02 June Tuesday
യുഡിഎഫ്‌ ഭരിക്കുന്ന കൊന്നത്തടി പഞ്ചായത്തിൽ പ്രളയസഹായ വിതരണത്തിൽ വൻഅഴിമതി

യുഡിഎഫ്‌ അഴിമതി: ഡിസിസി സെക്രട്ടറിക്ക് പിന്നാലെ കരാറുകാരനും പ്രളയവീട്

സ്വന്തം ലേഖകൻUpdated: Wednesday Mar 18, 2020

ചെറുതോണി > മൂന്ന് ഏക്കറും 50 ലക്ഷം രൂപ വിലമതിക്കുന്ന വീടും സ്വന്തമായുള്ള കരാറുകാരന്‌ പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ നാലുലക്ഷം രൂപയുടെ വീട് നൽകി പഞ്ചായത്ത് ഭരണസമിതി. പെരിഞ്ചാംകുട്ടി കവുങ്ങുംമറ്റത്തിൽ ഷിജു തോമസിനാണ് നാലുലക്ഷത്തിന്റെ വീട് ലഭിച്ചത്.

സ്വന്തം പേരിൽ വീടും മൂന്നരയേക്കർ ഭൂമിയുമുള്ള ഡിസിസി സെക്രട്ടറി ജെയ്‌സൺ ആന്റണിക്ക്‌ അമ്മയുടെ പേരിൽ പ്രളയവീട്‌ നൽകിയ, കൊന്നത്തടി പഞ്ചായത്താണ്‌ ഷിജു തോമസിനും വീട്‌ അനുവദിച്ചത്‌. പ്രളയത്തിൽ വീട്‌ തകർന്ന പാവങ്ങൾക്ക് ലഭിക്കേണ്ട ദുരിതാശ്വാസ ഫണ്ട്‌ കോൺഗ്രസ്‌ നേതാക്കൾക്കും കരാറുകാർക്കും പകുത്തുനൽകിയിരിക്കുകയാണ്‌ പഞ്ചായത്ത്‌ ഭരണസമിതി. 

ഡിസിസി സെക്രട്ടറി പണിയുന്ന വീടിന്റെ തൊട്ടടുത്താണ്‌ ഷിജു തോമസിനും വീട് ലഭിച്ചത്‌. സ്വന്തം പേരിലുള്ള മൂന്നേക്കർ കൃഷിയിടത്തിന്‌ തൊട്ടടുത്തായി അടുത്തനാളിൽ വാങ്ങിയ അര ഏക്കറിലാണ് വീട്‌ നിർമിക്കുന്നത്. ജില്ലയിലും പുറത്തും കരാർജോലി ചെയ്യുന്നയാളാണ് ഷിജു. കോളേജ്‌ അധ്യാപകനായ സഹോദരൻ രണ്ടുനില വീടുവച്ച്‌ മാറി താമസിക്കുന്നു. മാതാപിതാക്കൾ ഷിജുവിനൊപ്പമാണ്‌. 2018ലെ പ്രളയത്തിൽ വീട്‌ തകർന്നവരുടെ പട്ടികയിലാണ് ഇയാളുടെ പേര്‌ അനധികൃതമായി ഇടംപിടിച്ചത്. നിലവിലുള്ള വീട് പൂർണമായി  തകർന്നുപോയെന്നാണ് എൻജിനിയറും വാർഡ്തല സമിതിയും റിപ്പോർട്ട് നൽകിയത്.

കൊന്നത്തടി പഞ്ചായത്തിൽ ഒട്ടേറെപ്പേർ അനധികൃതമായി സർക്കാർ പണം കൈക്കലാക്കിയിട്ടുണ്ടെന്നാണ് വിവരം. 2018ൽ പഞ്ചായത്തുകൾ പട്ടിക തയ്യാറാക്കിയപ്പോഴാണ് യുഡിഎഫ് പഞ്ചായത്തുകളിൽ കൊടിയ അഴിമതിക്ക് കളമൊരുങ്ങിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top