20 November Wednesday

ചെളിവെള്ളത്തിൽ കുടുങ്ങി റഡാർ; തരംഗങ്ങൾ അയക്കാൻ പ്രയാസം

ജോബിൻസ‌് ഐസക‌്Updated: Monday Aug 19, 2019

കവളപ്പാറയിലെ ഉരുൾപൊട്ടൽ സ്ഥലത്ത്‌ ജിപിആർ ഉപയോഗിച്ച്‌ വിദഗ്ധസംഘം പരിശോധന നടത്തുന്നു

കവളപ്പാറ > കവളപ്പാറയിൽ ജിപി റഡാർ ഉപയോഗിച്ചുള്ള തെരച്ചിലിന്‌ വെല്ലുവിളിയായി ചെളിയും വെള്ളവും.  ഇത്തരം സ്ഥലത്ത് റഡാറിൽനിന്ന് തരംഗങ്ങൾ അയക്കാൻ പ്രയാസം നേരിടുകയാണ്‌.   ഹൈദരബാദ് നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘമാണ്  രണ്ട് സെറ്റ് ജിപിആർ (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ) ഉപകരണവുമായി  കവളപ്പാറയിൽ എത്തിയത്. റഡാർ അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ തിങ്കളാഴ്‌ചയും പരിശോധന തുടരും.

ജിപിആർ സംവിധാനത്തിൽ 10 മെഗാ ഹെർട്‌സ് മുതൽ 2.6 ജിഗാ ഹെർട്‌സ് വരെ  ആവൃത്തിയുള്ള റേഡിയോ തരംഗങ്ങൾ മണ്ണിനടിയിലേക്കയച്ചാണ് വസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തുക.  ചതുരത്തിലും നീളത്തിലുമുള്ള രണ്ട് തരം ഉപകരണങ്ങളാണ്  എത്തിച്ചത്.

ഇതിലൂടെ ഭൂമിക്കടിയിലേക്ക് വൈദ്യുത കാന്തികതരംഗങ്ങൾ അയയ്‌ക്കും. ഇവ മണ്ണിനടിയിലെ വ‌സ്‌തുക്കളിൽ തട്ടിയുണ്ടാകുന്ന പ്രതിഫലനങ്ങൾ സിഗ്‌നലിലൂടെ ലഭിക്കും. ഇവ വിശകലനംചെയ്താണ് മണ്ണിനടിയിലെ പദാർഥങ്ങളുടെ സ്വഭാവം നിർണയിക്കുക. കല്ല്, ചെളി, കോൺക്രീറ്റ്, മനുഷ്യ അസ്ഥിയടക്കം വ്യത്യസ്‌ത വസ്തുക്കളിൽ   തരംഗങ്ങളുടെ പ്രതിഫലനം വ്യത്യസ്ത രീതിയിലായിരിക്കും. ഇത്‌  ശാസ്ത്രീയമായി  പരിശോധിച്ച് മറഞ്ഞിരിക്കുന്ന വസ്തു ഏതെന്ന് മനസ്സിലാക്കുകയാണ്  പ്രവർത്തനരീതി. 

കളിമണ്ണ്, ലവണാംശം, ​ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, വെള്ളം എന്നിവയുടെ സാന്നിധ്യം ഉപകരണത്തി​ന്റെ ഫലം കുറയ്ക്കും. മണ്ണിനടിയിൽ കാര്യമായി വെള്ളമുണ്ടെങ്കിൽ സിഗ്‌നൽ കിട്ടാനിടയില്ലെന്ന് ഹൈദരബാദ് നാഷണൽ ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് ദിനേശ് കെ സഹദേവൻ പറഞ്ഞു. കവളപ്പാറയിലെ ദുരന്ത സ്ഥലത്തെ പ്രധാന വെല്ലുവിളിയും വെള്ളത്തി​ന്റെ കൂടിയ സാന്നിധ്യമാണ്. ഉരുൾപൊട്ടി അടർന്നുമാറിയ മുത്തപ്പൻ മലയ്‌ക്കടിവാരത്ത്‌ ഒരു തോടുണ്ടായിരുന്നു. മണ്ണു മൂടി ഇത്‌ ഗതിമാറിയൊഴുകുകയാണിപ്പോൾ.


പ്രധാന വാർത്തകൾ
 Top