27 May Wednesday

കോവിഡ്‌ 19 : വീടുകളിൽ 257 പേർകൂടി നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020

എറണാകുളം സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരെ പരിശോധിക്കുന്നു


കൊച്ചി
കോവിഡ്‌–-19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ചൊവ്വാഴ്‌ച 257 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ ജില്ലയിൽ തങ്ങിയപ്പോൾ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയതായി സംശയിക്കുന്നവരാണ്‌ ഇതിൽ 149 പേരും. മാർച്ച് ആറുമുതൽ എട്ടുവരെയാണ്‌ ബ്രിട്ടീഷ്‌ പൗരൻ ജില്ലയിൽ തങ്ങിയത്‌. 80 പേർ വിമാനത്താവളത്തിലെ സ്ക്രീനിങ്‌വഴി എത്തിയവരും 28 പേർ നേരിട്ട് ആശുപത്രികളിൽ എത്തിയവരുമാണ്.  ഇതുവരെ 998 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.

എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ഐസൊലേഷൻ വാർഡിൽ ഒരാളെ പുതുതായി പ്രവേശിപ്പിച്ചു. 10 പേരെ വിട്ടയച്ചു. ആശുപത്രികളിൽ 21 പേരാണ് നിരീക്ഷണത്തിലുള്ളത്. 14 പേർ ഗവ. മെഡിക്കൽ കോളേജിലും ഏഴുപേർ മൂവാറ്റുപുഴയിലുമാണ്. ചൊവ്വാഴ്‌ച 23 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. ഇതോടെ അയച്ച സാമ്പിളുകളുടെ എണ്ണം 440 ആയി. 397 എണ്ണത്തിന്റെ ഫലം ലഭിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 282 പേർക്ക് ഭക്ഷ്യസാധനങ്ങൾ എത്തിച്ചു.

ചൊവ്വാഴ്‌ച കൊറോണ കൺട്രോൾറൂമിൽ എത്തിയത് 490 ഫോൺവിളി. 223 എണ്ണം നാട്ടുകാരിൽനിന്നും 134 എണ്ണം നിരീക്ഷണത്തിലുള്ളവരെ പരിചരിക്കുന്നവരിൽനിന്നും 31 എണ്ണം ആരോഗ്യ സ്ഥാപനങ്ങളിൽനിന്നും 102 എണ്ണം ഫോളോ അപ് കോളുകളുമാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നുണ്ടെന്നറിയിച്ച് വിളികളെത്തി. തുടർനടപടികൾക്കായി പൊലീസിനെ അറിയിച്ചു. നിർദേശം അവഗണിച്ചും നേഴ്സിങ് സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നറിയിച്ചും ചിലർ വിളിച്ചു.

വീഡിയോ കോൾ സംവിധാനത്തിലൂടെ 17 പേരുമായി ഡോക്ടർമാർ സംവദിച്ചു. സർവെയ്‌ലൻസ്‌ യൂണിറ്റിൽനിന്ന്‌ വിളിക്കുമ്പോൾ ഡോക്ടറുമായി സംസാരിക്കണമെന്ന്‌ ആവശ്യപ്പെടുന്നവർക്കാണ് ഈ സംവിധാനം. 24 മണിക്കൂറും ഈ സേവനം ലഭിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശ, അങ്കണവാടി പ്രവർത്തകർക്ക്‌ പ്രത്യേകം ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ബോട്ട് ജെട്ടികളിലും നിരീക്ഷണം
മട്ടാഞ്ചേരി
ജലഗതാഗതവകുപ്പിന്റെ എറണാകുളം ബോട്ട് ജെട്ടിയിൽ കൊച്ചിയിലെത്തുന്ന സഞ്ചാരികളെ നിരീക്ഷിക്കാൻ ഡിടിപിസി അധികൃതരും. വിദേശസഞ്ചാരികളടക്കം നിരവധിപേരാണ്‌ ബോട്ടുമാർഗം എറണാകുളത്തുനിന്ന് ഫോർട്ടുകൊച്ചി ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നത്. ഇവരെ എറണാകുളം ജെട്ടിയിൽനിന്ന്‌ വിവരങ്ങൾ ചോദിച്ചാണ് യാത്രയാക്കുന്നത്. കൂടാതെ കോവിഡ്–-19 പ്രതിരോധിക്കുന്നതിനുള്ള ബോധവൽക്കരണവും നടത്തുന്നുണ്ട്. പ്രധാന ബോട്ട് ജെട്ടികളിൽ പരിശോധന നടത്തുന്നതിനായി ജലഗതാഗതവകുപ്പ്, ആരോഗ്യവകുപ്പ് അധികൃതരുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചമുതൽ ബോട്ട് ജെട്ടികളിൽ പരിശോധന ആരംഭിക്കും.


പ്രധാന വാർത്തകൾ
 Top