15 October Tuesday

കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ്: ഹര്‍ജി പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019


കൊച്ചി
ബൂത്തുതലം മുതൽ എഐസിസി പ്രസിഡന്റ് വരെയുള്ള ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ നിയമിക്കാൻ കോൺഗ്രസ് പാർടിക്ക്‌ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിച്ചു. എഐസിസി, കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ സോണിയാഗാന്ധി, രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ എതിർകക്ഷിയാക്കി കോൺഗ്രസ് അംഗവും കൊല്ലം സ്വദേശിയുമായ ഹില്ലാരി സക്കറിയ നൽകിയ ഹർജിയാണ് പിൻവലിച്ചത്.

സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നുള്ള ഉറപ്പിലാണ് രാഷ്ട്രീയ പാർടികൾക്ക് അംഗീകാരം നൽകുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. 2017 ജൂണിനകം തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിരുന്നു. പക്ഷേ, ഒത്തുതീർപ്പ് ധാരണയിലാണ് കേരളത്തിൽ ഭാരവാഹികളെ നിയമിച്ചത്. ഇത് കോൺഗ്രസിലെ ഏകാധിപത്യപ്രവണതയാണ് കാണിക്കുന്നത്. ജനാധിപത്യവിരുദ്ധമായാണ് സംഘടന പ്രവർത്തിക്കുന്നത്. അതിനാൽ എഐസിസി പ്രസിഡന്റ്  അടക്കം സ്ഥാനങ്ങളിലേക്ക് ആളുകളെ നാമനിർദേശംചെയ്യുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയപാർടികളിൽ ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെടുന്ന ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്ന് അനിൽ തോമസ്–- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേസിൽ ഹൈക്കോടതി വിധിയുള്ളതായി തെരഞ്ഞെടുപ്പ് കമീഷൻ വിശദമാക്കി. ആവശ്യം സംഘടനയ്‌ക്കുള്ളിൽ ഉന്നയിച്ചിട്ട് ഫലമില്ലെങ്കിൽ ഉചിതമായ ഫോറത്തെ സമീപിക്കാമെന്നും കമീഷൻ അറിയിച്ചു. തുടർന്നാണ് ഹർജി പിൻവലിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top