11 December Wednesday

സുപ്രീംകോടതി വിധി നടപ്പാക്കൽ സർക്കാർ ബാധ്യത: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019


സ്വന്തം ലേഖകൻ
സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽനിന്ന് ഒഴിഞ്ഞു നിൽക്കാനാകില്ല. എന്നാൽ, മരട്‌ ഫ്‌ളാറ്റ്‌ കേസിൽ സവിശേഷമായ ചില പ്രശ്നങ്ങൾ കാണാം. മുൻ കോടതി വിധികളെല്ലാം ഫ്ളാറ്റുടമകൾക്ക് അനുകൂലമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഫ്ളാറ്റ് വാങ്ങി താമസിച്ചുവരുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് പ്രധാന പ്രശ്നം.

ഒരുഭാഗത്ത് ഭവനരഹിതർക്ക് വീടുവച്ചു കൊടുക്കുകയും മറുഭാഗത്ത് വാസഗൃഹങ്ങൾ പൊളിച്ചുകളയുകയും ചെയ്യുന്ന സമീപനം ഒരു സർക്കാരിനും സ്വീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി അന്ത്യശാസനം നൽകിയ സാഹചര്യത്തിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃത നിർമാണം നടത്തിയ ബിൽഡർമാർ രക്ഷപ്പെടുകയും ഫ്ളാറ്റിലെ താമസക്കാർ ഭവനരഹിതരാകുകയും ചെയ്യുന്നത് സ്വാഭാവികനീതിക്ക് നിരക്കാത്തതാണ്.
ഈ പ്രശ്നത്തിന് പ്രാഥമികമായി ഉത്തരവാദികൾ കെട്ടിടനിർമാതാക്കളാണ്. നിർമാണത്തിന് അനുമതി കൊടുത്തതാണ് ആദ്യത്തെ തെറ്റ്. നിർമാതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യം തികച്ചും ശരിയാണ്. അതിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും. ഈ നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തി തുടർന്നുള്ള കച്ചവടങ്ങളിൽനിന്ന് വിലക്കാൻ കഴിയുമോ എന്ന് സർക്കാർ പരിശോധിക്കും.

പരിസ്ഥിതിനിയമങ്ങൾ പാലിക്കാതെയുള്ള നിർമാണങ്ങൾക്ക് ഒരു സർക്കാരിനും പിന്തുണ നൽകാനാകില്ല. അതുകൊണ്ടു തന്നെ നിയമലംഘനം തടയുന്നതിനുള്ള ഇടപെടൽ തുടക്കത്തിലേ ഉണ്ടാകേണ്ടതുണ്ട്. നിയമത്തെ മറികടന്നുകൊണ്ട് പ്രവർത്തിക്കുന്നത് അരാജകത്വം സൃഷ്ടിക്കുകയേയുള്ളൂ. ഇത്തരം കാര്യങ്ങളിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എ സി മൊയ്തീൻ, കെ വി തോമസ് (കോൺഗ്രസ്), വി കെ ഇബ്രാഹിംകുഞ്ഞ്, ഡോ. എം കെ  മുനീർ (മുസ്ലിംലീഗ്), എ എൻ രാധാകൃഷ്ണൻ (ബിജെപി) തുടങ്ങിയവരും അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ടി കെ ജോസ്, പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് തുടങ്ങിയവരും പങ്കെടുത്തു.

.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top