16 February Saturday

കൊല്ലം സീറ്റും വേണമെന്ന‌് കോൺഗ്രസ‌് നേതാക്കൾ ; യുഡിഎഫ‌് യോഗം പ്രഹസനമായി

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019


സ്വന്തം ലേഖകൻ
ലോക‌്സഭാ തെരഞ്ഞെടുപ്പ‌് സീറ്റ‌് വിഭജനം ചർച്ചചെയ്യാൻ ചേർന്ന യുഡിഎഫ‌് യോഗം പ്രഹസനമായി. പതിവുപോലെ ഘടകകക്ഷികൾ സീറ്റും അധിക സീറ്റും ആവശ്യപ്പെട്ടെങ്കിലും ഒന്നുപോലും വിട്ടുനൽകാൻ കോൺഗ്രസ‌് തയ്യാറല്ല.  എങ്കിലും ഘടകകക്ഷികളിലെ സ്ഥാനമോഹികളുടെയും അണികളുടെയും കണ്ണിൽപ്പൊടിയിടുകയെന്ന ലക്ഷ്യത്തോടെ ഉഭയകക്ഷി ചർച്ച നടത്താൻ യുഡിഎഫ‌് യോഗത്തിൽ ധാരണ. ഘടകകക്ഷികൾക്ക‌് പുതുതായി സീറ്റ‌് നൽകില്ലെന്ന‌് മാത്രമല്ല, ആർഎസ‌്പിയുടെ കൈവശമുള്ള കൊല്ലം സീറ്റുകൂടി ഏറ്റെടുക്കണമെന്നാണ‌് ഒരുവിഭാഗം കോൺഗ്രസ‌് നേതാക്കളുടെ  അഭിപ്രായം.

മുസ്ലിംലീഗും കേരള കോൺഗ്രസുമാണ‌് അധിക സീറ്റ‌് ആവശ്യപ്പെട്ടത‌്. ലീഗിന‌് മലപ്പുറത്തിനും പൊന്നാനിക്കും പുറമെ ഒരുസീറ്റ‌് കൂടി വേണം. കേരള കോൺഗ്രസ‌് മാണി വിഭാഗത്തിന‌് കോട്ടയത്തിന‌് പുറമെ ഇടുക്കിയും. ഇടുക്കിക്ക‌് വേണ്ടി ജേക്കബ‌് വിഭാഗവും അവകാശവാദമുന്നയിച്ചു. ശബരിമല വിഷയത്തിൽ യുഡിഎഫിന‌് വ്യക്തമായ ഒരു നിലപാടില്ലാതെ വന്നത‌് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന‌് ഘടകകക്ഷികൾ പൊതുവികാരമായി സൂചിപ്പിച്ചു.

കേന്ദ്രത്തിൽ കോൺഗ്രസ‌് അധികാരത്തിൽവന്നാൽ ശബരിമല വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരുമെന്ന‌് തെരഞ്ഞെടുപ്പ‌് വാഗ‌്ദാനമായി പ്രഖ്യാപിക്കണമെന്ന‌് ‌ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പി സി ജോർജിനെ മുന്നണിയിൽ എടുക്കേണ്ടെന്നും ഘടകകക്ഷികൾ അഭിപ്രായപ്പെട്ടു. എന്നാൽ, യുഡിഎഫിൽ എടുക്കാനല്ല, കോൺഗ്രസുമായി സഹകരിക്കാനാണ‌്  ജോർജ‌് അപേക്ഷ നൽകിയതെന്ന‌്  പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആ വിഷയം യുഡിഎഫ‌് ചർച്ച ചെയ്യേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ 23 ന‌് സെക്രട്ടറിയറ്റും കലക്ടറേറ്റുകളും ഉപരോധിക്കും. കോൺഗ്രസും കേരള കോൺഗ്രസും നടത്തുന്ന  ജാഥകൾക്ക‌് പിന്തുണ നൽകാൻ തീരുമാനിച്ചതായും ചെന്നിത്തല പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top