21 October Monday

പകരമാകില്ലെങ്കിലും പടവുകൾ കയറാൻ ; ഉരുൾപൊട്ടലിൽ മരിച്ചവരുടെ അവകാശികൾക്കുള്ള സഹായധനം ബാങ്ക്‌ അക്കൗണ്ടുകളിൽ എത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


എടക്കര
"അച്ഛനും അമ്മയ്ക്കും പകരമാകാൻ ലോകത്തൊന്നിനുമാകില്ല. നാടിന്റെ സഹായമാണ്‌ ആശ്വാസമായത്‌. സഹായിച്ചവരോടും ആശ്വസിപ്പിച്ചവരോടും എങ്ങിനെ നന്ദിപറയണമെന്നറിയില്ല"–- കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ അവകാശികൾക്കുള്ള സഹായധനം ബാങ്ക്‌ അക്കൗണ്ടുകളിൽ എത്തിയതറിഞ്ഞ്‌  പ്രതികരിക്കുകയായിരുന്നു നാവൂരിപറമ്പത്ത് സുമോദ്. സുമോദിന്റെ അച്ഛൻ സുകുമാരനും അമ്മ രാധാമണിയുമാണ്‌ ദുരന്തത്തിൽ മരിച്ചത്‌. മരിച്ച വ്യക്തിയുടെ ആശ്രിതർക്ക്‌ നാലുലക്ഷം എന്ന കണക്കിൽ എട്ടുലക്ഷം രൂപയാണ്‌  സുമോദ്, സഹോദരങ്ങളായ സുമേഷ്, സുമിത എന്നിവരുടെ അക്കൗണ്ടുകളിൽ എത്തിയത്‌. തിങ്കളാഴ്ച പകൽ 12–-ഓടെയാണ്‌ അക്കൗണ്ടിൽ തുക എത്തിയതായി മൊബൈലിൽ സന്ദേശം ലഭിച്ചത്‌. 36 പേർക്കായി 1.44 കോടി രൂപയാണ് ട്രഷറിയിൽനിന്ന്‌ അക്കൗണ്ടുകളിൽ എത്തിയത്‌.  ദുരന്തത്തിൽ 59 പേരാണ് മരിച്ചത്. 48 മൃതദേഹം കണ്ടെടുത്തു. 11 പേരിപ്പോഴും കാണാമറയത്താണ്.

മരിച്ചവരുടെ ആശ്രിതരിൽ പ്രായപൂർത്തിയാകാത്തവരും കൂടുതൽ അവകാശികളുള്ളവരുമുണ്ട്‌. പലരുടെയും രേഖകൾ ശരിയാക്കിയിട്ടില്ല. സർക്കാർ പ്രത്യേക നിയമനിർമാണം നടത്തേണ്ട കേസുകളുമുണ്ട്‌.  നിയമപ്രശ്നം പരിഹരിക്കാൻ മൂന്നംഗ താലൂക്ക് ഉദ്യോഗസ്ഥ സമിതി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. രേഖകൾ ശരിയായാലുടൻ  ബാക്കിയുള്ളവരുടെ സഹായധനം  കൈമാറുമെന്ന്‌ ഡെപ്യൂട്ടി തഹസിൽദാർ സുഭാഷ് ചന്ദ്രബോസ് അറിയിച്ചു.


പ്രധാന വാർത്തകൾ
 Top