07 December Saturday

പാവം നാസ ഒന്നും അറിഞ്ഞില്ല ; സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ വലതുപക്ഷമാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ വലതുപക്ഷമാധ്യമങ്ങൾ നുണകളുടെ മലവെള്ളപ്പാച്ചിൽ തന്നെ സൃഷ്‌ടിച്ചു.  അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഡാമുകൾ തുറന്നുമൂലമാണ്‌ കേരളത്തിൽ പ്രളയമുണ്ടായതെന്ന്‌ നാസ  സ്ഥിരീകരിച്ചതായി  മനോരമയുടെയും  ഏഷ്യാനെറ്റിന്റെയും ഓൺലൈൻ എഡിഷനിൽ കൊടുത്ത വാർത്ത.

എന്നാൽ അത്‌ നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വന്ന ലേഖനമല്ലെന്നും അവരുടെ ബ്ലോഗായ എർത്ത്‌ ഒബ്‌സർവേറ്ററിയിൽ  ‘എ ഫ്ലഡ്‌ ഫോർ ദ സെഞ്ച്വറി ഇൻ ഇന്ത്യ’ എന്ന തലക്കെട്ടിൽ  ലേഖനമെഴുതിയ കാഷ പട്ടേൽ എന്ന വ്യക്തിയുടെ അഭിപ്രായം മാത്രമായിരുന്നെന്നും തെളിഞ്ഞു. 2018 ആഗസ്ത്‌ 22 നായിരുന്നു ലേഖനം. അസാധാരണമായ മഴ മൂലം വെള്ളപ്പൊക്കമുണ്ടായി എന്നാണ്‌ ലേഖനത്തിൽ പറയുന്നത്‌ എന്നതാണ്‌ മറ്റൊരു കാര്യം. ‘ ഡാം തുറന്നത്‌ വെള്ളപ്പൊക്കം രൂക്ഷമാക്കി’ എന്നാണ്‌  വാർത്താ റിപ്പോർട്ടുകൾ എന്നു മാത്രം പറഞ്ഞ  ലേഖനത്തെ വളച്ചൊടിച്ചായിരുന്നു നാസയുടെ സ്ഥിരീകരണം എന്ന രീതിയിൽ വാർത്ത അവതരിപ്പിച്ചത്‌. 

കനത്ത മഴയാണ്‌ വെള്ളപ്പൊക്കത്തിനു കാരണമെന്നായിരുന്നു കേന്ദ്ര ജല കമീഷനും ചെന്നെ ഐ ഐടിയും നടത്തിയ പഠനം. ഈ വാർത്തകൾ മൂലയിലൊതുക്കിയാണ്‌ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യം ഇവർ പ്രസിദ്ധീകരിച്ചത്‌. അതുപോലെ കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറി ശാസ്‌ത്രീയ പഠനം നടത്താനുള്ള ഏജൻസിയല്ലെന്ന്‌ അറിഞ്ഞിട്ടും അമിക്കസ്‌ ക്യൂറിയുടെ റിപ്പോർട്ടും മഹാസംഭവമെന്ന തരത്തിൽ സർക്കാരിനെതിരെ മാധ്യമങ്ങൾ ഉപയോഗിച്ചു.

കള്ളക്കഥയ്‌ക്കും പേജ‌് ഒന്നിൽ പരമ്പര
പാലക്കാട‌് മങ്കരയിൽ യുവതി ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതു പോലും സിപിഐ എമ്മിനെ വേട്ടയാടാൻ ഉപയോഗിച്ച‌ു ചില മാധ്യമങ്ങൾ. സിപിഐ എം ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടുത്തി കഥ മെനഞ്ഞത‌് ദിവസങ്ങളോളം. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വേളയിലായിരുന്നു മാധ്യമങ്ങളുടെ നെറികേട‌്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ  നിശബ്ദരായി. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് സമയത്ത് സിപിഐ എമ്മിനെതിരെ ഉപയോഗിക്കാനുള്ള ആയുധമായി ചെർപ്പുളശേരി പീഡനകഥ തുടർച്ചയായി ഒന്നാം പേജിൽ നൽകി. ചാനലുകൾ തുടർചർച്ചയാക്കി. ചെർപ്പുളശേരി പാർടി ഓഫീസിൽ പീഡനം, യുവതി  ഗർഭിണിയായി. എസ‌്എഫ‌്ഐ പ്രവർത്തകയായ യുവതിയെ കോളേജിലെ സഹപാഠിയും എസ‌്എഫ‌്ഐ പ്രവർത്തകനുമായ  യുവാവ‌് സിപിഐ എം ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽവച്ച‌് പീഡിപ്പിച്ചുവെന്ന‌് വാർത്ത.

