22 September Sunday

നിറകൺചിരിയോടെ മകൾക്ക‌് അച്ഛ​ന്റെ സല്യൂട്ട‌്; അരയ‌്ക്കുതാഴെ നിശ‌്ചലമായ കിടപ്പിലും മകളെ അനുഗ്രഹിച്ച്‌ ചന്ദ്രൻ

ജോബിന്‍സ് ഐസക്‌Updated: Monday May 20, 2019

മലപ്പുറം > കേരള പൊലീസിന്റെ യൂണിഫോമണിഞ്ഞ‌് മകൾ ചാന്ദ‌്നി അരികിലെത്തിയപ്പോൾ ചന്ദ്രന്റെ മുഖത്ത‌്  ആശ്വാസപുഞ്ചിരി വിടർന്നു... പതിനേഴുവർഷത്തെ ഇടവേളക്കുശേഷം. മുണ്ടേരി അപ്പൻകാപ്പ‌് ആദിവാസി കോളനിയിലെ കൊച്ചുകൂരയിലെ മരക്കട്ടിലിൽ അരയ‌്ക്കുതാഴെ നിശ‌്ചലമായ ആ  കിടപ്പിലും അയാൾ മകളെ കൈനീട്ടി തലയിൽ തൊട്ട് അനുഗ്രഹിച്ചു.   ജോലിക്കിടെ മരത്തിൽനിന്ന് വീണ‌് തളർന്ന‌് കിടപ്പിലായ  നാളുകൾക്കിടെ മുമ്പൊരിക്കലും ചന്ദ്രന്റെ മുഖം ഇതുപോലെ തെളിഞ്ഞിട്ടില്ല. ‘അച്ഛൻ വിഷമിക്കേണ്ട ഞാൻ വലുതായാൽ ഒരു നല്ല ജോലി നേടി വീട്ടിലെ കാര്യം നോക്കും'–- പിതാവിനുനൽകിയ വാക്ക‌് മകൾ  പാലിച്ചിരിക്കുന്നു. പരിശീലനം പൂർത്തിയായി പുറത്തിറങ്ങിയ  സംസ്ഥാന പൊലീസ‌് സേനയുടെ പ്രത്യേക ബാച്ചിൽ അംഗമാണ‌് എടക്കര മുണ്ടേരി അപ്പൻകാവ‌് കോളനിയിലെ ചന്ദ്രന്റെയും ലീലയുടെയും മകൾ ചാന്ദ‌്നി.

ആദിവാസി, ഗോത്ര വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്കുള്ള ബാച്ചിലെ 74 പേരിൽ ഒരാൾ. ‘രാജ്യത്തിന‌് അഭിമാനമായി പൊലീസ‌് സേനയിൽ കടമ നിറവേറ്റും'–- അച്ഛന്റെ കരംപിടിച്ച‌് ചാന്ദ‌്നിയുടെ ഉറപ്പ‌്.

2002ൽ വയനാട്ടിലെ തോട്ടത്തിൽ മരക്കൊമ്പ‌് മുറിച്ചിടുന്നതിനിടെ താഴെവീണ ചന്ദ്രൻ രണ്ടര വർഷത്തോളം കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചാന്ദ‌്നിക്ക‌് അന്ന‌് പത്തുവയസ‌് പ്രായം. ഇളയകുട്ടി ആരതിക്ക‌് ആറുമാസവും. എന്നാൽ ലീല തളർന്നില്ല. അടയ‌്ക്ക പെറുക്കിയും തൊഴിലുറപ്പ‌് ജോലിചെയ‌്തും അവർ കുടുംബംപോറ്റി. മക്കൾ നാലുപേരെയും മുടങ്ങാതെ സ‌്കൂളിൽ വിട്ടു. നിലമ്പൂർ മാനവേദൻ സ‌്കൂളിൽനിന്നാണ‌് ചാന്ദ‌്നി  പ്ലസ്ടു പാസായത‌്.  അനുജത്തി ആതിര പത്താം ക്ലാസ‌് പാസായി. ഇളയവൾ ആരതി ഒമ്പതിലേക്ക‌് ജയിച്ചു.  അപ്പൻകാപ്പ‌് കോളനിയിലെ സുധീഷിനും ഈ ബാച്ചിൽ  നിയമനം ലഭിച്ചിട്ടുണ്ട‌്.   പ്രത്യേക നിയമനംവഴി തെരഞ്ഞെടുത്ത 74 കോൺസ‌്റ്റബിൾമാരിൽ എട്ട‌് പേർ നിലമ്പൂരിൽനിന്നാണ‌്.  വീടിനടുത്തുതന്നെ നിയമനം നൽകുമെന്ന സർക്കാർ പ്രഖ്യാപനം എല്ലാവർക്കും ഇരട്ടിമധുരമായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top