11 December Wednesday
കരാറുകാരന്‌ നിയമവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ അനുവദിക്കാൻ ഉത്തരവിട്ടു

പാലാരിവട്ടം പാലം അഴിമതി : എല്ലാം ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞിട്ട്‌: സൂരജ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


കൊച്ചി
പാലാരിവട്ടം പാലം നിർമിക്കാൻ കരാറുകാരന്‌ നിയമവിരുദ്ധ സഹായം നൽകിയത്‌ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌ നിർദേശിച്ചിട്ടാണെന്ന്‌ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌ ഹൈക്കോടതിയെ അറിയിച്ചു.  മൊബിലൈസേഷൻ അഡ്വാൻസ്‌ എന്ന പേരിൽ കരാറുകാരന്‌ നിയമവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ അനുവദിക്കാൻ ഉത്തരവിട്ടത്‌  വി കെ ഇബ്രാഹിംകുഞ്ഞാണ്‌. റിമാൻഡിൽ കഴിയുന്ന സൂരജ്‌  നൽകിയ ജാമ്യാപേക്ഷയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഹർജി ബുധനാഴ്‌ച ജസ്‌റ്റിസ്‌ പി ഉബൈദ്‌ പരിഗണിക്കും. മൊബിലൈസേഷൻ അഡ്വാൻസിന്‌ കരാറുകാരനായ ആർഡിഎസ്‌ പ്രോജക്‌ട്‌സിന്റെ എം ഡി സുമിത്‌ ഗോയൽ അപേക്ഷ നൽകി.

പൊതുമരാമത്ത്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നിവർക്കും അപേക്ഷ നൽകി. അത്‌ മേൽനടപടിക്കായി പൊതുമരാമത്ത്‌ മന്ത്രിക്ക്‌ അയച്ചു. പലിശയില്ലാതെ 8,25,59,768 രൂപ അനുവദിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.  2014 ജൂലൈ 15ന്‌ സർക്കാർ ഉത്തരവിറക്കി. ഇതിൽ കരാറുകാരനിൽനിന്ന്‌ പലിശ ഈടാക്കണമെന്ന നിർദേശമില്ലായിരുന്നു. താനാണ്‌ ഏഴു ശതമാനം പലിശ ഈടാക്കാൻ തീരുമാനിച്ചതെന്നും സൂരജ്‌ ചൂണ്ടിക്കാട്ടി.

കരാറുകാരന്‌ മൊബിലിറ്റി അഡ്വാൻസ്‌ നൽകിയത്‌ അഴിമതിയിലെ പ്രധാന ഇടപാടായാണ്‌ വിജിലൻസ്‌ കണ്ടെത്തിയിട്ടുള്ളത്‌. മൊബിലിറ്റി അഡ്വാൻസ്‌ നൽകില്ലെന്ന്‌ ടെൻഡറിൽ പങ്കെടുക്കാൻ താൽപ്പര്യം കാണിച്ച മറ്റു കരാറുകാരോട്‌ സൂരജ്‌ പറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്‌. എന്നാൽ, കുറഞ്ഞ പലിശയ്‌ക്ക്‌ പണം അനുവദിച്ചു.  കരാറുകാരനിൽനിന്ന്‌ പിന്നീട്‌ ഈ പണം മറ്റുള്ളവർ കൈപ്പറ്റിയെന്നാണ്‌ വിജിലൻസ്‌ കരുതുന്നത്‌. പാലം നിർമാണത്തിലെ അഴിമതിക്ക്‌  ഉദ്യോഗസ്ഥരാണ്‌ ഉത്തരവാദികളെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം.
 


പ്രധാന വാർത്തകൾ
 Top