13 July Monday

തൊഴിലുറപ്പ്‌: മുൻകൂർ പണം അനുവദിക്കണം : ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020


സ്വന്തം ലേഖകൻ
തൊഴിലുറപ്പിന്‌ 40,000 കോടി അധികമായി അനുവദിച്ചത്‌ നല്ലതാണെങ്കിലും തൊഴിലാളികൾക്ക്‌ കൂലി മുൻകൂറായി നൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തത്‌ ഖേദകരമാണെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. 7500 രൂപ വീതം എല്ലാവർക്കും അക്കൗണ്ടുകളിൽ മുൻകൂറായി നൽകണമെന്നായിരുന്നു ആവശ്യം. ഈ പണം ജോലി ചെയ്യുമ്പോൾ തിരികെ പിടിക്കാം‌. ജനങ്ങൾക്ക്‌ പണം ലഭിക്കാൻ ഇത്തരം നടപടികൾ വേണം. പൂർണമായും തൊഴിൽ നഷ്‌ടപ്പെട്ട ഘട്ടത്തിൽ തുക ഇരട്ടിയാക്കണമെന്ന ആവശ്യവും അനുവദിച്ചിട്ടില്ല.  തൊഴിൽ നൽകാനാവില്ലെങ്കിൽ, തൊഴിലില്ലായ്‌മ വേതനമെന്ന നിയമം പാലിക്കപ്പെടുന്നില്ല.

വ്യവസായം തുടങ്ങുന്നത്‌ ലളിതമാക്കാനെന്ന പേരിൽ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങൾ കേരളം അംഗീകരിക്കില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നയമാണത്‌. വിതരണം സ്വകാര്യവൽക്കരിക്കുന്ന ഊർജ മേഖലാ പരിഷ്‌കരണത്തോടും യോജിപ്പില്ല. ഇത്തരം നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സന്ദർഭമായി പ്രതിസന്ധിഘട്ടത്തെ മാറ്റരുത്‌. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ നിലപാട്‌ കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി‌ പറഞ്ഞു.

ഈ വർഷത്തേക്കുള്ള മൂന്നുശതമാനം  വായ്‌പയുടെ  മുക്കാൽപങ്കും എടുക്കാൻ അനുമതി നൽകിയെന്നാണ്‌ കേന്ദ്ര ധനമന്ത്രി പറഞ്ഞത്‌. ഇത്‌ ഒമ്പത്‌ മാസത്തേക്കുള്ള പണമാണ്‌.  കേരളം ജനങ്ങൾക്ക്‌ നൽകാൻ  9000 കോടി എടുത്തു. 13,000 കോടിയാണ്‌ അനുവദിച്ചത്‌. 

മറ്റ്‌ സംസ്ഥാനങ്ങൾ മാറി നിന്നു. എന്നാൽ ഇനി എല്ലാ സംസ്ഥാനങ്ങളും എടുക്കുന്ന വായ്‌പയുടെ അളവ്‌ കൂടും. അങ്ങനെ വരുമ്പോൾ ബാങ്കുകൾ പലിശ കൂട്ടും. നിലവിൽ ഒമ്പത്‌ ശതമാനമാണ്‌ പലിശ. ഇത്‌ ഒഴിവാക്കാനാണ്‌ റിസർവ്‌ ബാങ്ക്‌ നേരിട്ട്‌ പണം നൽകണമെന്ന്‌ ആവശ്യപ്പെടുന്നത്‌. ഇതിന്‌ റിസർവ്‌ ബാങ്കിന്‌ സംസ്ഥാനങ്ങളുടെ ബോണ്ട്‌ നേരിട്ട്‌ വാങ്ങാം. അല്ലെങ്കിൽ കേന്ദ്രം ബോണ്ട്‌ വാങ്ങി റിസർവ്‌ ബാങ്കിന്‌ നൽകമെന്നും ഐസക്‌ ആവശ്യപ്പെട്ടു.
 


പ്രധാന വാർത്തകൾ
 Top