24 February Sunday

കള്ളക്കഥകൾ പൊളിച്ചടുക്കി പഴുതടച്ച അന്വേഷണം

റഷീദ‌് ആനപ്പുറംUpdated: Thursday Jul 19, 2018

തിരുവനന്തപുരം > അതിരുവിട്ട വിമർശനങ്ങളെ  വകവയ‌്ക്കാതെ പഴുതടച്ച അന്വേഷണവുമായി മുന്നേറിയ കേരള പൊലീസിന‌് മറ്റൊരു പൊൻതൂവൽകൂടി. അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയെ ഉൾപ്പെടെ വലയിലാക്കിയതോടെ  പൊളിച്ചടുക്കിയത‌് ഒരുവിഭാഗം മാധ്യമങ്ങളുടെയും യുഡിഎഫ‌്, ബിജെപി, എസ‌്ഡിപിഐ നേതാക്കളുടെയും  നുണപ്രചാരണങ്ങളെ. അന്വേഷണത്തിൽ തൃപ‌്തിയെന്ന‌് എസ‌്എഫ‌്ഐ‐ഡിവൈഎഫ‌്ഐ നേതാക്കൾ പ്രതികരിച്ചതിനെ പരിഹസിച്ചവരിൽ ചാനൽ ജഡ‌്ജിമാർ തൊട്ട‌് പ്രതിപക്ഷനേതാവ‌് വരെയുണ്ടായിരുന്നു.

യുഡിഎഫ‌് ഭരണകാലത്ത‌് നടന്ന ജിഷ വധം തൊട്ട‌് നടിയെ ആക്രമിച്ച കേസ‌് ഉൾപ്പെടെയുള്ള പ്രമാദമായ കേസിൽ മാത്രമല്ല, എല്ലാ കുറ്റകൃത്യങ്ങളിലും പൊലീസ‌് നടപടി മുഖം നോക്കാതെയായിരുന്നു. കുറ്റം ചെയ്യുന്നവരാരായാലും  നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന  പൊതുനയത്തിന്റെ തുടർച്ചയായിരുന്നു അഭിമന്യു വധക്കേസ‌് അന്വേഷണവും. ശാസ‌്ത്രീയ  അന്വേഷണത്തിലൂടെ പഴുതടച്ച‌് വലവീശുകയായിരുന്നു സംഘം.

കഥ മെനഞ്ഞവരും ആപ്പിലായി

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പലതരം നുണകളാണ‌് കേസന്വേഷണത്തെക്കുറിച്ച‌് ചില മാധ്യമങ്ങൾ പടച്ചുവിട്ടത‌്. മുഖ്യപ്രതി വിദേശത്തേക്ക‌് കടന്നു, അന്വേഷണവിവരം പൊലീസ‌് ചോർത്തുന്നു, പരിശോധനയുടെ മറവിൽ പീഡിപ്പിക്കുന്നു, ഒരുവിഭാഗത്തെ വേട്ടയാടുന്നു, പ്രതികളെ പിടിക്കാത്തതിനുപിന്നിൽ എസ‌്ഡിപിഐ‐സിപിഐ എം    കൂട്ടുകെട്ട‌് എന്നിങ്ങനെ പലതും. ചില മാധ്യമങ്ങൾമുതൽ പ്രതിപക്ഷനേതാവും മുൻ ഹൈക്കോടതി ജഡ‌്ജ‌ി വരെയും കഥകൾ മെനയുമ്പോൾ ഗൗനിക്കാതെ അന്വേഷണസംഘം കേസിലെ മുഖ്യപ്രതിയെക്കൂടി കൃത്യമായ നിരീക്ഷണത്താൽ  അറസ്റ്റ‌്ചെയ‌്തു. അന്താരാഷ്ട്ര  ഭീകരസംഘടനകളുമായിപ്പോലും ബന്ധമുള്ള സംഘം കൊലപാതകികളെ  ഒളിപ്പിക്കാൻ ആസൂത്രണം നടത്തിയെങ്കിലും അതൊക്കെ തകർക്കാൻ അന്വേഷണസംഘത്തിനായി. ആർഎസ‌്എസുകാരൻ കൊല്ലപ്പെട്ടാൽ കണ്ണീരൊഴുക്കുകയും ഉപവസിക്കുകയും ചെയ്യുന്ന യുഡിഎഫും പ്രതിപക്ഷനേതാവും അഭിമന്യു കൊല്ലപ്പെട്ടപ്പോൾ അന്വേഷണത്തെ മാത്രം പഴി പറഞ്ഞ‌് കൊലയാളികൾക്ക‌് പരോക്ഷ പിന്തുണ നൽകുകയായിരുന്നു.  പൊലീസ‌് വേട്ടയാടുന്നുവെന്ന‌് പറഞ്ഞ‌് പ്രതിയുടെ ബന്ധു ഹൈക്കോടതിയെ സമീപിച്ച‌് അന്വേഷണസംഘത്തെ സമ്മർദത്തിലാക്കാൻ നോക്കി. ഇതൊക്കെ അതിജീവിച്ചായിരുന്നു പൊലീസ‌് നീക്കങ്ങൾ.