ഇല്ലാത്ത കരാറിന്റെ പേരിൽ വേട്ട
ഒരേദിവസം മനോരമയും മാതൃഭൂമിയും സിപിഐ എമ്മിനെതിരെ നൽകിയത‌് രണ്ട‌് കള്ളവാർത്ത. ഒറ്റപ്പാലം ലെക്കിടി പേരൂരിൽ കരിങ്കൽ ക്വാറിയിൽ ഖനനം നടത്താൻ ഉടമ സിപിഐ എം ലോക്കൽ കമ്മിറ്റിയുമായി കരാർ ഒപ്പിട്ടുവെന്ന്   മനോരമയും സിപിഐ എം സമരം കാരണം പട്ടിത്തറയിൽ 20 കോടി രൂപയുടെ പദ്ധതി പ്രവാസി വ്യവസായി ഉപേക്ഷിച്ചതായി മാതൃഭൂമിയും. മുസ്ലിംലീഗ‌് ഒറ്റപ്പാലം മണ്ഡലം ജനറൽ സെക്രട്ടറിയും ലെക്കിടി പേരൂർ പഞ്ചായത്ത‌് അംഗവും മുൻ പഞ്ചായത്ത‌് പ്രസിഡന്റുമായ  പി എ ഷൗക്കത്തലി ക്വാറി നടത്താൻ സിപിഐ എമ്മുമായി കരാർ ഒപ്പിട്ടുവെന്നായിരുന്നു ജൂൺ 24ലെ മനോരമയുടെ പ്രധാന  വാർത്ത.

ഏത‌് കമ്മിറ്റിക്കാണ‌് കരാർ നൽകിയതെന്നോ, ആർക്കാണ‌് കരാർ എഴുതിയതെന്നോ ആരാണ‌് എതിർകക്ഷിയായി ഒപ്പിട്ടതെന്നോ വാർത്തയിലും കരാറിലുമില്ല. വ്യാജവാർത്ത നൽകിയതിന‌് ഒറ്റപ്പാലം ഏരിയ കമ്മിറ്റി വക്കീൽ നോട്ടീസും അയച്ചു. എന്നാൽ അത്തരമൊരു കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും അതുമായി ബന്ധമില്ലെന്നും സിപിഐ എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി നൽകിയ വക്കീൽ നോട്ടീസിന‌് പി എ ഷൗക്കത്തലി മറുപടി നൽകി. എന്നാൽ മനോരമ ഇതുവരെ മറുപടി നൽകിയിട്ടില്ല.

പണമില്ലാതെ പദ്ധതി ഉപേക്ഷിച്ചു,  സിപിഐ എമ്മിന്‌ എതിരാക്കി മാതൃഭൂമി
തൃത്താല പട്ടിത്തറയിൽ സിപിഐ എം സമരം കാരണം 20 കോടി രൂപയുടെ പദ്ധതി പ്രവാസി വ്യവസായി  ഉപേക്ഷിച്ചതായി വാർത്ത നൽകാൻ മാതൃഭൂമി അടിസ്ഥാനമാക്കിയത‌് ഒന്നരവർഷം മുമ്പ‌് നടത്തിയ വാർത്താസമ്മേളനം.

ജൂൺ 24നാണ‌്  ‘സിപിഐ എം സമരം കാരണം 20 കോടിയുടെ പദ്ധതി ഉപേക്ഷിച്ചു’വെന്ന‌്  മാതൃഭൂമി വാർത്ത നൽകിയത‌്. 20 കോടി മുതൽ മുടക്കിൽ തുടങ്ങി 200 കോടിയിൽ അവസാനിക്കുന്ന പദ്ധതിക്ക‌് സാമ്പത്തികം കണ്ടെത്താനാണ‌് രഹ‌്ന ഹോംസ‌് ആൻഡ‌് ഡെവലപ്പേഴ‌്സ‌് ഉടമ സക്കീർ ഹുസൈൻ  കുറച്ചു കാലത്തേക്ക് നിർത്തിവച്ചത്.

