24 November Tuesday

നവംബർ 26ന്റെ പണിമുടക്ക്‌ വിജയിപ്പിക്കും : ട്രേഡ് യൂണിയനുകളുടെ സംയുക്തയോഗം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


തിരുവനന്തപുരം
നവംബർ 26ന്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളുടെ സംയുക്തയോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കും തൊഴിൽ നിയമഭേദഗതിക്കും കാർഷികമേഖലയുടെ കുത്തകവൽക്കരണത്തിനുമെതി‌‌രെയാണ്‌‌ പണിമുടക്ക്‌‌.

തൊഴിൽ നിയമങ്ങൾ തൊഴിലുടമകൾക്ക് അനുകൂലമായി ഭേദഗതി ചെയ്യുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനുമെതിരായ പ്രക്ഷോഭങ്ങളെ സർക്കാർ വകവയ്‌ക്കുന്നില്ലെന്ന്‌‌ യോഗം വിലയിരുത്തി. കർഷകസമരത്തെ അവഗണിച്ചാണ് കാർഷികമേഖലയിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന നിയമങ്ങൾ പാസാക്കിയത്‌. പാർലമെന്റിനെ നോക്കുകുത്തിയാക്കി. രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ സ്വകാര്യവൽക്കരിക്കുകയാണ്. പണിമുടക്ക്‌ വൻവിജയമാക്കാനും യോഗം തീരുമാനിച്ചു. പണിമുടക്കിന്റെ ഭാഗമായ സംസ്ഥാന കൺവൻഷൻ 24ന് ഓൺലൈനായി ചേരും.

യോഗത്തിൽ കെ പി രാജേന്ദ്രന്റെ (എഐടിയുസി) അധ്യക്ഷനായി. എളമരംകരീം (സിഐടിയു), ആർ ചന്ദ്രശേഖരൻ, വി ജെ ജോസഫ് (ഐഎൻടിയുസി), ജെ ഉദയഭാനു (എഐടിയുസി), ബാബു ദിവാകരൻ, ടി സി വിജയൻ (യുടിയുസി), സോണിയാ ജോർജ് (സേവ), വി കെ സദാനന്ദൻ (എഐയുടിയുസി), ടോമി മാത്യു (എച്ച്എംഎസ്), അഹമ്മദ്കുട്ടി ഉണ്ണിക്കുളം (എസ്ടിയു), അഡ്വ. ടി ബി മിനി (ടിയുസിഐ), കളത്തിൽ വിജയൻ (ടിയുസിസി), കവടിയാർ ധർമൻ (കെടിയുസി), ജോസ് പുത്തൻകാല (കെടിയുസി എം), എഴുകോൺ സത്യൻ (കെടിയുസി ജെ), ബിജു ആന്റണി (ജെഎൽയു), മനോജ് പെരുമ്പിള്ളി (ജെടിയു), വി വി രാജേന്ദ്രൻ (എഐസിടിയു), കെ ചന്ദ്രശേഖരൻ (എൻഎൽസി), ഉണ്ണികൃഷ്ണൻ (ഐഎൻഎൽസി) എ എസ് രാധാകൃഷ്ണൻ (എച്ച്എം കെപി), മോഹൻലാൽ (എൻടിയുഐ)എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top