22 October Tuesday

ദുരന്തം മായ്‌ക്കാത്ത ചിരിതേടി ‘സ്‌മൈൽ’ സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


കോഴിക്കോട്‌
ഒറ്റരാത്രിയിൽ ഇരച്ചാർത്തുവന്ന ദുരന്തങ്ങളുടെ ഭീതിദ ചിത്രമാണ്‌ കവളപ്പാറയും പുത്തുമലയും. മഴയോ മലമുകളിലെ ചെറിയ ശബ്ദമോ കേൾക്കുമ്പോഴേക്കും മനസ്സിൽ ആധിയാണവർക്കിന്നും. ആ വേദനകളെയും ഭീതിയെയും പതിയെ മായ്‌ച്ച്‌ സാന്ത്വനം പകരാൻ  ‘സ്‌മൈൽ’ സംഘമുണ്ടിനി. സംസാരിച്ചും ആശ്വസിപ്പിച്ചും ദുരിതബാധിതരെ ചേർത്തുപിടിക്കുക മാത്രമല്ല,  സഹായങ്ങൾ നൽകാനും 70 പേരടങ്ങുന്ന ഈ കൂട്ടായ്‌മ ഒരുങ്ങിക്കഴിഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ്‌ മലപ്പുറം, വയനാട്‌ ജില്ലകളിലെ പ്രളയബാധിതരെ സഹായിക്കാൻ ‘സ്‌മൈൽ’  വളന്റിയർ സേന ആരംഭിച്ചത്‌.

പല ജില്ലകളിൽനിന്നുള്ളവരാണ്‌ അംഗങ്ങൾ. സൈക്കോളജി, എംഎസ്‌ഡബ്ല്യു ബിരുദധാരികളും വിദ്യാർഥികളും ഡിവൈഎഫ്‌ഐ വളന്റിയർമാരും ഇതിലുണ്ട്‌. ആദ്യ ഘട്ടമായി കഴിഞ്ഞ വെള്ളി, ശനി, ഞായർ  ദിവസങ്ങളിൽ ഇരു ജില്ലകളിലുമായി 307 വീടുകൾ സന്ദർശിച്ചു.  പ്രാദേശിക വളന്റിയറുടെ നേതൃത്വത്തിൽ സംഘങ്ങളായാണ്‌  വീട്‌ സന്ദർശനം.
തിങ്കളാഴ്‌ച കോഴിക്കോട്‌ ഡിവൈഎഫ്‌ഐ യൂത്ത്‌ സെന്ററിൽ ചേർന്ന അവലോകനയോഗത്തിൽ  അംഗങ്ങൾ ദുരന്തഭൂമിയിലെ അനുഭവങ്ങൾ അവതരിപ്പിച്ചു. ഒരാഴ്‌ചക്കുള്ളിൽ ഇത്‌ ക്രോഡീകരിച്ച്‌  സർക്കാരിന്റെ സഹായത്തിനായി മുഖ്യമന്ത്രിക്ക്‌  കൈമാറും. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഡിവൈഎഫ്‌ഐ  ചെയ്യും. തുടർ കൗൺസലിങ്ങും മറ്റും വേണ്ട വീടുകളിൽ 28, 29 തിയ്യതികളിൽ മനഃശാസ്‌ത്രജ്ഞർ അടങ്ങുന്ന സംഘം  സന്ദർശിക്കും. ദുരിതബാധിതരുടെ മാനസികോല്ലാസത്തിന്‌ ആ സ്ഥലങ്ങളിൽ സാംസ്‌കാരിക പരിപാടി, കുട്ടികൾക്കായി വിനോദ യാത്ര എന്നിവയും സംഘടിപ്പിക്കും.   റേഷൻ കാർഡ്‌, ആധാർ കാർഡ്‌ തുടങ്ങിയവ നഷ്‌ടപ്പെട്ടവരെ സഹായിക്കാൻ  പ്രാദേശിക ഹെൽപ്പ്‌ ഡെസ്‌ക്കുകൾ  ആരംഭിക്കും. കലിക്കറ്റ്‌ സർവകലാശാല സൈക്കോളജി വിഭാഗം മേധാവി പ്രൊഫ. ബേബി ശാരിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക്‌ പരിശീലനം നൽകിയിരുന്നു. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ ട്രഷറർ  പി ബി രതീഷാണ്‌ സ്‌മൈൽ കോ–-ഓർഡിനേറ്റർ.
 


പ്രധാന വാർത്തകൾ
 Top