06 December Friday

വിഷ്‌ണു ; മുണ്ടക്കൊല്ലിയിലെ ബോൾട്ട്‌ ; ദൂരം പൂർത്തിയാക്കിയത്‌ 53.82 സെക്കൻഡിൽ

പ്രദീപ്‌ ഗോപാൽUpdated: Sunday Nov 17, 2019


കണ്ണൂർ
ഓണത്തിന്‌ നാട്ടിൽപോയി വന്നതാണ്‌ വിഷ്‌ണു. ഇനി ക്രിസ്‌മസിന്‌. മുമ്പൊക്കെ നാട്ടിൽപോയി തിരിച്ചുവരാൻ മടിയായിരുന്നു. ഇന്ന്‌ ട്രാക്കിനുമുന്നിൽ വിഷ്‌ണു എല്ലാം മറക്കും. വരണ്ട കാലത്തെ ഇരുൾ നിറഞ്ഞ ജീവിതത്തെ ഓടിയോടി മായ്‌ക്കും. വേഗവര കടക്കുമ്പോൾ ഈ ആദിവാസി ബാലന്റെ മുഖത്ത്‌  നിറഞ്ഞചിരി. സംസ്ഥാന സ്‌കൂൾ കായികോത്സവ വേദിയായ കണ്ണൂർ സർവകലാശാല സിന്തറ്റിക്‌ ട്രാക്കിൽ സബ്‌ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ പൊന്നണിഞ്ഞശേഷം വിഷ്‌ണു പറഞ്ഞു. ‘എനിക്ക്‌  ബോൾട്ടിനെപ്പോലെ കുതിക്കണം’.

53.82 സെക്കൻഡിലാണ്‌ വിഷ്‌ണു ദൂരം പൂർത്തിയാക്കിയത്‌. തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യങ്കാളി സ്‌മാരക ഗവ. സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിയാണ്‌ വിഷ്‌ണു. വയനാട്‌ മുണ്ടക്കൊല്ലി സ്വദേശി. നാലുവർഷം മുമ്പാണ്‌ ചുരമിറങ്ങിയത്‌. അന്നുമുതൽ വിഷ്‌ണു ദൂരത്തെ സമയംകൊണ്ട്‌ തോൽപ്പിക്കാൻ പഠിച്ചു.  നിറമില്ലാത്ത ഓർമകളും ദുരിതകാലവുമെല്ലാം പിന്നിലേക്ക്‌ മാഞ്ഞു.

അമ്മയെക്കുറിച്ച്‌ വലിയ ഓർമകളില്ല. ഏതോ ഒരു കാലം അവർ അവനെ ഉപേക്ഷിച്ചുപോയി. അഞ്ച്‌ സഹോദരങ്ങളായിരുന്നു. സ്വന്തമായൊരു വീടില്ല. ബന്ധുവീടുകളിലായിരുന്നു ജീവിതം. അച്ഛൻ കുളിയൻ കൂലിപ്പണിക്ക്‌ പോകും. സഹോദരങ്ങൾ പഠിത്തം നിർത്തി പണിക്ക്‌ പോകുന്ന സമയം. വിഷ്‌ണുവും അതിനപ്പുറമൊരു ജീവിതം കണ്ടില്ല. റിലേ ഓടാൻ കൊതിച്ച ചേട്ടൻ ബിജു ആറാം ക്ലാസിൽ പഠിത്തം നിർത്തി കൂലിപ്പണിക്ക്‌ പോകുന്നത്‌ അവൻ നോക്കിനിന്നു.

സുൽത്താൻ ബത്തേരി ചീരാൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഉണ്ണിസാറാണ്‌ വിഷ്‌ണുവിനെ കൈപിടിച്ചുയർത്തിയത്‌. തുടർന്ന്‌ അയ്യൻകാളി സ്‌കൂളിന്റെ സെലക്‌ഷൻ ട്രയൽസ്‌. ജില്ലാതലം കഴിഞ്ഞുള്ള ചുരുക്കപ്പട്ടികയിൽ വിഷ്‌ണുവും ഉൾപ്പെട്ടു. പരിശീലകൻ പി ആർ എസ്‌ നായർ വിഷ്‌ണുവിലെ പ്രതിഭയെ മിനുക്കിയെടുത്തു. ജില്ലാ മീറ്റുകളിൽ മിന്നി. അമച്വർ മീറ്റിൽ 100ലും 600ലും സ്വർണം. ആ പതിമൂന്നുകാരൻ മുന്നോട്ടുതന്നെ. ഇനി 100ലും 200ലും മത്സരമുണ്ട്‌ വിഷ്‌ണുവിന്‌.


പ്രധാന വാർത്തകൾ
 Top