30 May Saturday

സ്വകാര്യ ആശുപത്രികൾക്ക്‌ കർശന നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

എറണാകുളത്ത്‌ റെയിൽവേ സ്‌റ്റേഷനിലെ സഹായകേന്ദ്രം


കൊച്ചി
വിദേശത്തുനിന്ന്‌ ആരെങ്കിലും പനിയുടെ ലക്ഷണങ്ങളുമായി എത്തിയാൽ കോവിഡ്‌–-19 കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന്‌ ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്ക്‌ നിർദേശം. ഇങ്ങനെയുള്ളവരെ ആരോഗ്യവകുപ്പ്‌ നിർദേശിക്കുന്ന സർക്കാർ ആശുപത്രിയിൽ മാത്രമേ അയക്കാവൂ. വാഹനസൗകര്യവും വകുപ്പ് നൽകും. എന്നാൽ, മുഴുവൻ പനിയും കോവിഡ്‌–-19 ലക്ഷണമായി കാണരുത്‌. രോഗികളുടെ 14 ദിവസത്തെ യാത്രകളും മറ്റും പരിശോധിച്ചാണ് അത്‌ തീരുമാനിക്കേണ്ടത്. ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ജില്ലാ ഭരണകേന്ദ്രം നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ്‌ നിർദേശങ്ങൾ നൽകിയത്‌.

അസി. കലക്ടർ എം എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു വീഡിയോ കോൺഫറൻസിങ്‌. 92 ആശുപത്രി പ്രതിനിധികൾ പങ്കെടുത്തു. സ്വകാര്യ ആശുപത്രികളുടെ ആശങ്കകൾക്കും പരാതികൾക്കും ലോകാരോഗ്യസംഘടനയുടെ കൺസൾട്ടന്റ്‌ ഡോ. പി എസ്‌ രാഗേഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സവിത, ഡോ. മാത്യൂസ് നമ്പേലി, ഡോ. നിഖിലേഷ് എന്നിവർ മറുപടി നൽകി.

മഹാമാരിയെ പ്രതിരോധിക്കാൻ സ്വകാര്യ ആശുപത്രികളുടെ സഹകരണം എം എസ് മാധവിക്കുട്ടി അഭ്യർഥിച്ചു. ശ്വാസതടസ്സം പോലുള്ള അസുഖമുള്ളവർ ആശുപത്രിയിൽ എത്തിയാൽ മാസ്കോ തൂവാലയോ നിർബന്ധമായും നൽകണം. കൈകൾ ശുചിയാക്കാൻ സൗകര്യമൊരുക്കണമെന്നും ഡോ. രാഗേഷ് പറഞ്ഞു. വീട്ടിൽ വിദേശത്തുനിന്നുവന്ന ആരെങ്കിലും ഉണ്ടെങ്കിൽ ജോലിക്കുവരാമോ എന്ന സംശയമാണ് പലരും ഉന്നയിച്ചത്. ഇത്തരത്തിലുള്ള നേഴ്സുമാരും ഡോക്ടർമാരും വ്യക്തിശുചിത്വം പാലിച്ച്‌ ജോലിക്ക് വരുന്നതിൽ തടസ്സമില്ല. മറ്റുള്ളവരിൽനിന്ന്‌ ഒരു മീറ്റർ അകലം പാലിക്കണം. ജലദോഷമോ പനിയുടെ ലക്ഷണമോ തോന്നിയാൽ വീട്ടിൽ വിശ്രമിക്കണം.

രോഗലക്ഷണങ്ങളുള്ള വ്യക്തിയുടെ കോവിഡ്–-19 ടെസ്റ്റ് നടത്താനുള്ള സ്രവം കൺട്രോൾ റൂം മുഖേന മാത്രമേ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാനാകൂ. ചികിത്സയിലുള്ള ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ആശുപത്രിയിൽത്തന്നെ ഐസൊലേഷൻ ഒരുക്കണം. സൗകര്യങ്ങളില്ലാത്ത സ്വകാര്യ ആശുപത്രികളുണ്ടെങ്കിൽ ആരോഗ്യവകുപ്പ് തുടർചികിത്സ ഏറ്റെടുക്കും.

രോഗിയുടെ തൊണ്ടയിലെ സ്രവം എടുക്കേണ്ട രീതി മൈക്രോബയോളജിസ്റ്റ് ഡോ. നിഖിലേഷ് വിശദീകരിച്ചു. കോവിഡ്‌–-19 സാധാരണപോലെ പനിയാണെങ്കിലും പെട്ടെന്ന് വ്യാപിക്കും. ഒരേസമയത്ത് കൂടുതൽപേർ പനിയുമായി എത്തിയാൽ ചികിത്സ പ്രയാസമാകും. അതിനാൽ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top