8 സംഘം; പഴുതടച്ച അന്വേഷണം

കുറ്റാന്വേഷണത്തിൽ മികച്ച ട്രാക്ക‌് റെക്കോഡുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഏട്ട‌് സംഘമായിട്ടായിരുന്നു അന്വേഷണം.  സിറ്റിപൊലീസ‌് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും സജ്ജീകരിച്ചു. പൊലീസ‌് സൈബർ സെല്ലിന്റെയും സൈബർ ഡോമിന്റെയും സഹായം തേടി. സിറ്റി പൊലീസ‌് അസിസ‌്റ്റന്റ‌് കമീഷണർ, കൺട്രോൾ റൂം എസിപി, ആറു സിഐമാർ അടക്കം 54 പൊലീസ‌് ഉദ്യോഗസ്ഥർ ഇതിനുവേണ്ടി മാത്രമായി പ്രവർത്തിച്ചു.  പതിനായിരത്തോളം പേരുടെ അഞ്ചു ലക്ഷത്തോളം ഫോൺവിളികൾ സൂക്ഷ‌്മമായി നിരീക്ഷിച്ചു. പോപ്പുലർ ഫ്രണ്ടിന്റെയും ക്യാമ്പസ‌് ഫ്രണ്ടിന്റെയും വാട‌്സ‌്ആപ‌് ഗ്രൂപ്പുകളും ഫേസ‌്ബുക്ക‌് പോസ‌്റ്റുകളും അവയിലെ സന്ദേശങ്ങ‌ളും  പിടിച്ചെടുത്ത‌് അപഗ്രഥിച്ചു. എസ‌്ഡിപിഐ, പോപ്പുലർ ഫ്രണ്ട‌്, ക്യാമ്പസ‌് ഫ്രണ്ട‌്, വുമൺ ഫ്രണ്ട‌് തുടങ്ങിയ നേതാക്കളുടെ ചലനവും നിരീക്ഷിച്ചു. ആദ്യം പിടികൂടിയവരിൽനിന്നുതന്നെ മുഖ്യപ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന‌് ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് 400ലേറെ പേരെ ക‌സ‌്റ്റഡയിലെടുത്ത‌് ചോദ്യംചെയ‌്തു. പോപ്പുലർ ഫ്രണ്ട‌് നേതാവ‌് നാസറുദ്ദീൻ എളമരത്തിന്റേതടക്കം അഞ്ഞൂറിലേറെ വീടുകളിൽ തെരച്ചിൽ നടത്തി. പ്രതികൾക്കായി മൂന്ന‌് എസ‌്ഐമാരുടെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളെ സംസ്ഥാനത്തിനു പുറത്തേക്ക‌് നിയോഗിച്ചു. ഇത്രയും വലിയ പ്രവർത്തനങ്ങൾക്കൊടുവിലാണ‌് പ്രധാനപത്രി മുഹമ്മദ‌് അടക്കം കൃത്യത്തിൽ നേരിട്ട‌് പങ്കെടുത്ത അഞ്ചുപേരെയും പ്രതികളെ സഹായിച്ച ഏഴുപേരെയും പിടികൂടാൻ പൊലീസിനു കഴിഞ്ഞത‌്‌. പഴുതടച്ച‌്, ശാസ‌്ത്രീയമായ അന്വേഷണമാണ‌് പൊലീസ‌് നടത്തിയത‌്.

പ്രധാന വാർത്തകൾ
 Top