19 February Tuesday

കടന്നാക്രമണം; പിന്നാലെ വർഗീയപ്രചാരണവും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

 കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ കടന്നാക്രമണം നടത്തുക. പിന്നീടതിന്‌ വർഗീയനിറം നൽകി മുതലെടുക്കുക, എസ്‌ഡിപിഐയുടെ നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളെ വിലയിരുത്തിയാൽ കില്ലർ സംഘങ്ങളുടെ പ്രവർത്തനശൈലി വ്യക്തമാകും. കഴിഞ്ഞ നോമ്പുകാലത്ത് പന്തളം നഗരസഭാപരിധിയിലെ കടയ്‌ക്കാട്‌ മുസ്ലിം ജമാഅത്തിന് മുന്നിൽ എസ്ഡിപിഐ സംഘം തുടർച്ചയായ ആക്രമണം നടത്തിയിരുന്നു. ആദ്യദിവസത്തെ ആക്രമണത്തിൽ അന്ന് സിപിഐ എം ഏരിയ കമ്മിറ്റി അംഗമായിരുന്ന (ഇപ്പോൾ ഏരിയ ആക്ടിങ് സെക്രട്ടറി) ഇ ഫസലിനെയും ഡിവൈഎഫ്ഐയുടെ അന്നത്തെ ഏരിയ സെക്രട്ടറി റഹ്മത്തുള്ളാ ഖാനെയും യൂണിറ്റ് കമ്മിറ്റി അംഗം ഷംനാദിനെയും ആക്രമിച്ചു. സംഭവത്തിനുപിന്നാലെ പള്ളിയിൽ എത്തിയവരെ ആക്രമിച്ചെന്ന് എസ്ഡിപിഐ വ്യാജപ്രചാരണം നടത്തി. എന്നാൽ, പള്ളിക്കമ്മിറ്റി ഈ പ്രചാരണങ്ങളുടെ മുനയൊടിച്ച് പ്രസ്താവനയിറക്കിയതോടെ എസ്ഡിപിഐക്കാരുടെ പ്രചാരണതന്ത്രം പൊളിഞ്ഞു.

എസ്‌ഡിപിഐയുടെ വരവറിയിക്കാനായി നിഷ്‌ഠുരമായ ആക്രമണമാണ്‌ കില്ലർ സംഘങ്ങൾ നടത്തുന്നത്‌. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പത്തനംതിട്ടയിലെ വെണ്ണിക്കുളത്ത് എസ്ഡിപിഐ എന്ന സംഘടനെയ അവതരിപ്പിക്കാനാണ്‌ ബിജി ചാക്കോയെന്ന കച്ചവടക്കാരനെ ക്രൂരമായി ആക്രമിച്ചതെന്ന‌് നാട്ടുകാർ പറയുന്നു. വഴിയോരക്കച്ചവടക്കാരനായ പിച്ചാത്തിക്കല്ല് സ്വദേശി ബിജി ചാക്കോയെ 2016 ജനുവരി 21നാണ്‌ കില്ലർ സംഘം ആക്രമിച്ചത്‌. കൗമാരം വിട്ടൊഴിയാത്ത ചെറുപ്പക്കാരൻ ഒരു കാരണവുമില്ലാതെ ബിജിയുടെ മുഖത്തടിച്ചു. അടികൊണ്ട്‌ വീണതിനുപിന്നാലെ  മാരകായുധങ്ങളുമായി എത്തിയ മറ്റു മൂന്ന് ചെറുപ്പക്കാർ ഇരുകാലിലും മാറി മാറി വെട്ടി. ആളുകൾ ഓടിക്കൂടുമ്പോഴേക്കും അക്രമികൾ അപ്രത്യക്ഷരായി. ആറുമാസത്തിലധികം കിടക്കയിൽതന്നെ കഴിഞ്ഞശേഷമാണ് എഴുന്നേൽക്കാനായത്. സമീപത്തെ മത്സ്യക്കച്ചവടസ്ഥാപനത്തിലെ ജീവനക്കാരനുമായി ഉണ്ടായ നിസാര വാക്കുതർക്കമല്ലാതെ മറ്റൊന്നും ആക്രമണത്തിന് കാരണമായി ബിജി ഓർക്കുന്നില്ല. എസ്ഡിപിഐ ജില്ലാ നേതാവായിരുന്നു മത്സ്യക്കച്ചവടക്കാരന്റെ മകൻ എന്നതും ശ്രദ്ധേയം.
എസ്ഡിപിഐയുടെയും അതിന്റെ മുൻരൂപമായ എൻഡിഎഫിന്റെയും അരുംകൊലകളും മൃഗീയ ആക്രമണങ്ങളും ഏറെ അരങ്ങേറിയ ജില്ലയാണ് തൃശൂർ. രാഷ്ട്രീയമായി തങ്ങളെ എതിർക്കുന്ന സിപിഐ എമ്മിന്റെയും പുരോഗമന യുവജന, വിദ്യാർഥി പ്രസ്ഥാനത്തിന്റെയും പ്രവർത്തകർമാത്രമല്ല ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ ആക്രമണങ്ങൾക്കിരയായത്‌.

