25 May Monday

സിറ്റി ഗ്യാസ്‌ പദ്ധതി : വിലപേശുന്നു; വഴങ്ങാതെ അദാനി

എം എസ‌് അശോകൻUpdated: Thursday Oct 17, 2019

സിറ്റി ഗ്യാസ്‌ പദ്ധതിയുടെ രൂപരേഖ. പൈപ്പിടാനുള്ള അനുമതി നഗരസഭ നൽകാത്ത ഭാഗം വൃത്തത്തിൽ



കൊച്ചി
കൊച്ചി നഗരത്തിലെ സിറ്റി ഗ്യാസ്‌ പദ്ധതിയുടെ പൈപ്പിടൽ തടസ്സപ്പെടുത്തി കരാറുകാരായ അദാനി കമ്പനിയുമായി മേയറും കൂട്ടരും നടത്തുന്ന വിലപേശലിന്‌ കൂടുതൽ തെളിവുകൾ പുറത്ത്‌. പൈപ്പിടാൻ കുത്തിക്കുഴിക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിന്‌ കമ്പനിയുമായുണ്ടാക്കിയ മുൻ ധാരണയ്‌ക്ക്‌ വിരുദ്ധമായി ഭീമമായ തുക ചുമത്തിയാണ്‌ മേയറുടെയും കോർപറേഷൻ ഉദ്യോഗസ്ഥരുടെയും വിലപേശൽ. എന്നാൽ അദാനി കമ്പനി വഴങ്ങാൻ കൂട്ടാക്കാത്തതിനാൽ ഒരു വർഷമായിട്ടും നഗരത്തിൽ പൈപ്പിടൽ ആരംഭിച്ചിട്ടില്ല.

പൈപ്പിടാൻ വെട്ടിപ്പൊളിക്കുന്ന റോഡുകൾ പുനരുദ്ധരിക്കാൻ അദാനി നൽകേണ്ട പണം സംബന്ധിച്ച്‌ പദ്ധതിയുടെ തുടക്കംമുതൽ കോർപറേഷൻ തർക്കമുന്നയിച്ചിരുന്നു. സർക്കാർ നിശ്‌ചയിച്ച തുക കുറവാണെന്നായിരുന്നു നഗരസഭയുടെ നിലപാട്‌. തർക്കം നീണ്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇടപെട്ട്‌ രണ്ടുവർഷം മുമ്പ്‌ നിരക്ക്‌ പുതുക്കി നൽകി. അതനുസരിച്ച്‌ കോർപറേഷൻ പ്രദേശത്ത്‌ വെട്ടിപ്പൊളിക്കേണ്ട റോഡുകളുടെ കൃത്യമായ വിവരം അദാനി കമ്പനി കോർപറേഷന്‌ സമർപ്പിച്ചു. തൈക്കൂടം അണ്ടർപാസ്‌ മുതൽ പെരുമാന്നൂർ കെയുആർടിസി ബസ്‌ ഡിപ്പോവരെയുള്ള നാല്‌ കിലോമീറ്റർ ഭാഗത്ത്‌ ഒമ്പത്‌ റോഡുകളിലൂടെയാണ്‌ പൈപ്പിടേണ്ടത്‌. ഇതിൽ 1890 മീറ്റർ ടാർ റോഡും 540 മീറ്റർ അല്ലാത്ത റോഡും വെട്ടിപ്പൊളിക്കാതെ യന്ത്ര സഹായത്തോടെ ഹൊറിസോണ്ടൽ ഡ്രില്ലിങ് സംവിധാനമാണ്‌ ഉപയോഗിക്കുക എന്നും കമ്പനി അറിയിച്ചു. കോർപറേഷൻ എൻജിനിയർമാർ കൂടി പങ്കെടുത്ത്‌ റോഡുകളിൽ സംയുക്ത സർവേയും നടത്തി.

എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ നഗരസഭ അദാനിക്ക്‌ നൽകിയ ഡിമാൻഡ്‌ നോട്ടീസിൽ നാല്‌ കിലോമീറ്റർ റോഡും വെട്ടിപ്പൊളിച്ച്‌ പൈപ്പ്‌ സ്ഥാപിക്കുമ്പോൾ പുനരുദ്ധാരണത്തിന്‌ അടയ്‌ക്കേണ്ട തുകയാണ്‌ നിശ്‌ചയിച്ചത്‌. ഇതുപ്രകാരം പൈപ്പിടൽ തുടങ്ങുംമുമ്പ്‌  1.67 കോടി രൂപ അദാനി അടയ്‌ക്കണം. വ്യവസ്ഥയ്‌ക്ക്‌ വിരുദ്ധമായി ഉയർന്ന തുക നിശ്‌ചയിച്ചതിനെതിരെ ഏപ്രിൽ നാലിനും കഴിഞ്ഞ ജൂൺ 22നും കമ്പനി നഗരസഭയ്‌ക്ക്‌ കത്ത്‌ നൽകി. റോഡ്‌ പൊളിക്കാത്ത ഭാഗത്തും അല്ലാത്ത നിരക്കിൽ പണമടയ്‌ക്കാനാകില്ലെന്നും അവർ അറിയിച്ചെങ്കിലും ഇതുവരെ നഗരസഭ മറുപടിയൊന്നും നൽകിയിട്ടില്ല. ഹൊറിസോണ്ടൽ ഡ്രില്ലിങ്ങിലൂടെ പൈപ്പ്‌ സ്ഥാപിക്കുന്ന കാര്യം അദാനി അറിയിച്ചില്ലെന്നാണ്‌ നഗരസഭയുടെ വാദം. അതിനാൽ വീണ്ടും കൗൺസിലിൽ പോകാതെ ഡിമാൻഡ്‌ നോട്ടീസ്‌ തിരുത്താനാകില്ലെന്നും നഗരസഭാ അധികൃതർ പറയുന്നു. എന്നാൽ പദ്ധതി ആരംഭിക്കുന്ന 2016ൽ തന്നെ പൈപ്പിടാൻ അനുമതി തേടി അദാനി  നഗരസഭയ്‌ക്ക്‌ നൽകിയ കത്തിൽത്തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നതിന്‌ നഗരസഭയുടെ പക്കലുള്ള അപേക്ഷ തന്നെ തെളിവാണ്‌.  സമീപ നഗരസഭകളിൽ പൈപ്പിടാൻ അദാനി ഇതേ മാർഗം തന്നെയാണ്‌ സ്വീകരിച്ചതും. യുഡിഎഫ്‌ ഭരിക്കുന്ന ആലുവ, മരട്‌ നഗരസഭാ പ്രദേശത്ത്‌ ഇതേ മാർഗത്തിൽ തർക്കങ്ങളില്ലാതെ പൈപ്പിടൽ പൂർത്തീകരിക്കുകയും ചെയ്‌തു. 

ഇതിന്‌ പുറമെയാണ്‌ പൈപ്പിടാൻ അനുമതി തേടിയ പണടാരച്ചിറ റോഡിലെ 960 മീറ്ററിൽ അനുമതി നിഷേധിച്ചത്‌. പുതുതായി ടാർ ചെയ്‌ത റോഡ്‌ വെട്ടിപ്പൊളിക്കാതെ പൈപ്പിടലിന്റെ അലൈൻമെന്റ്‌ മാറ്റണമെന്നും കോർപറേഷൻ അദാനിയോട്‌ ആവശ്യപ്പെട്ടു. ഇക്കാര്യവും പുനഃപരിശോധിക്കണമെന്ന്‌ നഗരസഭയോട്‌ അഭ്യർഥിച്ചെങ്കിലും നടപടിയില്ല. പൊളിക്കുന്ന റോഡുകളുടെ പുനരുദ്ധാരണം കോർപറേഷൻ എൻജിനിയർമാരുടെ മേൽനോട്ടത്തിൽ തങ്ങൾതന്നെ നടത്താമെന്നും മൊത്തം ആവശ്യമായ തുകയുടെ പത്ത്‌ ശതമാനം മുൻകൂർ ബാങ്ക്‌ ഗ്യാരന്റിയായി നൽകാമെന്നും അദാനി അറിയിച്ചതും നഗരസഭ പരിഗണിച്ചില്ല.
 


പ്രധാന വാർത്തകൾ
 Top