പൊതുമരാമത്ത‌് റോഡിനോട‌് ചേർന്ന‌് പൂന്തോട്ടം നിർമിച്ചത്‌. ഇത‌് സിപിഐ എം എതിർത്തു. തുടർന്ന‌് സ്ഥലം അളന്ന‌് തിട്ടപ്പെടുത്തുകയും പ്രശ‌്നം പരിഹരിക്കുകയും ചെയ‌്തു. ഇതാണ‌് മാതൃഭൂമി ഒന്നരവർഷത്തിനുശേഷം പുതിയ വാർത്തയായി അവതരിപ്പിത‌്.  എന്തുകൊണ്ടാണ‌് പദ്ധതി ഉപേക്ഷിച്ചതെന്ന‌്  അന്വേഷിക്കുകപോലും ചെയ്യാതെയാണ‌് വാർത്ത നൽകിയതെന്ന‌് സക്കീർ ഹുസൈൻ പ്രതികരിച്ചിട്ടും തിരുത്താൻ മാതൃഭൂമി തയ്യാറായില്ല.

പാർടി ഓഫീസ്‌ വർക്കുഷോപ്പിന‌് അടുത്തായിപ്പോയി
യുവതി ചെർപ്പുളശേരിയിൽ വാടകയ‌്ക്ക‌് താമസിക്കുമ്പോൾ  ഗർഭിണിയായി. അവർ പിന്നീട‌് മങ്കരയിലേക്ക‌് താമസം മാറ്റി. അവിടെ പ്രസവിച്ച കുഞ്ഞിനെ പെരുവഴിയിൽ ഉപേക്ഷിച്ചു. മാർച്ച‌് 16നാണ‌് കുഞ്ഞിനെ ഉപേക്ഷിച്ചത‌്. പിടിക്കപ്പെട്ടപ്പോൾ ചെർപ്പുളശേരി പാർടി ഓഫീസിൽ  യുവാവ‌് പീഡിപ്പിച്ചെന്നും അതിൽ ഗർഭം ധരിച്ചുവെന്നും പൊലീസിന‌് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ സിപിഐ എം ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിന‌ുസമീപം ബൈക്ക‌് വർക്ക‌്ഷോപ് നടത്തുന്ന പുത്തനാൽക്കൽ തട്ടാരുതൊടി പ്രകാശനെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. പ്രകാശനും പാർടിയുമായി ബന്ധമില്ല. ജീവിതത്തിൽ ഇന്നുവരെ പാർടി ഓഫീസിൽ പോയിട്ടില്ലെന്നും പ്രകാശൻ പൊലീസ‌ിന‌് മൊഴി നൽകി. കേസ‌് ഇപ്പോഴും നടക്കുന്നു.

എസ‌്എഫ‌്ഐയുമായി ബന്ധമില്ലാത്ത യുവതി, ഡിവൈഎഫ‌്ഐ അംഗം പോലുമല്ലാത്ത യുവാവ‌്. ഇരുവരും കണ്ടുമുട്ടുന്നത‌് യുവതിയുടെ വീട്ടിൽ. അവിടെവച്ചാണ‌് യുവതിയുമായി ബന്ധപ്പെട്ടതെന്ന‌് പ്രകാശൻ മൊഴി നൽകിയിരുന്നു.

മാധ്യമങ്ങൾ ആഘോഷിച്ചത്‌ ഇങ്ങനെ
കോളേജ‌് മാഗസിൻ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ‌് യുവതി പാർടി ഓഫീസിലെത്തിയതെന്നും മാഗസിനിലേക്ക‌് പരസ്യം പിടിക്കാനാണ‌് പ്രകാശനെ സമീപിച്ചതെന്നും യുവതി നൽകിയ മൊഴി കളവാണെന്ന‌് വ്യക്തമായിട്ടും മാധ്യമങ്ങൾ വിട്ടില്ല.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top