27 May Monday

പണവും കാറും തട്ടിയെടുത്തു ; കണ്ഠര് മോഹനരര്‍ക്കെതിരെ അമ്മ ഹൈക്കോടതിയില്‍

നിയമകാര്യ ലേഖകൻUpdated: Thursday Apr 18, 2019


കൊച്ചി
ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനരും ഭാര്യയും പണവും കാറും തട്ടിയെടുത്തെന്നാരോപിച്ച് അമ്മ ദേവകി അന്തർജനം ഹൈക്കോടതിയെ സമീപിച്ചു.
ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യയാണ് ദേവകി അന്തർജനം. 2018 മേയിൽ മഹേശ്വരര് അന്തരിച്ചതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്തെന്നും തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാർ മറ്റൊരാൾക്ക് വിറ്റെന്നും ഹർജിയിൽ പറയുന്നു. മഹേശ്വരരുടെയും ഭാര്യയുടെയും പേരിലുള്ള ഫെഡറൽബാങ്കിന്റെ ചെങ്ങന്നൂർ ശാഖയിലെ അക്കൗണ്ടിൽനിന്ന് 41.63 ലക്ഷം രൂപ മോഹനരും ഭാര്യയും ചേർന്ന് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റി. 83 വയസുള്ള രോഗിയായ തനിക്ക് ബാങ്കിൽ കയറിയിറങ്ങാൻ കഴിയാത്തതിനാൽ ഇടപാടുകൾ നടത്താൻ മൂത്ത മകനായ മോഹനരെ ചുമതലപ്പെടുത്തിയിരുന്നു. ഇത‌് ദുരുപയോഗം ചെയ്താണ് പണം തട്ടിയെടുത്തതെന്നും  മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയെന്നും ദേവകി അന്തർജനം ആരോപിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് മകൾക്കൊപ്പമാണ് താമസം. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്താൻ മോഹനരരും ഭാര്യയും അനുവദിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് മെയിന്റനൻസ് ട്രിബ്യൂണലിൽ പരാതി നൽകി. മാർച്ച് 15 നകം പ്രതിവിധിയുണ്ടാകുമെന്ന് പറഞ്ഞി

രുന്നെങ്കിലും കേസ്  26 ലേക്ക് മാറ്റി. ഇപ്പോൾ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാൻ വീണ്ടുംമാറ്റി. പ്രായവും രോഗവും കണക്കിലെടുത്ത് അടിയന്തര സഹായം വേണമെന്നാവശ്യപ്പെട്ട് ഉപഹർജി നൽകിയിട്ടുണ്ട്. കേസ് നിലവിലിരിക്കെ ഹർജിക്കാരിയുടെ വീട് ഇവരുടെ അറിവോ സമ്മതമോയില്ലാതെ പൊളിച്ചുനീക്കിയെന്നും ഹർജിയിൽ പറയുന്നു.  ഹർജി പരിഗണിച്ച ഹൈക്കോടതി ഏപ്രിൽ 26ന് മധ്യസ്ഥ ചർച്ച നടത്താൻ നിർദേശിച്ചു.
 


പ്രധാന വാർത്തകൾ
 Top