06 December Friday

കേരള സർവകലാശാലയിലെ അനധികൃത മോഡറേഷൻ : ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ കത്ത്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019


തിരുവനന്തപുരം
കേരള സർവകലാശാലയിൽ അനധികൃതമായി മോഡറേഷൻ നൽകി  തോറ്റ വിദ്യാർഥികളെ വിജയിപ്പിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്താൻ വൈസ്‌ ചാൻസലർ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ കത്ത്‌ നൽകി. പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അന്വേഷണം നടത്തണമെന്നാണ്‌ ആവശ്യം. സർവകലാശാല നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്‌ അടിയന്തരമായി ലഭ്യമാക്കാനും നിർദേശം നൽകി.

2016 ജൂൺ മുതൽ 2019 ജനുവരിവരെ നടന്ന വിവിധ പരീക്ഷകളിൽ മോഡറേഷൻ മാർക്ക്‌ കൃത്രിമമായി നൽകിയെന്നാണ്‌ പരാതി. ഇതേ ക്കുറിച്ച്‌ അന്വേഷിക്കാൻ  പ്രോ വൈസ്‌ ചാൻസലറുടെ നേതൃത്വത്തിൽ മൂന്നംഗസമിതി രൂപീകരിച്ചിട്ടുണ്ട്‌. സമിതി തിങ്കളാഴ്‌ച  തെളിവെടുക്കും. അടുത്ത സിൻഡിക്കറ്റ്‌ യോഗത്തിനുമുമ്പ്‌ സമിതി റിപ്പോർട്ട്‌ നൽകും. അതിനിടെ,  പരീക്ഷാഭവനിലെ ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുണ്ട്‌.

കർശന നടപടിയുണ്ടാകും: സർവകലാശാല
തിരുവനന്തപുരം
മാർക്ക്‌ തിരിമറി നടത്തിയത്‌ സംബന്ധിച്ച്‌ വിദഗ്‌ധരെ ഉൾപ്പെടുത്തി അന്വേഷണം നടത്തുന്നുണ്ടെന്ന്‌ കേരള സർവകലാശാല വാർത്താകുറിപ്പിൽ അറിയിച്ചു. വീഴ്ചകൾ വരുത്തിയവർക്കെതിരെ വകുപ്പുതല നടപടികൾ എടുത്തു. 

2016 മുതൽ നടന്ന ചില മാർക്ക് തിരിമറികളാണ് സർവകലാശാലയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്‌. ചില തൊഴിലധിഷ്‌ഠിത കോഴ്സുകളുടെ പരീക്ഷകളിൽ മോഡറേഷൻ നൽകിയതിലാണ്‌ തിരിമറി നടന്നത്‌.  അതത് പാസ് ബോർഡുകൾ നിശ്ചയിച്ചതിലും കൂടുതൽ മാർക്ക്‌  ഓൺലൈനായി കൂട്ടിച്ചേർത്തു. 

ബാഹ്യശക്തികളുടെ ഇടപെടലിനുള്ള സാധ്യതകൂടി കണ്ടാണ് പഴുതടച്ച അന്വേഷണത്തിന് യോഗ്യമാകുന്ന തരത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കത്തെഴുതിയത്. തിരിമറി കണ്ടെത്തിയ മാർക്ക്‌ലിസ്റ്റുകൾ റദ്ദാക്കി പുതിയത് നൽകും. ഈ സാഹചര്യത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്‌ സർവകലാശാലയുടെ ശുദ്ധീകരണ പ്രക്രിയ തടസപ്പെടുത്തുമെന്നും സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.

 


പ്രധാന വാർത്തകൾ
 Top