കോട്ടയം > കോട്ടയം ജില്ലയിൽ കനത്ത മഴയ്ക്ക് വെള്ളിയാഴ്ച പകൽ ശമനം ഉണ്ടായെങ്കിലും ഈരാറ്റുപേട്ട, കൂട്ടിക്കൽ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി മലവെള്ള പാച്ചിലും നാശ നഷ്ടവും തുടരുന്നു. ഈരാറ്റുപേട്ടയിൽ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി.
കുട്ടനാട്ടിൽ നിന്നും ജനം ചങ്ങനാശ്ശേരി മേഖലയിലേക്ക് പലായനം ചെയ്യുകയാണ്. ടിപ്പർ ലോറിയിലടക്കമാണ് ക്യാമ്പിലേക്ക് ആളുകളെത്തുന്നത്. കുമരകവും തിരുവാർപ്പും കാഞ്ഞിരവും വടയാറും മുണ്ടാറും എഴുമാംതുരുത്തും മുളക്കുളവും ഒറ്റപ്പെട്ടു. കൂട്ടിക്കലിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 ഉരുൾപൊട്ടലിൽ 300 ഏക്കർ കൃഷിയിടം ഒലിച്ചുപോയി. 75 വീടുകളിൽ വെള്ളം കയറി. ജില്ലയുടെ ഉയർന്ന മേഖലയായ ഇവിടെപ്പോലും 800 പേർ ക്യാമ്പിലാണ്. ജില്ലയിലാകെ 292 ക്യാമ്പുകളിലായി അരലക്ഷത്തോളം പേരുണ്ട്. തിരുവല്ലയിലും മൂവാറ്റുപുഴയിലും എംസി റോഡിൽ വെള്ളം നിറഞ്ഞ് യാത്ര അസാധ്യം. പാലാ റോഡുകൾ, വൈക്കം വടയാർ, ചങ്ങനാശ്ശേരി, ആലപ്പുഴ റോഡ്, കുമരകം റോഡ് എന്നിവിടങ്ങളിലെല്ലാം നാലടിയോളമാണ് വെള്ളം.
ഇടുക്കിയിലും പെരുമഴയ്ക്ക് ശമനം ഉണ്ടായെങ്കിലും കെടുതികൾക്ക് കുറവില്ല. ഒഴുക്കിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. ഏലപ്പാറയിൽ വണ്ടിപ്പെരിയാർ മ്ലാമല തങ്കമ്മ ജോർജ് (54), മുട്ടം കൊല്ലംകുന്ന് കഴുമറ്റത്തിൽ അനിൽകുമാർ(45) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ ദിവസം കാണാതായ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മൂന്ന് ദിവസങ്ങളിലായി ഇടുക്കിയിൽ മരിച്ചത് 25പേർ ആണ്. ഗതാഗത‐വാർത്താ വിനിമയ‐വൈദ്യുതി ബന്ധങ്ങളെല്ലാം നിലച്ചതോടെ ജില്ലാ ആസ്ഥാനമടക്കം ഇടുക്കി പൂർണമായും ഒറ്റപ്പെട്ടു. മുള്ളരിങ്ങാട് വെള്ളക്കയം മലയിലും അടിമാലി വാളറയിലും വെള്ളിയാഴ്ച ഉരുൾപൊട്ടി. ജില്ലയിലാകെ 90 ദുരിതാശ്വാസ ക്യാമ്പുകളിലായി 7000 ലധികം പേരുണ്ട്. ക്യാമ്പുകളിലുള്ളവർക്ക് ഒരു കുറവുമുണ്ടാകാതിരിക്കാൻ ജില്ലാ ഭരണകേന്ദ്രം സന്നദ്ധരായി രംഗത്തുണ്ട്. ഇടുക്കി ജലനിരപ്പ് 2401.92 ഉം മുല്ലപ്പെരിയാർ ജലനിരപ്പ് 141.3 അടിയുമാണ്.
പത്തനംതിട്ട ജില്ലയിൽ ബുധനാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ നാലു പേരുടെ മൃതദേഹം വെള്ളിയാഴ്ച പുറത്തെടുത്തു. 262 ദുരിതാശ്വാസക്യാമ്പുകളിലായി 28,000 ത്തോളം പേരുണ്ട്.
ഡാമുകളിൽനിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. നദികളിൽ ജലനിരപ്പ് താഴ്ന്നെങ്കിലും തിരുവല്ല, പന്തളം തുടങ്ങിയ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. ജില്ലയിൽ രക്ഷാപ്രവർത്തനം ഊർജിതമാണ്. ഇതുവരെ 6050 ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ജലനിരപ്പ് താഴ്ന്നുതുടങ്ങിയ റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തിരുവല്ലയിൽ 35 ബോട്ടുകളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഹെലിക്കോപ്ടറിലും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. അടൂരിൽ എത്തിയ 23 ബോട്ടുകളിൽ മൂന്ന് എണ്ണം പന്തളത്തും 10 എണ്ണം തിരുവല്ലയിലും 10 എണ്ണം പത്തനംതിട്ടയിലും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.