25 May Monday

ഏതുനേരത്തും അരികെ മേയർ ബ്രോ

എം വി പ്രദീപ്‌Updated: Thursday Oct 17, 2019


വട്ടിയൂർക്കാവിൽ ജനകീയ പൂരം പൊടി പാറുകയാണ്‌. നാടിന്റെ ‘മേയർബ്രോ’ തന്നെയാണ്‌  പൂരത്തിന്റെ നായകൻ. യുവാക്കളും സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന പുരുഷാരം കാവിൽ പാട്ടുമത്സരം തുടങ്ങിയപ്പോൾത്തന്നെ ഒപ്പമുണ്ട്‌. 21 ന്റെ കലാശപ്പോരിലും വിജയപ്പൂരം തന്നെയാണ്‌ അരങ്ങേറുകയെന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്തിന്റെ ഓരോ സ്വീകരണകേന്ദ്രവും സാക്ഷ്യപ്പെടുത്തുന്നു.

ജനകീയതയുടെ വിജയമാണ്‌ ഇടതുപക്ഷം ഇത്തവണ വട്ടിയൂർക്കാവിൽ പ്രതീക്ഷിക്കുന്നത്‌.  കെ മുരളീധരൻ ആറ്റുനോറ്റ്‌ കാത്തുവച്ച മണ്ഡലമാണ്‌ വട്ടിയൂർക്കാവ്‌. തനിക്കുശേഷവും തന്റെ സ്വന്തക്കാർ വേണമെന്ന ശാഠ്യം നടക്കാത്ത ദേഷ്യം മുരളിയിൽ വിട്ടുമാറിയിട്ടില്ല. കുറുപ്പിന്‌ പകരം വന്ന യുഡിഎഫ്‌ സ്ഥാനാർഥി കെ മോഹൻകുമാർ, പ്രചാരണത്തിൽ തനിക്കൊപ്പം ആരുമില്ല, എന്ന പരിദേവനം പലതവണ പറഞ്ഞുകഴിഞ്ഞു. കുഴപ്പം മനസ്സിലാക്കിയ രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മണ്ഡലത്തിൽ കേന്ദ്രീകരിച്ചിട്ടുണ്ട്‌. മുരളീധരനാകട്ടെ ഇനിയും തിരിഞ്ഞുനോക്കിയിട്ടില്ല.

ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമാണ്‌ വട്ടിയൂർക്കാവ്‌. എന്നാൽ അവസാന നിമിഷം കുമ്മനത്തെ മാറ്റി ജില്ലാപ്രസിഡന്റ്‌ എസ്‌ സുരേഷിനെ സ്ഥാനാർഥിയാക്കിയത്‌ ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. കുമ്മനം രാജശേഖരന്റെ അസാന്നിധ്യം ഇപ്പോഴും ബിജെപിക്കാരിൽ ചർച്ചയാകുന്നു. ആർഎസ്‌എസാണെങ്കിൽ, കുമ്മനമില്ലെങ്കിൽ ഞങ്ങളുമില്ല എന്ന ഭാവം ഇനിയും വെടിഞ്ഞിട്ടില്ല.

2006 വരെ തിരുവനന്തപുരം നോർത്ത്‌ മണ്ഡലമായിരുന്നത്‌ വേഷപ്പകർച്ചകളോടെയാണ്‌ 2011ൽ വട്ടിയൂർക്കാവായത്‌.  നോർത്ത്‌ മണ്ഡലം നിലവിൽ വന്ന 1977ൽ സ്വതന്ത്രനായ കെ രവീന്ദ്രൻനായരാണ്‌ ജയിച്ചത്‌. 1980ലും  87ലും 91ലും 96ലും 2006ലും എൽഡിഎഫ്‌ വിജയിച്ചു. 1982ലും 2001ലും കോൺഗ്രസും വിജയിച്ചു. ശ്രീകാര്യവും ഉള്ളൂരും കഴക്കൂട്ടത്തേക്ക്‌ പോയി. പകരം അരുവിക്കരയുടെ ഭാഗമായിരുന്ന നെട്ടയം വട്ടിയൂർക്കാവിലേക്ക്‌ കടന്നുവന്നു. 2011ലും 2016ലും യുഡിഎഫ്‌ നേടി. എന്നാൽ, 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ വോട്ടിൽ എൽഡിഎഫ്‌ ആയിരുന്നു മുന്നിൽ. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിലും നഗരമാലിന്യനിർമാർജന പദ്ധതികളുടെ പേരിലും വലിയ അംഗീകാരങ്ങളും രാഷ്ട്രീയ ഭേദമെന്യേ പ്രശംസിക്കപ്പെടുകയും ചെയ്‌ത മേയർ വി കെ പ്രശാന്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായതോടെ, ത്രികോണ മത്സരത്തിന്റെ സാധ്യതാപഴുതുകളിലൂടെ വിജയിക്കാനാകുമെന്ന്‌ കരുതിയ യുഡിഎഫും ബിജെപിയും പാടെ പ്രതിരോധത്തിലായി. വികസനവും എൽഡിഎഫ്‌ സ്ഥാനാർഥിയുടെ സുസമ്മതിയുമാണ്‌  ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും  എവിടെയും ചർച്ച.

വട്ടിയൂർക്കാവ്‌ ജങ്ഷൻ വികസനം പതിറ്റാണ്ടോളമായി നാടിന്റെ പ്രധാന ആവശ്യമായിരുന്നു. മുൻ യുഡിഎഫ്‌ സർക്കാർ ഒന്നും ചെയ്‌തില്ല. എൽഡിഎഫ്‌ സർക്കാർ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 195 കോടിരൂപയുടെ പദ്ധതി തയ്യാറാക്കി. വട്ടിയൂർക്കാവ്‌ ജങ്‌ഷൻ വികസനത്തിനൊപ്പം മൂന്ന്‌ അനുബന്ധറോഡുകൾ നാലുവരി പാതയാകും. സ്ഥലമേറ്റടുപ്പിനുമാത്രം 95 കോടി കൈമാറി.

തിരുവനന്തപുരം കോർപറേഷനിലെ 24 വാർഡാണ്‌  മണ്ഡലത്തിലുള്ളത്‌. ഇവയിൽ 10 വാർഡ്‌ എൽഡിഎഫും ഒമ്പത്‌ ബിജെപിയും അഞ്ച്‌ കോൺഗ്രസ്‌ കൗൺസിലർമാരുമാണ്‌.  കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ മൂന്നാംസ്ഥാനത്തായിരുന്നെങ്കിലും നഗരസഭാ തെരഞ്ഞെടുപ്പിൽ ആകെ വോട്ടിൽ മുന്നിൽ എൽഡിഎഫായിരുന്നു.


പ്രധാന വാർത്തകൾ
 Top