23 July Tuesday

രക്തമൂലകോശം ലഭിച്ചില്ല; അസ‌്നാന്‍ വിടചൊല്ലി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

തൃശൂർ> നാലുലക്ഷംപേർ  രക്തമൂലകോശം ദാനത്തിന് തയ്യാറായിട്ടും അസ്നാനെ രക്ഷിക്കാനായില്ല. രക്താർബുദബാധിതനായ ഈ അഞ്ചു വയസ്സുകാരൻ നാടിനെ കണ്ണീരിലാഴ്ത്തി യാത്രയായി. തൃശൂർ ജില്ലയിലെ പടിയൂർ ഊളക്കൽ വീട്ടിൽ അക്ബർ–-  ഷാഹിന ദമ്പതികളുടെ മകനായ അസ്നാൻ ചൊവ്വാഴ്ച ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ‌് മരിച്ചത്.

ഒന്നരവയസ്സിലാണ് അസ്നാന് രക്താർബുദമാണെന്ന് തിരിച്ചറിഞ്ഞത്. തൃശൂർ, കൊച്ചി, വെല്ലൂർ എന്നിവിടങ്ങളിൽ ചികിത്സ നടത്തി. കൊൽക്കത്ത ടാറ്റാ മെഡിക്കൽ   സെന്റർ ഡയറക്ടർ ഡോ. മാമ്മൻചാണ്ടിയാണ് അസ്നാന്റെ മജ്ജ മാറ്റിവയ്ക്കാൻ നിർദേശിച്ചത്. കുടുംബത്തിൽ ആരുടെയും ഒത്തുവന്നില്ല. രക്ത മൂലകോശം മാറ്റിവയ്ക്കലായിരുന്നു  കുട്ടിയെ രക്ഷിക്കാൻ പോംവഴി. പടിയൂർ പൗരസമിതി രൂപീകരിച്ച് ജനങ്ങൾ ഒറ്റക്കെട്ടായി കുട്ടിയെ രക്ഷിക്കാൻ രംഗത്തിറങ്ങിയിരുന്നു. ജനിതക സാമ്യമുള്ള രക്തമൂലകോശത്തിന‌് ദാതാവിനെ കണ്ടെത്താൻ പടിയൂരിൽ നടത്തിയ ആദ്യ ക്യാമ്പിൽത്തന്നെ 1200ലേറെപ്പേരാണ്  പങ്കെടുത്തത്. 

കേരളത്തിനകത്തും പുറത്തുമായി നൂറിലേറെ ക്യാമ്പുകൾ നടത്തി. നാലുലക്ഷത്തോളംപേർ ദാനത്തിന് തയ്യാറായി. പക്ഷേ, ജനിതകസാമ്യമുള്ളത് ലഭിച്ചില്ല. കുറച്ച് ദിവസങ്ങളായി അസ‌്നാന് അസുഖം മൂർഛിച്ചു. അവസാന ശ്രമമായി പിതാവ് അക്ബറിന്റെ മൂലകോശം പരീക്ഷണാടിസ്ഥാനത്തിൽ മാറ്റിവച്ചെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം ബുധനാഴ്ച പുലർച്ചെ രണ്ടോടെ വീട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. കബറടക്കം പടിയൂർ ജുമാ മസ‌്ജിദിൽ രാവിലെ പത്തിന്. സഹോദരി: അഷ്ന. 

രക്തദാനംപോലെതന്നെ എളുപ്പവും സുരക്ഷിതവുമാണ് രക്ത മൂലകോശദാനം. മജ്ജയിലാണ് മൂലകോശങ്ങൾ ഉണ്ടാവുക. ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ ലഭിച്ചാൽ മാത്രമേ ഇത് മാറ്റിവയ്ക്കാനാവൂ. പതിനായിരത്തിൽ ഒന്നു മുതൽ പത്തുലക്ഷത്തിൽ ഒന്നുവരെയാണ് പൊരുത്തമുള്ള മൂലകോശം ലഭ്യമാകാനുള്ള സാധ്യത.


പ്രധാന വാർത്തകൾ
 Top