05 December Thursday

40 നാൾ ; കലക്ടറേറ്റ് വളപ്പിൽ വീടുയരും

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യയില്‍ തയ്യാറാക്കുന്ന സംസ്ഥാനത്തെ ആദ്യ മാതൃകാഭവനത്തിന്‌ യു വി ജോസ് സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ തറക്കല്ലിടുന്നു


തൃക്കാക്കര
40 ദിവസംകൊണ്ട് കലക്ടറേറ്റ് വളപ്പിൽ ഒരു വീട് ഉയരും. പതിവുരീതികളെല്ലാം മാറി സിമന്റും കമ്പിയും ഇഷ്ടികയും ഒന്നുമില്ലാത്ത വീട്. ഉയർന്ന സാന്ദ്രതയിലുള്ള സിമന്റ് ബോർഡുകൾ ഉപയോഗിച്ചാണ് ചുമരുകൾ. അലുമിനിയം ഗ്രില്ലുകൾ ഉപയോഗിച്ച് ജനലുകൾ. സ്ലാബുകൾക്കുപകരം ഗ്രാനൈറ്റ്. അങ്ങനെ തികച്ചും വ്യത്യസ്തമായ ഒരു വീട്. കേരളീയർക്ക് സുപരിചിതമല്ലാത്ത പ്രീ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യയാണ്‌ നിർമാണത്തിന്റെ പിന്നിലുള്ളത്‌. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ കൂടുതലായി ഉപയോഗിക്കുന്ന നിർമാണരീതിയും ഇതാണ്‌.

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് കീഴിലാണ്‌ കലക്ടറേറ്റ് വളപ്പിൽ മാതൃകാഭവനം നിർമിക്കുന്നത്‌. 520 ചതുരശ്രയടിയുള്ള വീട്ടിൽ  രണ്ട് മുറികളുണ്ടാകും. നിർമാണസാമഗ്രികളുടെ അധികച്ചെലവും വീടിനില്ല. 8.6 ലക്ഷം രൂപയാണ് ആകെ ചെലവ്. പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കരുത്തുറ്റ നിർമാണരീതിയാണ് പ്രീ ഫാബ്രിക്കേഷന്റെ മറ്റൊരു പ്രത്യേകത. സംസ്ഥാനത്ത് ആദ്യമായാണ് ഈ രീതിയിൽ ഒരു വീട് നിർമിക്കുന്നത്.

ആദ്യ വീടിന് ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ യു വി ജോസ് സിവിൽ സ്റ്റേഷൻ വളപ്പിൽ തറക്കല്ലിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, കലക്ടർ എസ് സുഹാസ്, ലൈഫ് മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ ഏണസ്റ്റ് സി തോമസ്,  ദാരിദ്ര ലഘൂകരണ വിഭാഗം ജില്ലാ പ്രോഗ്രാം ഡയറക്ടർ കെ ജി തിലകൻ എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top