലപ്പാട്ട്‌ (ബസ്‌) എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top