മഹാരാജാസ് കോളേജിലെ അഭിമന്യു കൊലപാതകത്തിന്റെ നേർപതിപ്പാണ് കുന്നംകുളം കരിക്കാട് എസ്എഫ്്ഐ നേതാവ് എ ബി ബിജേഷിന്റെ വധം. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ‌് അംഗവും ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന എ ബി ബിജേഷിനെ എൻഡിഎഫുകാർ ആക്രമിച്ചത് 2009 ഒക്ടോബർ 23നാണ്. ചികിത്സയിലിരിക്കെ നവംബർ രണ്ടിന്  മരിച്ചു. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിലാണ് ബിജേഷിനെ വകവരുത്തിയത്. ചില സംശയങ്ങളുടെ പേരിലാണ് വാടാനപ്പള്ളി തൃത്തല്ലൂരിൽ 2004 നവംബർ 19ന് ഉദയൻ എന്ന ചെറുപ്പക്കാരനെ എൻഡിഎഫ് സംഘം വെട്ടി കൊലപ്പെടുത്തിയത്. മന്ത്രവാദം ജപിച്ച ചരടും വെള്ളവും വിൽക്കുന്നുവെന്നു പറഞ്ഞ്‌ 1998 നവംബർ 16ന് തിരുവില്വാമല കാട്ടുകുളത്ത‌് മുഹമ്മദ് ഉപ്പാപ്പ എന്ന സിദ്ധനെ കൊലപ്പെടുത്തി.

സമാധാനത്തിന്റെ പച്ചത്തുരുത്തെന്ന‌് പൊതുവേ പറയപ്പെടുന്ന വയനാട്ടിൽ ഇന്ന്‌ തീവ്രവാദത്തിന്റെ ചോര കിനിയുന്ന വാൾത്തലപ്പുകളും കഠാരകളും  ഒളിഞ്ഞിരിപ്പുണ്ട്. വയനാടൻ മലമടക്കുകൾ സംസ്ഥാനത്ത് എസ്ഡിപിഐയുടെ  ഏറ്റവും പ്രധാനപ്പെട്ട ഒളിത്താവളങ്ങളിലൊന്നാണിന്ന്‌.  കുറ്റ്യാടി‐പേരിയ ചുരങ്ങളോട് ചേർന്ന വെള്ളമുണ്ട, തൊണ്ടർനാട്, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാന ഒളിത്താവളങ്ങൾ. മുസ്ലിംലീഗിന് ശക്തമായ വേരോട്ടമുള്ളിടത്താണ് എസ്ഡിപിഐയും പിടിമുറുക്കിയത്. വയനാട്ടിൽ തോട്ടങ്ങൾ വാങ്ങിക്കൂട്ടിയും  എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ചുമാണ് ഇവരുടെ പ്രവർത്തനം.

എബിവിപി പ്രവർത്തകൻ കണ്ണവം ആലയാട്ടെ ശ്യാമപ്രസാദിനെ വധിച്ച പ്രതികൾ രക്ഷപ്പെട്ടത് വയനാട്ടിലേക്കാണ്. മാനന്തവാടിക്കടുത്ത തലപ്പുഴയിൽവച്ചാണ് ഇവരെ പിടികൂടിയത്. 1998 മുതൽ വയനാട്ടിൽ എഴുപതോളം വധശ്രമ കേസുകൾ എൻഡിഎഫ്, പിഎഫ്ഐ, എസ്ഡിപിഐ പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1993ൽ വെള്ളമുണ്ട പീച്ചങ്കോട് നടയ്ക്കലിൽ ശശികുമാർ  എന്ന കർഷകൻ കൊലചെയ്യപ്പെട്ടു. നാദാപുരം  കല്ലാച്ചി ബിനു വധക്കേസിലെ പ്രതികളിൽ രണ്ടുപേർ വെള്ളമുണ്ട, തൊണ്ടർനാട് സ്വദേശികളാണ്.
 

