22 August Thursday

അഴിമതിക്കാർ അഴിയെണ്ണുംവരെ സമരം തുടരും: സി എന്‍ മോഹനന്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019


കൊച്ചി
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിക്കാരെ നിയമത്തിനുമുമ്പിൽ എത്തിക്കുംവരെ സമരം തുടരുമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ഉറപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം മേൽപ്പാലം അഴിമതിക്ക് ഉത്തരവാദിയായ ഇബ്രാഹിംകുഞ്ഞ് എംഎൽഎ സ്ഥാനം രാജിവയ്ക്കുക, അഴിമതിക്ക് കാരണക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാലാരിവട്ടത്ത് 23 ദിവസമായി നടന്നുവരുന്ന അനിശ്ചിതകാല സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം കണ്ട ഏറ്റവും വലിയ പകൽക്കൊള്ളയുടെ സാക്ഷ്യപത്രമായി പാലാരിവട്ടം മേൽപ്പാലം മാറി.  കുറ്റക്കാരായവർ എത്ര ഉന്നതരായാലും പിടികൂടുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്. കഴിഞ്ഞ 23 ദിവസമായി ആയിരക്കണക്കിന് ആളുകൾ സമരത്തിൽ അണിനിരന്നു. മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ പൊതുപ്രവർത്തനത്തിന്റെ യഥാർഥ രൂപം ജനങ്ങളിലേക്ക് എത്തിക്കാൻ സമരത്തിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.  മേൽപ്പാലം നിർമാണത്തിലെ അപാകം ലഘുവായി കാണാവുന്ന തെറ്റല്ല.  കോടിക്കണക്കിന് ആളുകൾ വർഷങ്ങളോളം ഉപയോഗിക്കേണ്ട പാലമാണ് അഴിമതിക്കാർ തകർച്ചയുടെ വക്കിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം എബ്രഹാം അധ്യക്ഷനായി.  സിപിഐ എം  സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ‌്‌മണി, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളായ കെ ജെ ജേക്കബ‌്, എം പി പത്രോസ്, പി എം ഇസ്മയിൽ, പി ആർ മുരളീധരൻ, എൻ സി മോഹനൻ, ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി അംഗം അലോഷ്യസ് കൊള്ളാന്നൂർ, എൻസിപി ജില്ലാ പ്രസിഡന്റ് എം എം അശോകൻ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് എൻ എ മുഹമ്മദ് നജീബ്, എൽജെഡി ജില്ലാ പ്രസിഡന്റ് അഗസ്റ്റിൻ കോലഞ്ചേരി, ബി എ അഷ്‌റഫ്, കുമ്പളം രവി, കെ ഡി വിൻസന്റ്, കെ എ മസൂദ്, സി ചാണ്ടി എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top