22 February Saturday

ആദിവാസി യുവാവിന്റെ മരണം കൊലപാതകം; ഭൂ ഉടമയും മകനും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020


കേണിച്ചിറ
നാലുവർഷംമുമ്പ്‌ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്‌ തെളിഞ്ഞു. കേണിച്ചിറ പഞ്ചായത്തിലെ അതിരാറ്റ് പാടി പണിയ കോളനിയിലെ മഞ്ചിയുടെ മകൻ മണി(45)യെയാണ്‌  കൂലി കുടുതൽ ചോദിച്ചതിന്‌ ഭൂ ഉടമയും മകനും ചേർന്ന്‌ കൊലപ്പെടുത്തിയത്‌. ഇരുവരും ചേർന്ന്‌ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നുവെന്ന്‌  കോഴിക്കോട്‌ റേഞ്ച്‌ ക്രൈംബ്രാഞ്ച്‌ എസ്‌പി ഡോ. എ ശ്രീനവാസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പ്രതികളായ കേണിച്ചിറ വെങ്ങലൻകുന്ന് തൊടിയിൽ വി ഇ തങ്കപ്പൻ (71), മകൻ സുരേഷ് (50) എന്നിവരെ ക്രൈംബ്രാഞ്ച്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.  

2016 ഏപ്രിൽ നാലിനാണ്‌ സംഭവം. മണിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ സമീപത്ത് വിഷക്കുപ്പി വയ്‌ക്കുകയായിരുന്നു. തങ്കപ്പന്റെ വീടിന്‌ അടുത്തുവച്ചായിരുന്നു കൊലപാതകം. പത്തുവർഷമായി സഹായിയായി ജോലിചെയ്‌തിരുന്ന മണി തങ്കപ്പന്റെ വീടിനുസമീപത്തെ  ഷെഡിലായിരുന്നു താമസം. 

അസ്വാഭാവിക മരണത്തിന് കേണിച്ചിറ പൊലീസ്‌ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ഉൾപ്പെടുത്തി. പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് 2018 മാർച്ച് 20ന് കേസ് ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു. ശാസ്‌ത്രീയ പരിശോധനയിൽ വിഷം അകത്തുച്ചെന്നല്ല മരണമെന്ന്‌ കണ്ടെത്തി. തുടർനനാണ്‌ അന്വേഷണം ഭൂ ഉടമയിലേക്ക്‌ തിരിഞ്ഞത്‌.  കോഴിക്കോട്‌ റേഞ്ച്‌ ക്രൈംബ്രാഞ്ച്‌ എസ്‌പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കസ്‌റ്റഡിയിലെടുത്ത  പ്രതികളുടെ അറസ്‌റ്റ്‌ ശനിയാഴ്‌ച രേഖപ്പെടുത്തി. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്‌തു.
 


പ്രധാന വാർത്തകൾ
 Top