തിരുവനന്തപുരം
അധികവിഹിതമായി നൽകിവന്ന ഗോതമ്പ് വിതരണം കേന്ദ്രസർക്കാർ നിർത്തലാക്കിയതോടെ സംസ്ഥാനത്ത് 50 ലക്ഷം കാർഡുകാർക്ക് ഗോതമ്പും ആട്ടയും മുടങ്ങും. പൊതുവിപണിയിൽ ഇവയുടെ വില കുതിക്കും. വിഹിതം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി ആർ അനിൽ ചൊവ്വാഴ്ച കേന്ദ്രമന്ത്രിക്ക് കത്തയക്കും.
നിലവിലുള്ള ക്വാട്ടയ്ക്ക് പുറമെ സംസ്ഥാനത്തിന് അധികവിഹിതമായി അനുവദിച്ചിരുന്ന ഗോതമ്പാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ഒരു മാസം 6459.074 മെട്രിക് ടൺ ഗോതമ്പാണ് അനുവദിച്ചിരുന്നത്. ഒരു വർഷത്തേക്ക് വിഹിതം റദ്ദാക്കി എന്നാണ് ഉത്തരവിൽ പറയുന്നതെങ്കിലും വിഹിതം പൂർണമായി നിർത്തലാക്കുന്നതിന് മുന്നോടിയാണോ ഇപ്പോഴത്തെ തീരുമാനമെന്ന് സംശയിക്കപ്പെടുന്നു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം വന്നതോടെ 1.54 കോടി പേർക്കുമാത്രമാണ് കുറഞ്ഞ നിരക്കിൽ ഭക്ഷ്യസാധനങ്ങൾ ലഭിക്കുക. നേരത്തേ ബിപിഎൽ കാർഡുടമകളായ നിരവധിപേർ ഭക്ഷ്യഭദ്രതാ നിയമം വന്നപ്പോൾ മുൻഗണനേതര കാർഡുടമകളായി മാറി. ഇപ്രകാരം ബിപിഎൽ പട്ടികയിൽനിന്ന് പുറത്തായവർക്ക് അരിയും ധാന്യങ്ങളും കുറഞ്ഞ നിരക്കിൽ നൽകുന്നത് കേന്ദ്രം അനുവദിച്ചിരുന്ന അധിക വിഹിതത്തിലൂടെയായിരുന്നു. വിഹിതം നിർത്തലാക്കിയതോടെ മുൻഗണനേതര കാർഡുകളായ നീല, വെള്ള കാർഡുകാർക്ക് കുറഞ്ഞ നിരക്കിൽ ഗോതമ്പ് ലഭിക്കില്ല. 17 രൂപയ്ക്ക് എല്ലാ കാർഡുകാർക്കും സർക്കാർ ആട്ട നൽകുന്നുണ്ട്. ഇത് ഇനി മുൻഗണനാ കാർഡുകാർക്ക് മാത്രമാകും. അരി വാങ്ങിയില്ലെങ്കിലും ഗോതമ്പും ആട്ടയും വാങ്ങാനായി സ്ഥിരമായി റേഷൻ കടയെ ആശ്രയിക്കുന്ന നിരവധി നീല, വെള്ള കാർഡുടമകളുണ്ട്. കേന്ദ്ര തീരുമാനം ഇവർക്ക് തിരിച്ചടിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..