19 April Friday

നരകരാത്രി താണ്ടി ശിവഗിരിയിൽ പറന്നിറങ്ങി

സ്വന്തം ലേഖകൻUpdated: Saturday Aug 18, 2018

വർക്കല ശിവഗിരി കൺവൻഷൻ സെന്ററിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ മറിയാമ്മയും മാമ്മൻ ചാക്കോയും

തിരുവനന്തപുരം > ‘സ്വർഗത്തിൽ കാലുകുത്തിയ പോലെ..’ ഹെലികോപ‌്റ്ററിൽനിന്ന‌് വർക്കല ശിവഗിരിയിലെ ഹെലിപാഡിൽ ഇറങ്ങിയ നിമിഷത്തെക്കുറിച്ച‌് പത്തനംതിട്ട മാരാമൺ തോട്ടപ്പശേരി അമ്പലത്തിങ്കൽ മറിയാമ്മ ചാക്കോ പറയുന്നതിങ്ങനെ.  വെള്ളത്താൽ ചുറ്റപ്പെട്ട‌്, വീടിന്റെ മേൽക്കൂരയിൽ ഉണ്ണാതെ, ഉറങ്ങാതെ കഴിച്ചുകൂട്ടിയ മറിയാമ്മയ‌്ക്ക‌് വർക്കല സ്വർഗമായി തോന്നിയതിൽ അത്ഭുതമില്ല. കാരണം  ഭർത്താവ‌് മാമ്മൻ ചാക്കോയും  മക്കളായ റോബിനും റോഷിനും ഒപ്പം അവർ ഒരുരാത്രി അത്രയ‌്ക്ക‌് അനുഭവിച്ചു.

വർക്കല ശിവഗിരിമഠത്തിന്റെ കൺവൻഷൻ സെന്ററിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്ന‌്പ്രളയദുരിതത്തെക്കുറിച്ച‌് സംസാരിക്കുമ്പോൾ മറിയാമ്മയുടെ കണ്ണിൽ ഭീതി മാഞ്ഞിരുന്നില്ല. വ്യാഴാഴ‌്ച രാവിലെ വീട്ടുമുറ്റത്ത‌് വെള്ളം കയറിയപ്പോൾ മാമ്മൻ ചാക്കോയും കുടുംബവും അത‌് കാര്യമാക്കിയില്ല. പക്ഷേ ഉച്ചയായപ്പോൾ വെള്ളം വീടിനകത്തായി. ഇതോടെ വിലപ്പെട്ടതൊക്കെ വീട്ടിലെ ഉയർന്ന സ്ഥലങ്ങളിലേക്കുമാറ്റി. വൈകുന്നേരത്തോടെ പ്രളയജലം ഇരമ്പിവന്നു. പിന്നെ ഒന്നും നോക്കിയില്ല. ഓടുപൊളിച്ച‌് മുകളിൽ കയറി, വീടിന്റെ കോൺക്രീറ്റ‌് ചെയ‌്ത ഭാഗത്തേക്ക‌് മാറി. പ്ലാസ‌്റ്റിക‌് ഷീറ്റ‌് വലിച്ചുകെട്ടി കൂടാരമൊരുക്കി. രാത്രി പെരുമഴയും കാറ്റും. അച്ഛനും അമ്മയും രണ്ടുകുട്ടികളും കെട്ടിപ്പിടിച്ച‌് ഇരുന്നു. വിശപ്പും ദാഹവും. ചുറ്റും വെള്ളം. പക്ഷേ കുടിക്കാനൊരു തുള്ളിയില്ല. ഒരു പോള കണ്ണടയ‌്ക്കാതെ നേരം വെളുപ്പിച്ചു.

ഇതിനിടയിൽ ആരോ രക്ഷാസേനയുടെ നമ്പർ കൊടുത്തു. മാമ്മൻ ആ നമ്പറിൽ വിളിച്ചു. ഉടൻ ഹെലികോപ‌്റ്റർ എത്തി. തോർത്ത‌് വീശി കാണിച്ച‌് അവരുടെ ശ്രദ്ധ ആകർഷിച്ചു.  ഓരോരുത്തരെയായി സൈന്യം ഹെലികോപ‌്റ്ററിൽ എത്തിച്ചു. പിന്നെ നേരെ വർക്കലയിലേക്ക‌്.
സുരക്ഷിതമായി വർക്കലയിലിറങ്ങിയപ്പോൾ മാമ്മൻ ചാക്കോ ആദ്യം ചോദിച്ചത‌് അൽപ്പം കുടിവെള്ളത്തിന‌്. ഒറ്റവീർപ്പിൽ വെള്ളം കുടിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയെന്ന‌് മാമ്മൻ.

ഓട്ടോഡ്രൈവറാണ‌് മാമ്മൻ. ഓട്ടോ പ്രളയത്തിൽ മുങ്ങിപ്പോയി. ഓണം മുന്നിൽ കണ്ട‌് നട്ട വാഴകൾ ജൂലൈയിൽ വെള്ളം കയറി നശിച്ചിരുന്നു. ജീവൻ തിരിച്ചുകിട്ടാൻ സഹായിച്ചവരോടൊക്കെ തീർത്താൽ തീരാത്ത നന്ദിയുണ്ടെന്ന‌് മാമ്മൻ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ടെന്ന‌് അദ്ദേഹം പറഞ്ഞു. ഭക്ഷണം ശിവഗിരി മഠത്തിൽനിന്നാണ‌് എത്തിക്കുന്നത‌്.  എന്തിനും തയ്യാറായി ഡെപ്യൂട്ടി കലക്ടർ വിജയ, വർക്കല തഹസിൽദാർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുണ്ട‌്.

പ്രധാന വാർത്തകൾ
 Top