18 October Friday

സാമ്പത്തിക പ്രതിസന്ധി : ഡിവൈഎഫ്‌ഐ ജനകീയ സെമിനാർ സംഘടിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


കോഴിക്കോട്‌
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും തൊഴിലില്ലായ്‌മക്കുമെതിരെ ഡിവൈഎഫ്‌ഐ പ്രചാരണം ശക്തിപ്പെടുത്തുന്നു. ഒരു മാസം നീളുന്ന ജനകീയ സെമിനാറുകളിലൂടെ കേന്ദ്ര സർക്കാരിന്റെ  കെടുകാര്യസ്ഥതക്കെതിരെ ക്യാമ്പയിൻ നടത്തുമെന്ന്‌ സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഭരണഘടനയും സമ്പദ്‌ഘടനയും പ്രതിസന്ധിയിൽ’ വിഷയത്തിൽ സെമിനാറും   പഠന സായാഹ്നങ്ങളും 21 ന്‌ ആരംഭിക്കും. 30 വരെ  ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ജനകീയ സെമിനാറുകളും ഒക്‌ടോബർ ഒന്ന്‌ മുതൽ 20 വരെ യൂണിറ്റുകളിൽ പഠന സായാഹ്നങ്ങളും സംഘടിപ്പിക്കും. 

സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലുകൾ വ്യാപകമായി ഇല്ലാതാവുകയാണ്‌. ഇതിന്റെ ഭാഗമായി തസ്‌തികകളും വെട്ടിക്കുറയ്‌ക്കുന്നു.  ഇതെല്ലാം മറച്ചുവയ്‌ക്കാനായാണ്‌ കശ്‌മീർ, അസം, ഹിന്ദി ഭാഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്‌. വാർത്തക്കായുള്ള സർജിക്കൽ സ്‌ട്രൈക്കുകളാണ്‌ കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുന്നത്‌.  ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത്‌  ന്യായീകരിക്കാനാവില്ല.

 പാലാരിവട്ടം പാലം പുതുക്കിപ്പണിയാനുള്ള പണം കുറ്റവാളികളായ ഉദ്യോഗസ്ഥരിൽനിന്നും യുഡിഎഫ്‌ നേതാക്കളിൽനിന്നും ഈടാക്കണം.   ഉമ്മൻചാണ്ടി, ഇബ്രാഹിംകുഞ്ഞ്‌ കൂട്ടുകെട്ടിന്റെ കാലത്ത്‌  നടന്ന പ്രധാന മരാമത്ത്‌ നിർമാണങ്ങളെ കുറിച്ച്‌ സമഗ്ര അന്വേഷണം വേണം. മരടിലെ ഫ്ലാറ്റ്‌ പ്രശ്‌നത്തിൽ സർക്കാർ നിയമസാധുത തേടണം. മലയാള ഭാഷ പിഎസ്‌സി പരീക്ഷകളിൽ നിർബന്ധമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ മാതൃകാപരമാണെന്നും ഇതിനെ സ്വാഗതം ചെയ്യുന്നതായും എ എ റഹീം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, ട്രഷറർ എസ്‌ കെ സജീഷ്‌ എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top