20 September Friday

വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യ ; തെളിവായി നോട്ട‌്ബുക്കുകളും

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019


സ്വന്തം ലേഖകൻ
മാരായമുട്ടം മലയിക്കടയിൽ വീട്ടമ്മയും മകളും  സ്വയം തീകൊളുത്തി മരിച്ച സംഭവത്തിൽ റിമാൻഡിലായ ചന്ദ്രനും അമ്മയ‌്ക്കും മറ്റുബന്ധുക്കൾക്കും കുരുക്ക‌് മുറുകി. വെള്ളറട സിഐ ബിജു വി നായരുടെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിൽ ആത്മഹത്യാകുറിപ്പിൽ പറയുന്ന കാര്യങ്ങൾ  സാധൂകരിക്കുന്ന രണ്ട‌് നോട്ട‌് ബുക്കുകൾകൂടി  ലഭിച്ചതോടെയാണിത‌്. മരിച്ച ലേഖയുടെ ഭർത്താവ‌് ചന്ദ്രനുൾപ്പെടെയുള്ളവർ നടത്തിയ മാനസികപീഡനം, കടത്തെ ചൊല്ലി നടന്ന കലഹങ്ങൾ, കടബാധ്യതകൾ എന്നിവ കുറിച്ച രണ്ട‌് നോട്ട‌്ബുക്കുകളാണ‌് ലഭിച്ചത‌്. ലേഖയും മകൾ വൈഷ‌്ണവിയും തീകൊളുത്തിയ മുറിയിലെ അലമാരയിൽ തുണിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ബുക്കുകൾ. കൈപ്പട ലേഖയുടേതാണെന്നാണ‌് പ്രാഥമിക നിഗമനം.

കടത്തിന്റെ പേരിൽ കുറ്റക്കാരിയാക്കി
കടത്തിന്റെപേരിൽ ചന്ദ്രനും കൃഷ‌്ണമ്മയും തന്നെ കുറ്റക്കാരിയാക്കിയതായി ബുക്കിലുണ്ട‌്. കടം വാങ്ങിയ പൈസ എന്തുചെയ‌്തെന്ന‌് ചോദിച്ചതായും പണം വാങ്ങിയത‌് ഞാൻ അറിഞ്ഞില്ലെന്നും ചന്ദ്രൻ പറഞ്ഞതായി എഴുതിയിട്ടുണ്ട‌്. താൻ മോശക്കാരിയാണെന്ന‌്‌ കൃഷ‌്ണമ്മയുൾപ്പെടെയുള്ളവർ പ്രചരിപ്പിച്ചു. വീടുവിറ്റ‌് കടംവീട്ടാനും മകളെ എംബിബിഎസിന‌് പഠിപ്പിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാൽ,  കൃഷ‌്ണമ്മ തടസംനിന്നു. ഇതിനെല്ലാം കൃഷ‌്ണമ്മയുടെ അനുജത്തി ശാന്തയും ഭർത്താവ‌് കാശിയും കൂട്ടുനിന്നു. നേരത്തെ ആത്മഹത്യക്കുപിന്നിൽ ചന്ദ്രൻ, അമ്മ കൃഷ‌്ണമ്മ, ഇവരുടെ സഹോദരി ശാന്ത, ഭർത്താവ‌് കാശിനാഥൻ എന്നിവരാണെന്ന‌് എഴുതിവച്ച കുറിപ്പ‌് പൊലീസിന‌് ലഭിച്ചിരുന്നു. ആത്മഹത്യ കുറിപ്പിലെ കൈപ്പട ലേഖയുടേതാണെന്ന‌് ചന്ദ്രൻ തിരിച്ചറിഞ്ഞു. എന്നാൽ, ബുക്കിലെയും കത്തിലെയും കൈപ്പട സ്ഥിരീകരിക്കാൻ ശാസ‌്ത്രീയപരിശോധന നടത്തും. ഇതിനായി  വൈഷ‌്ണവിയുടെ നോട്ടുബുക്ക‌ുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട‌്. ഇതേസമയം ബുക്കിൽ മന്ത്രവാദത്തെ കുറിച്ച‌് ഒന്നും പറയുന്നില്ലെന്ന‌് സിഐ പറഞ്ഞു. എന്നാൽ, ആത്മഹത്യാകുറിപ്പിൽ മന്ത്രവാദത്തെകുറിച്ച‌് പരാമർശമുണ്ട‌്.

