21 February Thursday

ശാസ്ത്രസാങ്കേതിക പദങ്ങൾക്ക് മലയാളപദങ്ങൾ കണ്ടെത്താൻ കഴിയണം:- മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019


തിരുവനന്തപുരം   
ശാസ്ത്രസാങ്കേതിക പദങ്ങൾക്ക് മലയാളപദങ്ങൾ കണ്ടെത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിലൂടെ മാത്രമേ മലയാളഭാഷ വികസിക്കൂ. ഭാഷയുടെ നവീകരണവും ഇതിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവവിജ്ഞാനകോശം പതിനേഴാം വാല്യം പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇംഗ്‌ളീഷ് പദങ്ങൾക്കെല്ലാം തമിഴിൽ സമാനപദങ്ങളുണ്ട്. അതാണ് തമിഴ് ഭാഷയുടെ വികാസത്തിന് അടിസ്ഥാനം. ബോയിലിങ‌് പോയിന്റിന് അവർ ‘തിളനില’ എന്ന വാക്ക് ഉപയോഗിക്കുന്നു. അത് കേൾക്കുമ്പോൾ മലയാളിക്കും മനസ്സിലാകും. അതേസമയം ബോയിലിങ‌് പോയിന്റിന് നാം നൽകിയിരിക്കുന്ന പദം ക്വതനാങ്കം എന്നാണ്. എളുപ്പത്തിൽ അറിയാൻ കഴിയുന്ന വാക്കുകളെ ബുദ്ധിമുട്ടുള്ള സംസ്‌കൃതവാക്കുകൾ കൊണ്ട് പകരംവയ്ക്കരുത്. ഇത്രയും നാളായിട്ടും സിഡിക്ക‌് മലയാളം വാക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
തമിഴിൽ അതിനും വാക്കുണ്ട‌്. റോബോട്ടിനും നമുക്ക് മലയാളമില്ല. തമിഴർ റോബോട്ട് എന്ന് കേട്ടാൽ ‘യന്തിരൻ’ എന്ന് ഉടൻ പറയും. മനസ്സുവച്ചാൽ നമുക്കും നല്ല മലയാളപദങ്ങൾ കണ്ടെത്താനാകും. സർവവിജ്ഞാനകോശം തയ്യാറാക്കുന്നവർ ഇക്കാര്യം മനസ്സിൽ വയ്ക്കണം. ഭാഷ അല്ല അറിവ്. അറിവ് പകരാനുള്ള മാധ്യമമാണ് ഭാഷ. ശാസ‌്ത്രസാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ സാധാരണക്കാർക്ക‌്  മനസ്സിലാകത്തക്ക രീതിയിൽ അവതരിപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു . നവകേരള നിർമിതിയും വൈജ്ഞാനിക സമ്പത്തിന്റെ പ്രയോഗവും എന്ന വിഷയത്തിൽ സെമിനാർ നടന്നു.

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എ ആർ രാജൻ അധ്യക്ഷനായി. സർവവിജ്ഞാനകോശം പുതിയ വാല്യം  പി എസ‌്‌സി അംഗം ആർ പാർവതിദേവി മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻനായർ,  പ്രൊഫ. കെ എൻ  ഗംഗാധരൻ, എസ‌് രാജലക്ഷ‌്മി,  എം  ശശിധരൻ,  അനിരുദ്ധൻ എന്നിവർ സംസാരിച്ചു


പ്രധാന വാർത്തകൾ
 Top