22 August Thursday

മണ്ണാർക്കാട് എംഇഎസ് കോളേജിലെ റാഗിങ‌് : 2 എംഎസ‌്എഫുകാരെ സസ‌്പെൻഡ‌് ചെയ്തു

വേണു കെ ആലത്തൂർUpdated: Friday Jul 19, 2019

പാലക്കാട്‌
മണ്ണാർക്കാട് എംഇഎസ് കോളേജിൽ റാഗിങ്ങിലൂടെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയുടെ കർണപടം അടിച്ചുതകർത്ത കേസിൽ ഒന്നാംപ്രതി എംഎസ്എഫ് യൂണിറ്റ്‌ കമ്മിറ്റിയംഗം പുലാമന്തോൾ സ്വദേശി മുഹമ്മദ് ഷിബിൽ (20). കോൺഗ്രസ‌് പ്രാദേശിക നേതാവ‌് പാറാങ്കോടൻ സൈനുദ്ദീന്റെ മകനായ ഷിബിൽ  ഒളിവിലാണ്‌.

ഷിബിലിനെയും അവസാനവർഷ ബിരുദവിദ്യാർഥി മണ്ണാർക്കാട് സ്വദേശി ഷാനിദിനെയും (20) പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തു. കണ്ടാലറിയാവുന്ന നാല‌് വിദ്യാർഥികൾക്കെതിരെകൂടി  കേസെടുത്തു. ആന്റി റാഗിങ‌് സെൽ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ ഉൾപ്പെട്ട മറ്റ‌് വിദ്യാർഥികൾക്കെതിരെയും നടപടിയെടുക്കുമെന്ന‌് പ്രിൻസിപ്പൽ ഡോ. ഒ പി സലാഹുദ്ദീൻ അറിയിച്ചു.

ക്രൂരമായ റാഗിങ്ങിലൂടെ എംഎസ‌്എഫുകാർ തല്ലിത്തകർത്തത‌് മുഹമ്മദ് ദിൽഷാദ‌് എന്ന ദേശീയ കായികതാരത്തിന്റെ സ്വപ‌്നങ്ങളെയാണ‌്. ഇടതുചെവിയുടെ കർണപടം തകർന്ന‌് ചികിത്സയിൽ കഴിയുന്ന വുഷു സംസ്ഥാന ചാമ്പ്യന് ഇത്തവണ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകില്ല. കേൾവിശക്തി പൂർവസ്ഥിതിയിലാകാൻ ഇനിയും 20 ദിവസം വേണ്ടിവരും. തിരുവനന്തപുരത്ത്‌ 20, 21 തീയതികളിലാണ്‌ ചാമ്പ്യൻഷിപ‌്. ശനിയാഴ്ച കോഴിക്കോട്ട‌് നടന്ന ജു -ജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ദിൽഷാദ‌് സ്വർണം നേടിയിരുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മെഡൽ പ്രതീക്ഷിച്ചിരുന്നുവെന്നും ദില്‍ഷാദ് പറഞ്ഞു.  


പ്രധാന വാർത്തകൾ
 Top