21 August Wednesday

‘‘സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളാൽ ചരിത്രത്തിൽ അടയാളപ്പെടുത്തിയ മണ്ണാണിത‌്. ഈ തെരഞ്ഞെടുപ്പിലും സുനീറിനെ വിജയിപ്പിച്ച‌് വയനാട‌് പുത്തനേട‌് രചിക്കും

പി ഒ ഷീജUpdated: Friday Apr 19, 2019


ബത്തേരി
സമയം കാലത്ത‌് 10 മണി. ടിപ്പുവിന്റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളാൽ വീരേതിഹാസം രചിച്ച ബത്തേരി നഗരം  മറ്റൊരു ചരിത്രനിമിഷത്തിനായി വെമ്പൽകൊള്ളുകയാണ‌്. വർഗീയതയ‌്ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന ഇടതുപക്ഷത്തിന്റെ അമരക്കാരൻ സീതാറാം യെച്ചൂരിയെന്ന ജനനായകനെ കാത്ത‌് വൻജനാവലി അവിടെ തടിച്ച‌ുകൂടിയിട്ടുണ്ട‌്. വയനാട‌് എൽഡിഎഫ‌് സ്ഥാനാർഥി പി  പി സുനീറിന്റെ തെരഞ്ഞെടുപ്പ‌ുവിജയത്തിനായി സംഘടിപ്പിച്ച പൊതുയോഗത്തിനാണ‌്  യെച്ചൂരി  എത്തുന്നത‌്.  ഇളംതണുപ്പ‌ുവിട്ട‌്  കത്തുന്ന ചൂടിലേക്ക‌് മാറുന്ന മേട വെയിൽ അവഗണിച്ച‌് ആയിരങ്ങൾ ബത്തേരി ഗാന്ധി ജങ‌്ഷനിലെ  പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക‌് ഒഴുകിയെത്തി. പൊതുയോഗം തുടങ്ങുംമുമ്പ‌് ഏതാനും കലാകാരന്മാർ ചേർന്ന‌് നാടൻപാട്ട‌് അവതരിപ്പിക്കുന്നു. ‘ജാതീം മതോം നോക്കി... ചേരിതിരിഞ്ഞ‌്... ചോര ചിന്തിടല്ലേ നാട്ടാരേ...’ സദസ്സിന‌് ആവേശംപകർന്ന‌് നാടൻപാട്ടിന‌ുശേഷം ഓട്ടൻതുള്ളലുമായി മറ്റൊരു കലാകാരനെത്തി.
‘സംഘികൾ നാട‌് ഭരിച്ചൊരു കാലം. സങ്കടമല്ലാതെന്തുര ചെയ്യാൻ...’ 


വയനാടൻ ചുരംതാണ്ടി സഖാവ‌് ഏതാനും നിമിഷങ്ങൾക്കുള്ളിൽ എത്തുമെന്ന‌് അറിഞ്ഞതോടെ പൊതുയോഗ നടപടികൾ ആരംഭിക്കുകയായി. മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസംഗത്തിന‌ുശേഷം ലോക‌് താന്ത്രിക‌് ജനതാദൾ നേതാവ‌് എം പി വീരേന്ദ്രകുമാർ സംസാരിക്കുന്നതിനിടെ പുറത്ത‌്  ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളുടെ ആരവം –-‘കണ്ണേ കരളേ യെച്ചൂരി, ഞങ്ങടെ  നെഞ്ചിലെ റോസാപ്പൂവേ’.  കമ്യൂണിസ‌്റ്റ‌് പാർടി ഓഫ‌് ഇന്ത്യ മാർക‌്സിസ‌്റ്റിന്റെ  അനിഷേധ്യ നേതാവ‌് സഖാവ‌് സീതാറം യെച്ചൂരി  മന്ദസ‌്മിതത്തോടെ കാറിൽ നിന്നിറങ്ങി വന്നു. എൽഡിഎഫ‌് പാർലമെന്റ‌് മണ്ഡലം കമ്മിറ്റി ചെയർമാൻ സി കെ ശശീന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, വി വി ബേബി, പി കൃഷ‌്ണപ്രസാദ‌് തുടങ്ങിയവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ പൂമാലയിട്ട‌് സ്വീകരിച്ചു. തുടർന്ന‌് എൽഡിഎഫ‌് പ്രവർത്തകരുടെ തൊണ്ട പൊട്ടുമാറുള്ള മുദ്രാവാക്യം വിളികൾ. വിപ്ലവനായകനെ പൊതുയോഗസ്ഥലത്ത‌് തടിച്ച‌ുകൂടിയ ആയിരങ്ങൾ ആവേശപൂർവം എതിരേറ്റു. വേദിയിലെത്തി സദസ്സിനെ കൈവീശി അഭിവാദ്യംചെയ‌്തു. തുടർന്ന‌് വയനാട‌് ലോക‌്സഭാ മണ്ഡലം സ്ഥാനാർഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ‌് മാനിഫെസ‌്റ്റോ എം പി വീരേന്ദ്രകുമാറിന‌ു നൽകി പ്രകാശനം.

