18 June Friday

മുപ്പൂട്ട് : ജാഗ്രതയോടെ പൊലീസ് ; പുറത്തിറങ്ങാതെ ജനം

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021

ട്രിപ്പിൾ ലോക്ക്ഡൗണിനെ തുടർന്ന് ആളൊഴിഞ്ഞ എറണാകുളം മാർക്കറ്റ്

കൊച്ചി
കോവിഡ്‌ വ്യാപനം തടയാനായി ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്‌ഡൗണിൽ പുറത്തിറങ്ങാതെ ജനം. ജില്ലാ അതിർത്തികൾ അടച്ചതോടെ അവശ്യവാഹനങ്ങൾ ഒഴികെയുള്ളവ നിരത്തിൽനിന്ന്‌ മറഞ്ഞു. നിരത്തിലിറങ്ങിയ ഓരോ വാഹനവും പൊലീസ്‌ കർശനപരിശോധന നടത്തി. പ്രത്യേക പാസ്‌, തിരിച്ചറിയൽ കാർഡ്‌, സത്യവാങ്‌മൂലം എന്നിവയുള്ളവർക്ക്‌ തുടർയാത്ര അനുവദിച്ചു. നിയമലംഘകരെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ച 283 പേർക്കെതിരെ കേസെടുത്തു.

കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. റേഷൻകടകളും ആരോഗ്യകേന്ദ്രങ്ങളും ഒഴികെ മറ്റ്‌ സ്ഥാപനങ്ങളും കടകളും തുറന്നില്ല. രാവിലെ ഏഴിന്‌ ആരംഭിക്കുന്ന മൂന്ന്‌ ഷിഫ്‌റ്റുകളിലായി 3500 പൊലീസുകാരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. കണ്ടെയ്ൻമെന്റ് സോണുകളുടെ പ്രവേശനകവാടങ്ങളിലും പൊലീസുണ്ട്‌. ഹോട്ടലുകളിൽനിന്ന്‌ ഹോം ഡെലിവറിമാത്രമാണ് അനുവദിച്ചത്. വരുംദിവസങ്ങളിൽ പാസില്ലാതെ ആരെയും യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.

തിങ്കളാഴ്‌ച രാവിലെമുതൽ പരിശോധന തുടർന്നതോടെ ചിലയിടങ്ങളിൽ വാഹനനിര നീണ്ടു. ചൊവ്വാഴ്‌ചമുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ അവശ്യസാധനങ്ങൾക്കായി കടകളിലെത്തുന്നവരെയും കർശന പരിശോധനയ്‌ക്ക്‌ വിധേയമാക്കും. രോഗവ്യാപന നിരക്ക് 40 ശതമാനത്തിനുമുകളിലുള്ള പഞ്ചായത്തുകളിൽ പരിശോധന കൂടുതൽ കർശനമാക്കാൻ എറണാകുളം റൂറൽ പൊലീസ്‌ തീരുമാനിച്ചു. അതിർത്തികളിൽ ഉൾപ്പെടെ പിക്കറ്റ്‌ പോസ്‌റ്റുകളിൽ 2000 പൊലീസുകാരുണ്ടാകും. എസ്‌പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡ്രോൺ പറത്തി ആലുവയിൽ നിരീക്ഷണം നടത്തി. റൂറലിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 145 പേർക്കെതിരെ കേസെടുത്തു. 60 പേരെ അറസ്റ്റ് ചെയ്തു. 65 വാഹനങ്ങൾ കണ്ടുകെട്ടി. മാസ്‌ക് ധരിക്കാത്തതിന് 450 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 345 പേർക്കെതിരെയും നടപടിയെടുത്തു.

കൊച്ചി സിറ്റിയിൽ കമീഷണർ സി എച്ച് നാഗരാജുവിന്റെ നേതൃത്വത്തിൽ വിവിധ സോണുകളായി തിരിച്ചായിരുന്നു പരിശോധന. നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ 111 പിക്കറ്റ് പോസ്റ്റുകളിലായി 1500 പൊലീസുകാരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. സിറ്റിയിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 138 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 144 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 150 പേർക്കെതിരെയും പെറ്റി കേസ് എടുത്തിട്ടുണ്ട്. 50 വാഹനങ്ങൾ പിടിച്ചെടുത്തു.

23 പഞ്ചായത്തുകളില്‍ 
കടുത്ത നിയന്ത്രണങ്ങള്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ അധികമുള്ള 23 പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകേന്ദ്രം. ചൂര്‍ണിക്കര, ചെല്ലാനം, കടുങ്ങല്ലൂര്‍, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി, ഏഴിക്കര, വെങ്ങോല, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, എളങ്കുന്നപ്പുഴ, ഉദയംപേരൂര്‍, കീഴ്മാട്, ഒക്കല്‍, നായരമ്പലം, ശ്രീമൂലനഗരം, ചേരാനല്ലൂര്‍, കോട്ടപ്പടി, എടത്തല, ഞാറക്കല്‍, കുട്ടമ്പുഴ, കരുമാല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ഇവിടങ്ങളില്‍ നിര്‍ബന്ധമാക്കി. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പൊലീസ്‌ കര്‍ശന നടപടി സ്വീകരിക്കും. ആംബുലന്‍സുകളുടെ സേവനം ഉറപ്പാക്കി. വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും. പൊലീസ് പരിശോധന കടുപ്പിച്ചു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എറണാകുളം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. റൂറല്‍ എസ്‌പി കെ കാര്‍ത്തിക്‌, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എസ് ശ്രീദേവി, പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top