07 June Sunday

വാളയാർ പീഡനക്കേസ്‌ : 3 പേരെ വീണ്ടും അറസ്‌റ്റ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020


സ്വന്തം ലേഖിക
വാളയാര്‍ പീഡനക്കേസില്‍ പാലക്കാട് പോക്‌സോ കോടതി വിട്ടയച്ച നാലുപേരില്‍ മൂന്നുപേരെ ചൊവ്വാഴ്‌ച അറസ്റ്റ്ചെയ്തു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ പാമ്പാംപള്ളം കല്ലങ്കാട് സ്വദേശികളായ എം മധു (കുട്ടിമധു), വി മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരെയാണ്‌ അറസ്റ്റുചെയ്തത്‌. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പോക്‌സോ കോടതി ജഡ്ജി എസ് മുരളീകൃഷ്ണ 50,000 രൂപ വീതമുള്ള രണ്ടാൾ ജാമ്യത്തിലാണ്‌ ഇവരെ വിട്ടത്. 

മറ്റൊരു പ്രതിയായ ഇടുക്കി സ്വദേശി ഷിബുവിനെ ഉടനെ കോടതിയിൽ ഹാജരാക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശം ലഭിച്ചതിനു പിന്നാലെ എം മധുവിനെയും വി  മധുവിനെയും പൊലിസ്  കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇരുവരെയും പൊലീസാണ്  ചൊവ്വാഴ്ച കോടതിയില്‍ എത്തിച്ചത്. പ്രദീപ്കുമാര്‍ അഭിഭാഷകനൊപ്പം കോടതിയില്‍ ഹാജരായി.

പ്രായപൂര്‍ത്തിയാകാത്ത രണ്ട്‌ ദളിത്‌ സഹോദരിമാര്‍ വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍  നാലുപേരെയും തെളിവുകളുടെ അഭാവത്തില്‍ പോക്‌സോ കോടതി  വിട്ടയച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ  പാലക്കാട്‌ ജുവൈനല്‍ കോടതിയില്‍ പുരോഗമിക്കുന്നു.

നാലുപേരെ വിട്ടയച്ച പോക്‌സോ കോടതി വിധി റദ്ദാക്കണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാരും കുട്ടികളുടെ രക്ഷിതാക്കളും ഹൈക്കോടതിയില്‍ അപ്പിൽ നൽകിയിരിന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ സർക്കാർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ്‌ വിട്ടയച്ച  പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്‌.
 


പ്രധാന വാർത്തകൾ
 Top