കൊച്ചി
‘ഞാൻ ഒരു പൂമ്പാറ്റ, ആദ്യം പുഴുവായി, പിന്നെ സന്ന്യാസിയായി, പൂക്കളിൽ പാറിനടക്കും ഞാൻ, പൂന്തേൻ കുടിച്ച് രസിക്കും ഞാൻ, പുള്ളിയുടുപ്പുള്ള എന്നെ കാണാൻ നല്ല ഭംഗിയില്ലേ?' കൊച്ചു കവയിത്രി ശിവാനി എഴുതിയ വരികളാണിത്. അങ്കണവാടിമുതൽ എഴുതിത്തുടങ്ങിയ ശിവാനിയുടെ ആദ്യ കവിതാസമാഹാരം ‘പൂമ്പാറ്റ’ പുറത്തിറങ്ങി.
ഓണവും മഴയും വാഴയും പൂമ്പാറ്റയുമെല്ലാം കവിതകളായി ‘പൂമ്പാറ്റ'യിൽ ഇടംപിടിച്ചു. ഇപ്പോൾ മൂന്നാംക്ലാസ് വിദ്യാർഥിനിയായ ശിവാനിയുടെ ആറു കവിതയും നാലു കഥയും ഒരു അനുഭവക്കുറിപ്പുമാണ് ‘പൂമ്പാറ്റ'യിലുള്ളത്. വായനദിനത്തിനു മുന്നോടിയായി നോർത്ത് അടുവാശ്ശേരി ഗ്രാമീണ വായനശാലയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. നോവലിസ്റ്റ് കെ എൽ മോഹനവർമ പ്രകാശിപ്പിച്ചു. നോർത്ത് അടുവാശേരി ആശാരിപ്പറമ്പ് പ്രദീപിന്റെയും പ്രിയയുടെയും മകളാണ് ശിവാനി. കുറ്റിപ്പുഴ ഗവ. ജൂനിയർ ബേസിക് സ്കൂൾ വിദ്യാർഥിനിയാണ്. ആറാംക്ലാസുകാരൻ കൃഷ്ണജിത്തുവാണ് സഹോദരൻ.