03 April Friday

സാഹസിക ടൂറിസം: സുരക്ഷാമാനദണ്ഡങ്ങളായി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


തിരുവനന്തപുരം
സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ സുരക്ഷാമാനദണ്ഡങ്ങൾ തയ്യാറാക്കി. 

ഇതിന്റെ ഭാഗമായി സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി രജിസ്ട്രേഷൻ സംവിധാനവും ഏർപ്പെടുത്തി. 
കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി സംസ്ഥാനത്ത്‌ നിലവിൽ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് സുരക്ഷാമാനദണ്ഡങ്ങൾ തയ്യാറാക്കിയത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും മാനദണ്ഡങ്ങൾ പാലിക്കണം. കര, ജല, വ്യോമമേഖലയിലെ സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കിയ സാഹസിക ടൂറിസം മാർഗരേഖയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ സാഹചര്യങ്ങൾക്കനുയോജ്യമായ രീതിയിലാണ് മാനദണ്ഡം തയ്യാറാക്കിയത്.

 ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും  മേഖലയിലെ വിദഗ്ധരുമടങ്ങിയ സമിതിയുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങൾക്ക്‌ രജിസ്ട്രേഷൻ അനുവദിക്കുക. രണ്ട് വർഷമാണ് രജിസ്ട്രേഷൻ കാലാവധി.  രജിസ്ട്രേഷൻ അനുവദിക്കുന്നതിന് വ്യക്തികളുടെ യോഗ്യത, അനുഭവജ്ഞാനം, ഉപകരണങ്ങളുടെ ഗുണനിലവാരം, പ്രഥമ ശുശ്രൂഷയിൽ ഉണ്ടായിരിക്കേണ്ട അറിവ് എന്നിവ  വിലയിരുത്തും. സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷയും ആവശ്യമാണ്.


പ്രധാന വാർത്തകൾ
 Top