22 October Tuesday

ലോട്ടറി നികുതി: കേരളം ശരി ; നികുതി നിരക്കിൽ അപാകതയില്ലെന്ന്‌ നിയമോപദേശം

ജി രാജേഷ‌് കുമാർUpdated: Thursday Sep 19, 2019


ലോട്ടറിക്കുള്ള ചരക്ക്‌ സേവന നികുതിയിൽ കേരളം സ്വീകരിച്ച നിലപാടിന്‌ നിയമപരമായ അംഗീകാരം. ലോട്ടറിക്ക്‌ നിലവിലുള്ള രണ്ട്‌ നികുതി നിരക്കിൽ അപാകതയില്ലെന്ന്‌ അറ്റോർണി ജനറൽ ജിഎസ്‌ടി കൗൺസിലിന്‌ നിയമോപദേശം നൽകി. രണ്ട്‌ നികുതി ഭരണഘടനാ ലംഘനമാണെന്ന ചില സംസ്ഥാനങ്ങളുടെ വാദം അറ്റോർണി ജനറൽ തള്ളി. ഇതിൽ ഭരണഘടനാ ലംഘനമൊന്നുമില്ലെന്നാണ്‌ നിയമോപദേശം.

ലോട്ടറിയെ രണ്ട്‌ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ്‌ നിലവിലെ ജിഎസ്‌ടി. സംസ്ഥാനം നേരിട്ട്‌ നടത്തുന്നവയ്‌ക്ക്‌ 12 ശതമാനവും സംസ്ഥാനം ചുമതലപ്പെടുത്തുന്ന ഏജൻസികൾ നടത്തുന്നവയ്‌ക്ക്‌ 28 ശതമാനവും. സംസ്ഥാനം നേരിട്ട്‌ നടത്തുന്ന ലോട്ടറിയുടെ ടിക്കറ്റുകൾ മറ്റ്‌ സംസ്ഥാനങ്ങളിൽ വിൽക്കരുത്‌. എന്നാൽ, ഏജൻസികൾ വഴിയുള്ള ലോട്ടറി ടിക്കറ്റുകൾ ഏത്‌ സംസ്ഥാനത്തും വിൽക്കാം.

സംസ്ഥാനങ്ങൾ നേരിട്ട്‌ നടത്തുന്ന ലോട്ടറിക്ക്‌ സംരക്ഷണം വേണമെന്ന്‌ ജിഎസ്‌ടി കൗൺസിലിൽ കേരളത്തിനുവേണ്ടി ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ ശക്തമായ നിലപാടെടുത്തു. ഇതിൽനിന്നുള്ള വരുമാനം സാമൂഹ്യ സുരക്ഷാ ആവശ്യങ്ങൾക്കാണ്‌ വിനിയോഗിക്കുന്നതെന്നത്‌ ചുണ്ടിക്കാട്ടിയായിരുന്നു കേരളത്തിന്റെ നിലപാട്‌. ഏജൻസികൾ വഴിയുള്ള ലോട്ടറി വെറും ചൂതാട്ടം മാത്രമാണെന്നും കേരളം വാദിച്ചു. ഇതിലൂടെ നടക്കുന്ന കൊള്ളയും തുറന്നുകാട്ടി. തുടർന്നാണ്‌ സംസ്ഥാനം നേരിട്ട്‌ നടത്തുന്ന നികുതിക്ക്‌ 12 ശതമാനവും, ഏജൻസികൾ വഴിയുള്ള ലോട്ടറിക്ക്‌ 28 ശതമാനവും നികുതി തീരുമാനിച്ചത്‌.

അസം, സിക്കിം, നാഗാലാൻഡ്‌, മിസോറം തുടങ്ങിയ സംസ്ഥാനങ്ങൾ ഈ നികുതി ഘടനയ്‌ക്കെതിരെ നിരന്തരം പ്രവർത്തിച്ചു. എല്ലാ ലോട്ടറിക്കും 12 ശതമാനം നികുതി ആവശ്യം ജിഎസ്‌ടി കൗൺസിലിൽ  ഇവർ ഉന്നയിച്ചു. ലോട്ടറി ചൂതാട്ടം നയിക്കുന്ന മാഫിയയുടെ സമ്മർദ്ദമായിരുന്നു കാരണം. ഏജൻസികൾ നടത്തുന്ന ലോട്ടറിക്ക്‌ നികുതി കുറയ്‌ക്കാനും ഏകീകരിക്കാനുമുള്ള നീക്കം ശക്തമായതോടെ കേരളം ഇടപെടൽ ശക്തമാക്കി. സംസ്ഥാനം നടത്തുന്ന ലോട്ടറിയിൽ കേന്ദ്ര ലോട്ടറി നിയമത്തിന്റെ എല്ലാ വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നതും കേരളം ചുണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങളുടെ ഏജൻസികൾ എല്ലാ വ്യവസ്ഥകളും കാറ്റിൽ പറത്തുന്നതും ബോധ്യപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളും കേരളത്തെ പിന്തുണച്ചതോടെയാണ്‌  അറ്റോർണി ജനറലിന്റെ നിയമോപദേശം സ്വീകരിച്ചത്‌.

ലോട്ടറി നികുതി ഘടനയിൽ മാറ്റംവേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്‌ ജിഎസ്‌ടി കൗൺസിലാണ്‌. അധാർമിക ചരക്കുകളുടെ (സിൻ ഗുഡ്‌സ്‌) വിഭാഗത്തിൽപ്പെട്ടതിനാൽ ലോട്ടറിക്ക്‌ ഉയർന്ന നികുതി ഈടാക്കാമെന്ന നിർദേശവും അറ്റോർണി ജനറൽ മുന്നോട്ടുവച്ചിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top