11 December Wednesday

പാലാരിവട്ടം മേല്‍പ്പാലം അഴിമതി ; മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

ബുധനാഴ്‌ചത്തെ എൽഡിഎഫ്‌ സമരം എൻ സി മോഹനൻ ഉദ്‌ഘാടനംചെയ്യുന്നു


കൊച്ചി
കേന്ദ്ര സർക്കാരും ദേശീയപാത അതോറിറ്റിയും കേന്ദ്രഫണ്ട‌് ഉപയോഗിച്ച‌് നിർമിക്കാൻ തയ്യാറായ മേൽപ്പാലം സംസ്ഥാന സർക്കാർ ഏറ്റെടുത്തത‌് പരിശോധിക്കണമെന്ന‌് എൽഡിഎഫ‌് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന‌് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസമുള്ള  സംസ്ഥാന സർക്കാരിന‌് ഇത‌് കൂടുതൽ ബാധ്യതയായി. പൊതുമരാമത്ത് മന്ത്രിയെന്ന നിലയ‌്ക്ക് ഭരണാനുമതി നൽകിയ പദ്ധതിയുടെ നിർവഹണച്ചുമതല വി കെ ഇബ്രാഹിംകുഞ്ഞ‌് ചെയർമാനായ ആർബിഡിസികെ ഏറ്റെടുത്തു. യുഡിഎഫ് ഭരണകാലത്ത് മന്ത്രി 14 തവണ നിർമാണ പുരോഗതി വിലയിരുത്താൻ സ്ഥലം സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്. നിർമാണ ചുമതല പൊതുമരാമത്ത് വകുപ്പ് നേരിട്ട് നിർവഹിക്കാതെ ആർബിഡിസികെയെ ഏൽപ്പിച്ചതും ആർഡിഎസ് കമ്പനിക്ക് കരാർ നൽകിയതും സംശയം വർധിപ്പിക്കുന്നു.

നിർമാണത്തിന‌് പുതിയ രീതി സ്വീകരിക്കാൻ സർക്കാർ അനുമതി കൊടുത്തതിൽ ദുരൂഹതയുണ്ട‌്. നിരവധി പൊതുമരാമത്ത് ജോലികൾ ഏറ്റെടുത്ത് ചെയ്തിട്ടുള്ള കരാറുകാരൻ, അപകടമുണ്ടാകുമെന്ന‌് അറിഞ്ഞിട്ടും സിമെന്റും കമ്പിയും അളവിൽ കുറച്ച‌ത‌് രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതി കൂടുതൽ വ്യക്തമാക്കുന്നതാണ്.

ആദ്യഘട്ടത്തിൽത്തന്നെ നിർമാണത്തിലെ അപാകവും ക്രമക്കേടും മന്ത്രിയുടെ പങ്കും ചൂണ്ടിക്കാണിച്ച് വിജിലൻസ് വകുപ്പ് സർക്കാരിന‌് കൊടുത്ത റിപ്പോർട്ട് പൂഴ‌്ത്തി. റിപ്പോർട്ട് പരിഗണിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന‌് അന്വേഷിക്കണം.മുഖ്യമന്ത്രിയും സർക്കാരും പൊതുമരാമത്ത‌് മന്ത്രിയും പാലം തകർന്നയുടൻ കൃത്യമായി ഇടപെട്ടു. വിജിലൻസ‌് അന്വേഷണം പ്രഖ്യാപിച്ചതും മദ്രാസ‌് ഐഐടിയെയും മെട്രോമാൻ ഇ ശ്രീധരനെയും പാലത്തിന്റെ തകർച്ച പഠിക്കാൻ ചുമതലപ്പെടുത്തിയതും അതിവേഗം അറ്റകുറ്റപ്പണി ആരംഭിച്ചതുമുൾപ്പെടെ പ്രശംസനീയമായ ഇടപെടലാണ‌് നടത്തിയത‌്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗങ്ങള‌ായ എം എം മണി, പി രാജീവ‌് തുടങ്ങി എൽഡിഎഫിന്റെ നേതാക്കൾ പാലം സന്ദർശിച്ചു. ഭരണാനുമതി നൽകിയതല്ലാതെ അഴിമതിയിൽ ഉത്തരവാദിത്തമില്ലെന്ന നിലപാടാണ‌് ഇബ്രാഹിംകുഞ്ഞും അന്നത്തെ യുഡിഎഫ‌് ഭരണനേതൃത്വവും സ്വീകരിച്ചത‌്. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്ന ഘട്ടത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി ഒ സൂരജിന്റെ ക്രമക്കേടുകളും അഴിമതിയും അവിഹിത സ്വത്ത് സമ്പാദനവും കോടതി ഇടപ്പെടലിനെ തുടർന്ന് പുറംലോകമറിഞ്ഞു. അന്നത്തെ പൊതുമരാമത്ത് ചീഫ് എൻജിനിയർക്കെതിരെ സർക്കാരിന് നിർവാഹമില്ലാതെ നടപടിയെടുക്കേണ്ടിവന്നു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ രണ്ട് പ്രധാനികളെ സമ്മർദം ഏറിയപ്പോൾ മാറ്റി. ഇതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടാണ് അഴിമതി നടത്തിയതാണെന്ന സംശയം ശക്തമാക്കുന്ന തെളിവുകളാണ്. ഇബ്രാഹിംകുഞ്ഞിന്റെയും ബന്ധുക്കളുടെയും അവിഹിത സ്വത്തുസംബന്ധിച്ച് സമഗ്രമായ അന്വേഷണം അനിവാര്യമാണ്. 

എൽഡിഎഫ‌് ജില്ലാ കമ്മിറ്റി കൺവീനർ ജോർജ‌് ഇടപ്പരത്തി, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ജനതാദൾ എസ‌് ജില്ലാ പ്രസിഡന്റ‌് സാബു ജോർജ‌്, എൻസിപി ജില്ലാ പ്രസിഡന്റ‌് എം എം അശോകൻ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ‌് എൻ എ മുഹമ്മദ‌് നജീബ‌്, കോൺഗ്രസ‌് എസ‌് ജില്ലാ പ്രസിഡന്റ‌് ബി എ അഷറഫ‌്, കേരള കോൺഗ്രസ‌് ബി ജില്ലാ പ്രസിഡന്റ‌് അനിൽ ജോസ‌്, ജനാധിപത്യ കേരള കോൺഗ്രസ‌് ജില്ലാ പ്രസിഡന്റ‌് ഷൈസൺ മാങ്ങഴ, കേരള കോൺഗ്രസ‌് (സ‌്കറിയ തോമസ‌്) വർഗീസ‌് മൂലൻ, ലോക‌്താന്ത്രിക‌് ജനതാദൾ ജില്ലാ പ്രസിഡന്റ‌് അഗസ‌്റ്റിൻ കോലഞ്ചേരി എന്നിവർ ഒപ്പിട്ട നിവേദനമാണ‌് മുഖ്യമന്ത്രിക്ക‌് സമർപ്പിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top