01 April Wednesday

- 9 വർഷത്തിനിടെ 6 കുട്ടികളുടെ മരണം :മെഡിക്കൽ രേഖകളിൽ വിശദ പരിശോധന നടത്തും

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


ഒമ്പതുവർഷത്തിനിടെ ദമ്പതികളുടെ ആറ്‌ കുട്ടികളും  മരിച്ച കേസിൽ  പൊലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്‌ച മരിച്ച 93 ദിവസം പ്രായമുള്ള കുഞ്ഞിന്റെ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന്‌ തിരൂർ സിഐ ടി പി ഫർഷാദ് പറഞ്ഞു. മരിച്ച കുട്ടികളുടെ എല്ലാ മെഡിക്കൽ രേഖകളും ശേഖരിക്കും. 

മൂന്നാമത് മരിച്ച കുട്ടിയ്‌ക്ക്‌  ജനിതക തകരാറായ സിഡ്സ് ഉണ്ടെന്ന്‌ തെളിഞ്ഞിരുന്നു.  ഈ കുട്ടിയുടെ ആന്തരികാവയവം മാത്രമാണ് ശാസ്ത്രീയ പരിശോധന നടത്തിയത്.  കഴിഞ്ഞ ദിവസം മരിച്ച ആറാമത്തെ കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കിട്ടിയാലേ ചിത്രം വ്യക്തമാകൂ. അസ്വാഭാവിക മരണത്തിനാണ്‌ കേസ്‌. കുട്ടികളെ ചികിത്സിച്ച ശിശുരോഗ വിദഗ്‌ധരുടെയും പ്രസവസമയത്തെ ഡോക്ടർമാരുടെയും മൊഴിയെടുക്കുമെന്നും സിഐ പറഞ്ഞു. 

ശാസ്ത്രീയ അന്വേഷണത്തിലൂടെ കുട്ടികളുടെ മരണകാരണം കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. തിരൂർ പരന്നേക്കാട് റഫീഖ്-–-സബ്ന ദമ്പതികളുടെ ആറുമക്കൾ 2011, 2013, 2014,  2018, 2019, 2020 വർഷങ്ങളിലായാണ്‌ മരിച്ചത്‌.  ഇതിൽ അഞ്ചുപേരും ഒരുവർഷത്തിനുതാഴെ പ്രായമുള്ളവരായിരുന്നു. ഒരു കുട്ടി നാലരവയസ്സുകാരിയും.


പ്രധാന വാർത്തകൾ
 Top