16 July Thursday

വായ പോയ കോടാലിയായി പ്രതിപക്ഷം; ആക്ഷേപം പിഴുതെറിഞ്ഞ്‌ മുഖ്യമന്ത്രി

പ്രത്യേക ലേഖകൻUpdated: Tuesday May 19, 2020


സർക്കാരിന്റെ പ്രതിച്ഛായ കൂട്ടാൻ പിആർ ഏജൻസികളെ  ആശ്രയിച്ചെന്നതുമുതൽ എസ്‌എസ്‌എൽസി പരീക്ഷയ്‌ക്ക്‌ എതിരെവരെയുള്ള  പ്രതിപക്ഷ  ആക്ഷേപങ്ങളെ വേരോടെ പിഴുതെറിഞ്ഞ്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ്‌ പ്രതിരോധ  പ്രവർത്തനങ്ങളിലെ രാഷ്‌ട്രീയക്കളിക്ക്‌ എസ്‌എസ്‌എൽസി പരീക്ഷയും ആയുധമാക്കാനുള്ള പഴുതുതേടിയ പ്രതിപക്ഷനീക്കത്തിന്‌ ഇത്‌ കനത്ത തിരിച്ചടിയായി.  വിദ്യാർഥികളിലും രക്ഷിതാക്കളിലും ഇല്ലാത്ത ആശങ്ക ഉണ്ടെന്നുവരുത്തി മുതലെടുപ്പ്‌ നടത്താനാണ്‌ ശ്രമം. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സംയുക്ത വാർത്താസമ്മേളനം നടത്തിയാണ്‌ പരീക്ഷ മാറ്റിവയ്‌ക്കണമെന്ന ആവശ്യം ഉന്നയിച്ചത്‌. എസ്‌എസ്‌എൽസി, പ്ലസ്‌വൺ, പ്ലസ്‌ടു എന്നിവയിൽ രണ്ടുവീതം പരീക്ഷയാണ്‌  ശേഷിക്കുന്നത്‌.  അതുകൂടി പൂർത്തിയാക്കി വിദ്യാഭ്യാസമേഖലയെ  പതിയെ ചലനാത്മകമാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. അതിന്‌ തടയിടുകയാണ്‌ പ്രതിപക്ഷശ്രമം. 


 

എന്നെ ഈ നാടിനറിയാം
പ്രതിച്ഛായ വർധിപ്പിക്കാൻ പിആർ ഏജൻസികളുടെ സഹായം തേടിയെന്നത്‌ രമേശ്‌ ചെന്നിത്തലയുൾപ്പെടെയുള്ളവരുടെ കുറെ നാളായുള്ള മുറുമുറുപ്പാണ്‌. അതേപ്പറ്റിയുള്ള ചോദ്യത്തിന്‌ ‘നിങ്ങൾ(വാർത്താലേഖകർ) ഒരുപാട്‌ ചോദ്യങ്ങൾ ചോദിക്കുന്നല്ലോ. ഞാൻ അതിനെല്ലാം മറുപടി പറയുന്നത്‌ പിആർ ഏജൻസിയെ ബന്ധപ്പെട്ടാണോ?   എന്നെ ഈ നാടിന്‌ അറിയില്ലേ?’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ബാറുകളിലെ കൗണ്ടറുകളിലൂടെയുള്ള മദ്യവിൽപ്പന കേരളത്തിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. അതിനുമുമ്പേ സർക്കാരിന്‌ കോടികളുടെ വരുമാന നഷ്ടം പ്രവചിച്ച്‌ മനോരമയും പ്രതിപക്ഷവും രംഗത്തെത്തി. ബാറുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആക്ഷേപം അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ മറുപടി ആരോപണത്തിന്റെ മുനയൊടിച്ചു. വിദേശമദ്യ ചില്ലറവിൽപ്പന പൂർണമായും സർക്കാർ നിയന്ത്രണത്തിലാക്കിയത്‌ 1996ലെ നായനാർ സർക്കാരാണ്‌. 1995ൽ ആന്റണി ചാരായം നിരോധിച്ച സമയത്തുപോലും സ്വകാര്യമേഖലയിലെ ചില്ലറവിൽപ്പന തടഞ്ഞില്ല.