അധ്യക്ഷൻ പ്രസംഗത്തിന‌ു വിളിച്ചതോടെ സദസ്സിനെ അഭിവാദ്യംചെയ‌്ത‌് പുഞ്ചിരിയോടെ  മലയാളത്തിൽ പ്രസംഗം തുടങ്ങി. പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ... എനിക്ക‌് മലയാളം അരിയില്ല... എന്റെ മാതൃഭാഷ തെലുഗാണ‌്. സഖാവ‌് സിന്ധു പ്രസംഗം പരിഭാഷപ്പെടുത്തും. തുടർന്ന‌് ലളിതമായ ഇംഗ്ലീഷിൽ പ്രസംഗം തുടരുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ ആർ സിന്ധു പരിഭാഷകയായി.

‘‘സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളാൽ ചരിത്രത്തിൽ അടയാളപ്പെടുത്തിയ മണ്ണാണിത‌്. ബ്രിട്ടീഷ‌് സാമ്രാജ്യത്വത്തെ അറബിക്കടലിലെറിയുന്നതിന‌് പോരാടിയ ടിപ്പു സുൽത്താന്റെ ആയുധപ്പുരയായിരുന്നു ബത്തേരി. ഈ തെരഞ്ഞെടുപ്പിലും സുനീറിനെ വിജയിപ്പിച്ച‌് ആധുനിക ജനാധിപത്യ ചരിത്രത്തിലും വയനാട‌്  പുത്തനേട‌് രചിക്കും.’’–-സദസ്സിൽനിന്ന‌് കാതടപ്പിക്കുന്ന കരഘോഷം. കൈയടിക്കൊപ്പം യെച്ചൂരി പതുക്കെ രാജ്യത്തിന്റെ  രാഷ‌്ട്രീയ സ്ഥിതിഗതികളിലേക്ക‌് സദസ്സിനെ കൊണ്ട‌ുപോകുന്നു. മോഡി സർക്കാരിന്റെ വർഗീയതയും രാജ്യം നേരിടുന്ന തകർച്ചയുമെല്ലാം ലളിതമായ ഭാഷയിൽ വിവരിക്കുമ്പോൾ പരിഭാഷകയുടെ സഹായമില്ലാതെ തന്നെ  സദസ്സ‌് കൈയടിക്കുന്നു. ബിജെപിക്കെതിരെ മത്സരിക്കാതെ ഇടതുപക്ഷത്തിനെതിരെ വയനാട്ടിൽ  മത്സരിക്കുമ്പോൾ രാഹുൽ എന്ത‌ു സന്ദേശമാണ‌് നൽകുന്നത‌്. അമ്മ ബെല്ലാരിയിലും മുത്തശ്ശി ചിക‌്മഗ‌ളൂരുവിലും മത്സരിച്ചില്ലേ. അത‌ുപോലെ രാഹുലിനും എന്തുകൊണ്ട‌് കർണാടകയിലോ തമിഴ‌്നാട്ടിലോ മത്സരിച്ച‌ുകൂടാ... അര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ബിജെപിക്കും കോൺഗ്രസിനുമെതിരെ യെച്ചൂരി കത്തിക്കയറി. രാജ്യത്ത‌് ഇടത‌ുപക്ഷം അധികാരത്തിൽ എത്തേണ്ടതിന്റെ പ്രസക്തി പറഞ്ഞാണ‌് പ്രസംഗം അവസാനിപ്പിച്ചത‌്.

തുടർന്ന‌് ബത്തേരി നഗരം ഇളക്കിമറിച്ച റോഡ‌് ഷോയിലും ജനനായകൻ പങ്കെടുത്തു. നഗരത്തെ ചെങ്കടലാക്കിയ റോഡ‌് ഷോയിൽ യെച്ചൂരിയുടെ സാന്നിധ്യം ആവേശംപകർന്നു. റോഡിന്റെ ഇരുഭാഗത്തും കെട്ടിടങ്ങളുടെ മുകളിലും അദ്ദേഹത്തെ കാണാൻ തടിച്ച‌ുകൂടിയ ജനാവലിക്ക‌ുനേരെ പുഞ്ചിരിയോടെ കൈവീശിയാണ‌് അദ്ദേഹം കടന്ന‌ുപോയത‌്. തുടർന്ന‌് വണ്ടൂരിൽ നടന്ന പൊതുയോഗത്തിലും റോഡ‌് ഷോയിലും യെച്ചൂരി പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top