30 March Thursday
'കടലെഴുത്തുകള്‍' പഠന സമ്മേളനത്തിന് തുടക്കം

കടലറിവും സാഹിത്യമാണ്

പ്രത്യേക ലേഖകന്‍Updated: Sunday Sep 17, 2017

നീലേശ്വരം > എഴുത്തിലെ മീന്‍രുചിയറിഞ്ഞ്, കടലോരത്തെ ജീവിതനോട്ടങ്ങളെയറിഞ്ഞ് കേരള സാഹിത്യ അക്കാദമിയുടെ 'കടലെഴുത്തുകള്‍' പഠനസമ്മേളനത്തിന് അഴിത്തലയില്‍ തുടക്കമായി. തുള്ളിമുറിയാത്ത മഴയുടെയും തിരകളുടെയും സംഗീതം ഏറ്റുവാങ്ങിയാണ് അക്കാദമിയുടെ പ്രഥമസംരംഭം തുടങ്ങിയത്. കടലോര ജീവിതത്തെ സംസ്കാരത്തില്‍നിന്നും സാഹിത്യത്തില്‍നിന്നും സംഗീതത്തില്‍നിന്നും മാറ്റിനിര്‍ത്താനാവില്ലെന്നാണ് 'കടലെഴുത്തുകള്‍' വിളംബരം ചെയ്യുന്നത്. വിസ്മയത്തിന്റെ മറുവാക്കായ കടലിന് മനുഷ്യനുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അടയാളപ്പെടുത്തുന്നതായി സമ്മേളനത്തിലെ ചര്‍ച്ചകളും. കടലിനെ സംരക്ഷിക്കാനുള്ള പ്രകടനപത്രിക അവതരിപ്പിച്ചായിരുന്നു  സമ്മേളനത്തുടക്കം. 

മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ഉദ്ഘാടനംചെയ്തു.  സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായി. പി കരുണാകരന്‍ എംപി, ലൈബ്രറി കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, പി പി മുഹമ്മദ് റാഫി,  കെ പ്രകാശന്‍, രവീന്ദ്രന്‍ കൊടക്കാട് എന്നിവര്‍ സംസാരിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ സ്വാഗതവും കെ പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു. എന്‍ പ്രഭാകരന്‍ (കടലും സംസ്കാരവും), ഇ കുഞ്ഞികൃഷ്ണന്‍ (കടലിന്റെ ജീവശാസ്ത്രം) എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പി വി കെ പനയാല്‍ മോഡറേറ്ററായി.  'നാട്ടുകടല്‍' സെഷനില്‍ മീന്‍പിടിത്തക്കാര്‍, വില്‍പനക്കാര്‍, കപ്പലോട്ടക്കാര്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. 'മീന്‍രുചി'  സെഷനില്‍ വീട്ടമ്മമാര്‍ പാചകാനുഭവം അവതരിപ്പിച്ചു. 'കിഴവനും കടലും', 'ദ റെഡ് ടര്‍ട്ടില്‍' സിനിമകള്‍  പ്രദര്‍ശിപ്പിച്ചു.  എറണാകുളം ഗോതുരുത്ത് സബീന റാഫി ഫോക്ലോര്‍ സെന്റര്‍ 'കാറല്‍സ്മാന്‍ ചരിതം' ചവിട്ടുനാടകം അവതരിപ്പിച്ചു.

ഞായറാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം പുതിയതുറ സംഘത്തിന്റെ കടല്‍പാട്ടുകള്‍. 9.30ന് കടല്‍ പ്രമേയമായ കവിയരങ്ങ്. 10.30ന് സാഹിത്യത്തിലെ കടല്‍പാരമ്പര്യത്തെക്കുറിച്ചുള്ള സെമിനാറില്‍ ഡോ. സോമന്‍ കടലൂര്‍, ഡോ. പി കെ രാജശേഖരന്‍, അശോകന്‍ ചരുവില്‍,  ഡോ. കെ ശ്രീകുമാര്‍, വി മുസാഫര്‍ അഹമ്മദ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. ഡോ. വി പി പി മുസ്തഫ മോഡറേറ്ററാകും. പകല്‍ രണ്ടിന് 'എന്റെ കടല്‍' സെമിനാറില്‍ കെ പി രാമനുണ്ണി, അംബികാസുതന്‍ മാങ്ങാട്, കെ എ സെബാസ്റ്റ്യന്‍ എന്നിവര്‍ അനുഭവം പങ്കുവയ്ക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top