‘സാമാന്യബുദ്ധിയുള്ളവർ അങ്ങനെ പറയില്ല’
പിആർ ഏജൻസിയുടെ ഉപദേശം തേടിയാണ്‌ താൻ മാധ്യമങ്ങളോട്‌ സംസാരിക്കുന്നതെന്ന്‌ സാമാന്യബുദ്ധിയുള്ളവർ പറയില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ ഈ നാടിന്‌ അറിയാമെന്നും പ്രതിപക്ഷത്തിന്റെ ആരോപണത്തെക്കുറിച്ച്‌ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. 

‘നിങ്ങളും ഞാനും കുറച്ചുകാലമായി കയിലും കുത്തി ഇവിടെയുണ്ടല്ലോ. നമ്മൾ തമ്മിൽ കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്നല്ലോ. നിങ്ങൾ ഒരുപാട്‌ ചോദ്യങ്ങൾ ചോദിക്കുന്നില്ലേ. ഞാൻ ഏതെങ്കിലും പിആർ ഏജൻസിയെ ബന്ധപ്പെട്ടിട്ടാണോ അതിന്‌ മറുപടി നൽകുന്നത്‌. അതിനുള്ള ഉപകരണങ്ങളൊന്നും എന്റെ ചെവിട്ടിലില്ലല്ലോ. ഞാൻ സ്വതന്ത്രനായി നിൽക്കുകയല്ലേ. ഏതെങ്കിലും ചോദ്യത്തിന്‌ മറുപടി നൽകാതിരിക്കുന്നുണ്ടോ. ഇത്തരം കാര്യങ്ങൾ ഏറ്റെടുത്ത്‌ പറയാൻ നിങ്ങൾ തയ്യാറാകുന്നല്ലോ എന്ന ദൗർഭാഗ്യം മാത്രമേയൂള്ളൂ–- മുഖ്യമന്ത്രി പറഞ്ഞു.

എല്ലാത്തിനെയും എതിർക്കാൻ   പുറപ്പെട്ടാൽ മറ്റൊന്നും ചെയ്യാനില്ല
എല്ലാത്തിനെയും എതിർക്കാൻ ചിലർ പുറപ്പെട്ടാൽ മറ്റൊന്നും ചെയ്യാനില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാട്‌ ദുരിതത്തെ നേരിടുമ്പോൾ അതിന്റെ ഭാഗമായി ചില നടപടി വേണ്ടിവരും. പകുതി യാത്രക്കാരെ മാത്രമേ കയറ്റാനാകൂ എന്ന സാഹചര്യത്തിലാണ്‌ കോവിഡ്‌ കാലത്തേക്ക്‌ മാത്രമായി ബസ്‌ ചാർജ്‌ വർധിപ്പിച്ചത്‌. ജനങ്ങൾക്കുവേണ്ടിയാണ്‌ ഇത്‌‌. ഈ കാലത്ത്‌ സർക്കാർ എന്ത്‌ കൊയ്‌ത്ത്‌ നടത്തുന്നുവെന്നാണ്‌ പറയുന്നത്‌.  ബസ്‌ ഓടുമ്പോൾ മൂന്നുമാസത്തെ നികുതി വേണ്ടെന്നാണ്‌ സർക്കാർ പറഞ്ഞത്‌. ഓട്ടോറിക്ഷയിൽ ആളെണ്ണം അനുസരിച്ചല്ല നിരക്ക്‌. അതിനാൽ അധിക തുക വാങ്ങരുത്‌. ബാറുകൾ വഴി മദ്യംവിൽക്കുന്നതിൽ അഴിമതിയുണ്ടെന്ന്‌ ചിലർ പറയുന്നത്‌ പഴയ ശീലം വച്ചാണെന്നും തങ്ങൾക്കത്‌ ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവകക്ഷിയോഗം ആവശ്യമുള്ളപ്പോൾ വിളിക്കാൻ തടസ്സമൊന്നുമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top