നഹിം മറക്കില്ല; ചോര മണമുള്ള ആ രാത്രി

കൽപ്പറ്റ > ആ രാത്രിയെക്കുറിച്ച് പറയുമ്പോൾ നഹിമിന് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. അന്ന് എൻഡിഎഫുകാർ വെട്ടിനുറുക്കിയത് നഹിമിന്റെ ശരീരം മാത്രമല്ല. ജീവിതംതന്നെയാണ്. എന്തിനാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന‌് ഈ നിർധനയുവാവിന് അറിയില്ല. 2008 ഒക്ടോബർ 27നാണ്  കമ്പളക്കാട് ടൗണിലെ ഓട്ടോഡ്രൈവർമാരായ ചെറുവണശേരി നഹിമും സുഹൃത്ത് അറ്റാശേരി അഷറഫും ആക്രമണത്തിനിരയായത്. രാത്രി 11ന‌് ഓട്ടം പോയി മടങ്ങുന്നതിനിടയിലാണ് മുഖംമൂടി ധരിച്ച രണ്ടുപേർ ഇവരെ ആക്രമിച്ചത്. ആക്രമണത്തിൽ നഹിമിനാണ് കൂടുതൽ പരിക്കേറ്റത്. ഇടത് കൈത്തണ്ട അറ്റുതൂങ്ങി. തലയ‌്ക്കും വെട്ടേറ്റു.

28 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈ തുന്നിച്ചേർത്തത്. നാലുമാസം മൃതപ്രായനായി കിടന്നു. ഏഴുലക്ഷത്തോളം രൂപ ചികിത്സയ‌്ക്ക് ചെലവായി. രണ്ട് സഹോദരിമാരും മൂന്ന് സഹോദരന്മാരും അടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ ആശ്രയമായ ഇരുപത്തൊന്നുകാരനെയാണ് എൻഡിഎഫുകാർ ഇല്ലാതാക്കാൻ ശ്രമിച്ചത്. അഞ്ചുസെന്റ് ഭൂമിയും ഒരു കൊച്ച് വീടും മാത്രമായിരുന്നു സമ്പാദ്യം. ചികിത്സയ‌്ക്കായി ചെലവഴിച്ച കടംവീട്ടാൻ വീടും പറമ്പും വിറ്റു. ഇപ്പോൾ വാടകവീട്ടിലാണ‌് താമസം.

ഇടതുകൈയുടെ സ്വാധീനം നഷ്ടമായ നഹിമിന് ഇപ്പോഴും കാര്യമായ ജോലി ചെയ്യാനാകില്ല. ഒരു കൈകൊണ്ട് ഡ്രൈവിങ‌് നടത്തും. വണ്ടിക്കച്ചവടം, സ്ഥലക്കച്ചവടം എന്നിവയാണ‌് ഉപജീവനമാർഗം.തന്നെയാണ‌് യഥാർഥത്തിൽ അക്രമികൾ ലക്ഷ്യമിട്ടതെന്ന് സുഹൃത്ത് അഷറഫ് പറയുന്നു. കുറച്ചുനാൾ അഷറഫ് എൻഡിഎഫ് ക്യാമ്പിൽ പോയിരുന്നു. ഗുജറാത്തും മാറാടും പിന്നിട്ട് ഇനി സംഘപരിവാർ നമ്മുടെ നാട്ടിലും എത്തുമെന്ന വിദ്വേഷപ്രചാരണമാണ് തന്നെപ്പോലുള്ളവരെ എൻഡിഎഫിൽ എത്തിച്ചതെന്ന് അഷറഫ് പറയുന്നു. അന്യമതവിദ്വേഷ പ്രചാരണവും തീവ്രവാദവും കാരണം പിന്നീട് അതിൽനിന്ന‌് വിട്ടുനിന്നു. ഇതോടെ എൻഡിഎഫിന്റെ നോട്ടപ്പുള്ളിയായി. നാട്ടിൽ ആർഎസ്എസ് പൊതുയോഗവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ പുറമെനിന്നുള്ള എൻഡിഎഫുകാർ ഇടപെട്ട് വർഗീയകലാപത്തിലേക്ക്് നയിക്കുന്നതിനുള്ള ശ്രമങ്ങൾ ചെറുത്തതും ശത്രുതയ‌്ക്ക് ഇടയാക്കി. ഇതാണ്  തങ്ങളെ പിന്തുടർന്ന് ആക്രമിക്കാനുള്ള കാരണമെന്ന് അഷറഫ് പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top