20 February Wednesday

കെ സ്വിഫ്റ്റ‌് പദ്ധതി മാർച്ചിൽ പൂർണ സജ്ജമാകും: മന്ത്രി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

കൊച്ചി
പതിനാല‌് വകുപ്പുകളിലൂടെയുള്ള 29 സേവനങ്ങൾ സമയബന്ധിതമായി കെ സ്വിഫ്റ്റിലൂടെ നടപ്പാക്കുന്ന പദ്ധതിക്ക‌് മാർച്ചിൽ തുടക്കമാകുമെന്ന‌് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന‌് ലൈസൻസുകളും ക്ലിയറൻസുകളും വേഗത്തിൽ ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണ‌് കെ -സ്വിഫ‌്റ്റ‌്. ഓൺലൈൻ വഴിയുള്ള ഈ ഏകജാലക സംവിധാനത്തിന്റെ ആദ്യഘട്ട ലോഞ്ചിങ‌് കഴിഞ്ഞയാഴ‌്ചയിൽ നടത്തി. അനുയോജ്യമായ മാറ്റങ്ങൾ വരുത്തി  ഏറ്റവും പുതിയ പതിപ്പിന്റെ സംസ്ഥാനതല ഉദ‌്ഘാടനം എറണാകുളത്ത‌് ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്നും മാർച്ച‌് ആദ്യവാരംമുതൽ ഇതിന്റെ പ്രയോജനം സംരംഭകർക്ക‌് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ടിസിസിയുടെ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കെ സ്വിഫ‌്റ്റ‌് വഴി 30 ദിവസത്തിനുള്ളിൽ അപേക്ഷകളിൽ തീരുമാനം ഉണ്ടാകും. രേഖകൾക്ക‌് കൃത്യമായിട്ടും 30 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കിൽ കൽപ്പിത അനുമതി (ഡീംഡ് ക്ലിയറൻസ്) ലഭിക്കും. 30 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കിൽ 31–-ാം ദിവസം മുതൽ അനുമതി ലഭിച്ചതായി കണക്കാക്കി സംരംഭകന‌് വ്യവസായം തുടങ്ങാം. മനഃപൂർവം താമസം വരുത്തുന്നത‌് ഏത‌് വകുപ്പാണെന്ന‌് പരിശോധിച്ച‌് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. വ്യവസായരംഗത്തു മാത്രമല്ല, വാണിജ്യ രംഗത്തും പുതിയ സാധ്യതകൾ തുറക്കുകയാണ‌് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സുശീൽഖന്ന ചെയർമാനായി വാണിജ്യ മിഷൻ രൂപീകരിച്ചിട്ടുണ്ട‌്. സംസ്ഥാനത്തിന്റെ തനത‌് ഉൽപ്പന്നങ്ങൾക്കും കരകൗശല വസ‌്തുക്കൾക്കുമൊക്കെ ദേശീയ–- അന്തർദേശീയ വിപണി കണ്ടെത്തുകയും വിപണനം മെച്ചപ്പെടുത്തുകയുമാണ‌് ലക്ഷ്യം.

ഈ സർക്കാർ അധികാരത്തിലേറുമ്പോൾ  പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. ആദ്യ വർഷംകൊണ്ടുതന്നെ  നഷ്ടം 71 കോടി രൂപയായി കുറച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ പൊതുമേഖലാ ലാഭം 106.91 കോടി രൂപയായി. 2017–-18 സാമ്പത്തിക വർഷം 14 സ്ഥാപനങ്ങൾ ലാഭത്തിലാക്കാൻ കഴിഞ്ഞു.  വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറി. എൻസിഇഎആർ 2018ൽ പുറത്തിറക്കിയ വ്യവസായ സൗഹൃദ സൂചികയിൽ കേരളം ആറാമതാണിപ്പോൾ. ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേർന്ന് 2018 ഡിസംബറിൽ തയ്യാറാക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ വ്യവസായ–-നൂതനാശയ വിഭാഗത്തിൽ കേരളം ഇന്ത്യയിൽ രണ്ടാമതാണ്. സുസ്ഥിര വികസനത്തിൽ ഒന്നാമതും.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യം ലാഭത്തിലായ സ്ഥാപനമാണ‌് ടിസിസി.  7.37 കോടി രൂപ നഷ്ടത്തിലായിരുന്നു. അവിടെനിന്നാണ‌് ആദ്യവർഷം കൊണ്ടുതന്നെ 6.33 കോടി രൂപ ലാഭത്തിൽ എത്തിച്ചത‌്. ഇപ്പോൾ  ഉയർന്ന ലാഭമായ 35.04 കോടി രൂപയും വിറ്റുവരവായ 243.10 കോടി രൂപയും നേടി. ഈ സാമ്പത്തികവർഷം ഡിസംബർ വരെ ലാഭം 23 കോടിയാണ്.
ടിസിസിയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമാക്കി 60 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുകയാണ്. ഇതോടെ കമ്പനിയുടെ വിറ്റുവരവ് പ്രതിവർഷം 250 കോടിയിൽനിന്ന്  600 കോടി രൂപയാകും. വൈദ്യുതി ഉപഭോഗത്തിൽ വരുന്ന കുറവിലൂടെ  3.8 കോടി രൂപയോളം പ്രതിവർഷം ലാഭമുണ്ടാകും. കമ്പനിയുടെ ശമ്പളപരിഷ‌്കരണ കരാർ സംബന്ധിച്ച‌് ഉടൻ ചർച്ച നടത്തും. ഇക്കാര്യത്തിൽ ജീവനക്കാർക്ക‌് ആശങ്ക വേണ്ട. നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാസ്ഥാപനമെന്ന നിലയ‌്ക്ക‌് സംസ്ഥാന സർക്കാർ ടിസിസിക്ക‌് ഉടൻതന്നെ സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top