17 November Sunday

റബർ 150 കടന്നു; കിട്ടാനില്ല

സിബി ജോർജ‌്Updated: Wednesday Jun 19, 2019


റബർ വില കിലോയ്‌ക്ക‌് 150 പിന്നിട്ടെങ്കിലും കർഷകർക്ക‌് മെച്ഛം കിട്ടുന്നില്ല. ഉൽപാദനക്കുറവും  വൻകിട റബർ കമ്പനികളുടെ സ‌്റ്റോക്ക‌ിലുള്ള കുറവുമാണ‌് ഇപ്പോഴത്തെ വിലക്കയറ്റത്തിന‌് കാരണമെന്നാണ‌് റബർ ബോർഡിന്റെ വിലയിരുത്തൽ. ചെലവ‌് ഭയന്ന‌് മഴക്കാലത്ത‌് മഴ മറയിട്ട‌്  ടാപ്പിങ‌ിന‌് കർഷകരും ശ്രമിച്ചില്ല. ഇതോടെ വിപണിയിലേക്ക‌് റബറിന്റെ വരവ‌് പാടെ കുറഞ്ഞു.

തിങ്കളാഴ‌്ച റബർബോർഡ‌് പ്രസിദ്ധീകരിച്ച വിലപ്പട്ടികയിൽ ആർഎസ‌്എസ‌് നാലിന‌് 152. 50 രൂപയും ആർഎസ‌്എസ‌് അഞ്ചിന‌് 149 രൂപയുമാണ‌് വില. വ്യാപാരി വില യഥാക്രമം 148 വരെയാണ‌്. പോയവർഷത്തേക്കാൾ ശരാശരി 25 രൂപയുടെ വർധനയുണ്ട‌്. കഴിഞ്ഞ ജൂണിൽ ഒന്നാംഗ്രേഡായ ആർഎസ‌്എസ‌് നാലിന‌്  126.46 രൂപയായിരുന്നു. ആർഎസ‌്എസ‌് അഞ്ചിന‌് 122.63 രൂപയും.

ആഭ്യന്തര വിപണിയിലും കമ്പനികൾക്ക‌് റബർ കിട്ടാനില്ല. റബർ ബോർഡ് നൽകുന്നതിനേക്കാൾ അഞ്ച് രൂപവരെ കൂട്ടി നൽകാൻ ടയർ കമ്പനികൾ തയ്യാറായിട്ടും വിപണിയിൽ ചലനമില്ല. ഇനി മാറ്റം അനുഭവപ്പെടാൻ രണ്ടാഴ‌്ചയെങ്കിലും വേണ്ടിവരുമെന്നാണ‌് വിലയിരുത്തൽ. വില വർധന കണക്കിലെടുത്ത‌് കർഷകർ മരത്തിന‌് മഴമറ സ്ഥാപിച്ച‌് ടാപ്പിങ‌് തുടങ്ങണം.  കഴിഞ്ഞമാസം മഴമറ ഇടേണ്ടതായിരുന്നെങ്കിലും അധികബാധ്യത ഭയന്ന‌് ഭൂരിപക്ഷം കർഷകരും ഇതിന‌് തയ്യാറായിരുന്നില്ല.
2017 ജൂണിലാണ‌് ഒരിടവേളയ്ക്ക് ശേഷം റബർ വില 150 കടന്നിരുന്നത്.

അന്ന് 165 രൂപ വരെയെത്തിയ വില പിന്നീട‌് 110 ലേക്ക് താഴ്ന്നു. റബർ ഉൽപാദക രാജ്യങ്ങളിലെല്ലാം ഇപ്പോൾ മഴക്കാലമാണ‌്. ഇത‌് ഉൽപാദനത്തെ ബാധിച്ചെന്ന‌് റബർബോർഡ‌് ഡെപ്യൂട്ടി ഡയറക്ടർ എം ജി സതീഷ‌്ചന്ദ്രൻനായർ പറഞ്ഞു. 

മലേഷ്യയിൽമാത്രം 30 ശതമാനമാണ‌് കുറവ‌്. ഇന്ത്യയിൽ പ്രതിവർഷം ഒമ്പത‌് ലക്ഷം ടൺ ഉൽപാദിപ്പിക്കാൻ ശേഷിയുണ്ടെങ്കിലും ഇത‌് നാലര–-അഞ്ച‌് ലക്ഷം ടണ്ണായി. ഈ സാമ്പത്തിക വർഷം 7.5 ലക്ഷം ടൺ ഉല്പാദനം പ്രതീക്ഷിക്കുന്നു. വില ഉയർന്നതോടെ,  കർഷകർ ടാപ്പിങ‌് പുനരാരംഭിച്ചാൽ ഉൽപാദനം വർധിക്കുമെന്നാണ‌് റബർബോർഡിന്റെ കണക്കുകൂട്ടൽ. ക്രൂഡ‌്ഓയിൽ വില ഉയരുന്നത‌് കൃത്രിമ റബറിന്റ ഉൽപാദന ചെലവ‌് കൂട്ടും.

കൃത്രിമ റബറിനു പകരം സ്വാഭാവിക റബറിന്റെ സംഭരണം കൂട്ടാൻ ഇത‌് കാരണമാകുമെന്നും സതീഷ‌്ചന്ദ്രൻനായർ പറഞ്ഞു. രാജ്യാന്തര വിപണി വിലയിൽ ചാഞ്ചാട്ടമുള്ളതിനാൽ  നികുതിയടക്കം കൂട്ടിയാൽ ആഭ്യന്തര വിപണിയാണ് കമ്പനികൾക്ക് ലാഭം. എന്നാൽ, ഈ വിലക്കയറ്റം സ്ഥിരമാകില്ലെന്ന മുൻ അനുഭവത്തിലാണ‌്  കർഷകരും വ്യാപാരികളും.  

വില സ്ഥിരതയില്ലെങ്കിൽ കാര്യമില്ല
കുറഞ്ഞത‌് ഒരുവർഷമെങ്കിലും വില ഉയർന്നുനിൽക്കാതെ റബർ കർഷകർ തിരിച്ചുവരില്ലെന്ന‌് റബർ വ്യാപാരിയായ കൂരോപ്പട കണിയാംപറമ്പിൽ റബേഴ‌്സ‌് ഉടമ കെ ജി സലി പറഞ്ഞു. ചിലപ്പോഴൊക്കെ വില കൂടാറുണ്ട‌്‌. എന്നാൽ, സ്ഥിരതയില്ല. മൊത്ത വ്യാപാരികൾ റബർ സംഭരിക്കാൻ ഭയപ്പെടുന്നുണ്ട‌്. കൂടിയ വിലയ‌്ക്ക‌് റബർ എടുത്തിട്ട‌് നഷ്ടം വരുമെന്ന പേടിയിലാണ‌് വ്യാപാരികൾ. വില കൂടിയിട്ടും വിപണിയിൽ റബർ എത്തുന്നില്ല. സീസൺ സമയത്ത‌് ദിവസം ഒന്നരമുതൽ രണ്ട‌് ടൺവരെ റബർ കടയിൽ കിട്ടുന്നിടത്ത‌് ഇപ്പോൾ 100 കിലോയിൽ താഴെയാണ‌് ശേഖരിക്കുന്നതെന്നും സലി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top