14 December Saturday

പുതിയ കെട്ടിടനിർമാണ ചട്ടം കർശനം; ജനസൗഹൃദം

സ്വന്തം ലേഖകൻUpdated: Monday Nov 18, 2019

തിരുവനന്തപുരം > ഒരുതുണ്ട്‌ ഭൂമിയിൽ വീടുവയ്‌ക്കാൻ ഗ്രാമീണ റോഡിൽനിന്ന്‌ മൂന്നുമീറ്റർ അകലം പാലിക്കണമെന്ന നിയമം ഇനിയില്ല. പുതിയ കെട്ടിട നിർമാണ ചട്ടപ്രകാരം വിജ്ഞാപനം ചെയ്യാത്ത ഗ്രാമീണ റോഡുകളിൽനിന്ന്‌ ഇനി രണ്ട്‌ മീറ്റർ മാത്രം അകലം പാലിച്ചാൽമതി. ആറു മീറ്ററിൽതാഴെ വീതിയുള്ള വിജ്ഞാപനം ചെയ്യാത്ത ഗ്രാമീണ റോഡുകൾക്കടുത്ത്‌ വീട്‌ വയ്‌ക്കുന്നവർക്കാണ്‌ ഇതിന്റെ ആനുകൂല്യം ലഭിക്കുക. പുതിയ കെട്ടിട നിർമാണ ചട്ടം  മന്ത്രിസഭ അംഗീകരിച്ചു.

ബോധപൂർവമല്ലാത്ത കാരണങ്ങൾകൊണ്ട്‌ ചെറിയ തോതിൽ ചട്ടങ്ങൾ പാലിക്കാനായില്ലെങ്കിൽ ചില മാനദണ്ഡങ്ങൾക്ക്‌ വിധേയമായി ഇനി ഇളവ്‌ ലഭിക്കും. നിലവിൽ യാതൊരു ഇളവുമില്ലായിരുന്നു. ഇത്‌ കെട്ടിട നിർമാതാവിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ചില ഉടമകൾ ആത്മഹത്യ ചെയ്‌തുവെന്ന പരാതിയടക്കം ഉയർന്നു. എന്നാൽ, പുതിയ ചട്ട പ്രകാരം സർക്കാരിന്‌ അപ്പീൽ നൽകാം. പതിനഞ്ച്‌ ശതമാനംവരെയും കവറേജിൽ അഞ്ച്‌ ശതമാനവുമാണ്‌ ഇളവ്‌ അനുവദിക്കുക. 

  തെറ്റായ രൂപരേഖ തയ്യാറാക്കുന്ന ലൈസൻസികളുടെ ലൈസൻസ്‌ പുതിയ ചട്ടപ്രകാരം അഞ്ച്‌ വർഷത്തേക്ക്‌ റദ്ദാക്കും. നേരത്തെ ഒരു വർഷമായിരുന്നു. പ്രോസിക്യൂഷൻ നടപടിയും സ്വീകരിക്കും. ലൈസൻസികൾ വരുത്തുന്ന നിയമലംഘനങ്ങളുടെ പ്രതിമാസ റിപ്പോർട്ട്‌ തദ്ദേശഭരണ സെക്രട്ടറി രജിസ്‌റ്ററിങ്‌ അധികാരിക്ക്‌ നൽകണം. മരടിൽ ചട്ടംലംഘിച്ച്‌  ഫ്‌ളാറ്റ്‌ നിർമിച്ച പശ്ചാത്തലത്തിൽ ഇത്‌ ഏറെ പ്രസക്തമാണ്‌.


പ്രധാന വാർത്തകൾ
 Top