01 April Wednesday

ഈ പെണ്ണുങ്ങൾ ചുവരുകളും കളർഫുള്ളാക്കും; പെയിന്റിങ്‌ തൊഴിലാളികളായി കുടുംബശ്രീ കൂട്ടായ്‌മ

ആർ ഹേമലതUpdated: Wednesday Feb 19, 2020

കൊച്ചി > ജീവിതം മാത്രമല്ല, കെട്ടിടത്തിന്റെ ചുവരുകളും കളർഫുള്ളാക്കും ഈ പത്ത്‌ പെണ്ണുങ്ങൾ. വനിതകൾ അധികം കടന്നുവരാത്ത പെയിന്റിങ് തൊഴിലാളി മേഖലയിൽ കഴിവ്‌ തെളിയിച്ച്‌ മുന്നേറുകയാണ്‌  കുടുംബശ്രീ കൂട്ടായ്‌മയുടെ ‘നിറക്കൂട്ട്‌’. ജില്ലയിൽ ഇരുപത്തഞ്ചിലധികം കെട്ടിടങ്ങൾക്ക്‌ ഇവർ നിറം പകർന്നുകഴിഞ്ഞു.

ജില്ലാ കുടുംബശ്രീ മിഷനും ബെർജർ പെയിന്റുമായി സഹകരിച്ചാണ്‌ 2015ൽ നിറക്കൂട്ട്‌ സംരഭത്തിന്‌ രൂപം നൽകിയത്‌. വാഴക്കുളം, വെങ്ങോല പഞ്ചായത്തുകളിൽനിന്നു തെരഞ്ഞെടുത്ത 10 വനിതകൾക്ക്‌ ബെർജർ പെയിന്റ്‌ പരിശീലനം നൽകി. ഇവരിൽ അഞ്ചുപേർ ചേർന്നാണ്‌ കൂട്ടായ്‌മ രൂപീകരിച്ചത്‌. പെരുമ്പാവൂർ സ്വദേശിനി സിന്ധ്യാ ബിനു സെക്രട്ടറിയും  മിനി പ്രസിഡന്റുമായും പ്രവർത്തനം തുടങ്ങി. സജിന, പ്രഭ, സഫിയ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങൾ. ജില്ലാ കുടുംബശ്രീ മിഷൻ അനുവദിച്ച ഒരുലക്ഷം രൂപയുടെ വായ്‌പയിലാണ്‌ തുടക്കം. ഇതുപയോഗിച്ച്‌ പെയിന്റിങ്ങിന്‌ ആവശ്യമായ സാൻഡിങ്‌ മെഷീൻ, രണ്ടു പുട്ടിമിക്സർ, മൂന്ന്‌ ജെറ്റ് വാഷർ, ഓട്ടോ റോളർ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങി. കോൺട്രാക്ടർമാരുടെ കീഴിൽ പണിയെടുത്ത്‌ സബ്‌സിഡി തുകയായ 50,000 രൂപ കഴിച്ചുള്ള തുക തിരിച്ചടയ്‌ക്കാൻ ആരംഭിച്ചു. 2017 മുതൽ കൂട്ടായ്‌മ സ്വന്തമായി വർക്കുകൾ ഏറ്റെടുത്തു. ഉയരംകൂടിയ കെട്ടിടത്തിന്റെ കോൺട്രാക്ട്‌ വർക്കുകൾക്ക്‌ പുരുഷതൊഴിലാളികളെയും കൂടെക്കൂട്ടാറുണ്ട്‌.

തയ്യൽത്തൊഴിൽ വിട്ടിട്ട്‌ പെയിന്റ്‌ പണിക്ക്‌ ഇറങ്ങിയതിൽ സെക്രട്ടറി സന്ധ്യ ഇന്ന്‌ അഭിമാനിക്കുന്നു. തയ്യൽ നടത്തിയിരുന്നത്‌ വീട്ടിലിരുന്നായതിനാൽ ജോലിക്ക്‌ കൃത്യസമയം ഇല്ലായിരുന്നു. കിട്ടുന്ന വരുമാനവും നാമമാത്രം. പെയിന്റിങ് ജോലി രാവിലെ എട്ടിനു തുടങ്ങി വൈകിട്ട്‌ അഞ്ചിന്‌ അവസാനിക്കും. മിക്ക ദിവസങ്ങളിലും 850 രൂപ വരുമാനവും ലഭിക്കുന്നെന്നും സന്ധ്യ പറയുന്നു. സ്‌ത്രീകളുടെ കൂട്ടായ്‌മയായതിനാൽ ജനങ്ങൾ കൗതുകത്തോടെയാണ്‌ കാണുന്നതെന്നും ഇത്‌ പലപ്പോഴും ഗുണകരമാകുന്നുണ്ടെന്നുമാണ്‌ ഇവരുടെ പക്ഷം. ജോലിയിലെ കൃത്യതയും സത്യസന്ധതയും നിറക്കൂട്ടിന്‌ കൂടുതൽ ഊർജവും നൽകുന്നു.  മഹാപ്രളയത്തിൽ ചില ഉപകരണങ്ങൾക്ക്‌ കേടുപാടുകൾ ഉണ്ടായത്‌ ഒഴിച്ചാൽ നിറക്കൂട്ടിന്റെ പ്രവർത്തനത്തിന്‌ മാറ്റ്‌ ഏറെയാണ്‌.


പ്രധാന വാർത്തകൾ
 Top