ലേഖയുടെ ബന്ധുക്കളുടെയും പരിസരവാസികളുടെയും മൊഴി എടുത്തു. സംഭവദിവസവും രാവിലെ ലേഖ വിളിച്ചിരുന്നതായി സഹോദരി ബിന്ദു മൊഴിനൽകി. വായ‌്പയുടെ കാര്യങ്ങളാണ‌് സംസാരിച്ചത‌്.

സ‌്ത്രീധനപീഡനത്തെ തുടർന്ന‌് ലേഖ വർഷങ്ങൾക്കുമുമ്പ‌് ആത്മഹത്യക്ക‌് ശ്രമിച്ചിരുന്നു.
പുതുതായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യേണ്ടി വരികയാണെങ്കിൽ മാത്രമേ പ്രതികളെ കസ‌്റ്റഡിയിൽ വാങ്ങുന്നത‌് തീരുമാനിക്കൂ. ആത്മഹത്യാ പ്രേരണ, ഗാർഹികപീഡനം എന്നിവയാണ‌് പ്രതികൾക്കെതിരെ ചുമത്തിയത‌്. ചൊവ്വാഴ‌്ച പകൽ രണ്ടിനാണ‌് ലേഖയും ഏകമകൾ വൈഷ‌്ണവിയും കിടപ്പുമുറിയിൽ തീകൊളുത്തി ആത്മഹത്യ ചെയ‌്തത‌്. ജപ‌്തിഭീഷണിയെ തുടർന്നാണ‌് ആത്മഹത്യയെന്ന‌ാണ‌് ചന്ദ്രൻ പറഞ്ഞത‌്. എന്നാൽ, ആത്മഹത്യാകുറിപ്പ‌് ലഭിച്ചതോടെ അന്വേഷണം വഴിതിരിച്ച‌് വിടാനുള്ള ശ്രമം പൊളിഞ്ഞു.

 ‘മോളുവിന്റെ കാര്യത്തിൽ മാത്രമേ ദുഃഖമുള്ളൂ’
പാറശാല
‘കുഴപ്പമില്ല, എനിക്ക‌് ഇനി ഒന്നും കേൾക്കേണ്ട കാര്യമില്ല. പക്ഷേ, മോളുവിന്റെ കാര്യത്തിൽ മാത്രമേ ദുഃഖമുള്ളൂ’ മകൾ വൈ‌ഷ‌്ണവിയോടുള്ള ലേഖയുടെ സ‌്നേഹം വ്യക്തമാക്കുന്ന വരികൾ. മരണത്തിലേക്ക‌് നയിച്ച ജീവിതസാഹചര്യങ്ങളും തകർന്ന കുടുംബജീവിതവും വ്യക്തമാക്കുന്ന  കുറിപ്പിൽ സ‌്നേഹം തുടിക്കുന്നത‌് മകളെ കുറിച്ച‌ുള്ള ഭാഗങ്ങളിൽ മാത്രം. അമ്മയുടെയും മകളുടെയും ആത്മഹത്യക്ക‌ു പിന്നിലെ കാരണങ്ങളിലേക്ക‌് വെളിച്ചം വീശുന്നതാണ‌് പൊലീസിന‌ു ലഭിച്ച രണ്ട‌് നോട്ടുബുക്കുകൾ.

ഭർത്താവ‌് ചന്ദ്രന്റെയും അമ്മായിയമ്മ കൃഷ‌്ണമ്മയുടെയും കുറ്റപ്പെടുത്തലുകൾക്ക‌് നടുവിലായിരുന്നു ജീവിതമെന്ന‌് കുറിപ്പുകൾ സാക്ഷ്യപ്പെടുത്തുന്നു. വായ‌്പ അടയ‌്ക്കാനും കുടുംബ ചെലവിനും പാട‌ുപെടുന്ന കഷ്ടപ്പാടുകളുമുണ്ട‌്.ലേഖ അനുഭവിച്ചിരുന്ന മാനസിക സമ്മർദം, കുടുംബത്തിൽ കടത്തെ ചൊല്ലിയുള്ള കലഹങ്ങൾ, ഭർത്താവിന്റെ കുറ്റപ്പെടുത്തുന്ന സമീപനങ്ങൾ എല്ലാം വിശദമായി എഴുതിയിട്ടുണ്ട‌്.

കൂടുതലുമുള്ളത‌് കുടുംബ ചെലവുകളുടെയും കടത്തിന്റെയും വഴക്കുകളുടെയും വിവരങ്ങൾ. മകൾക്ക‌് കോളേജിൽ പോകാൻ വേണ്ടിവരുന്ന ബസ‌് ചാർജിന്റെ കണക്കുൾപ്പെടെ ദൈനംദിന കണക്കുകളും ബുക്കിലുണ്ട‌്. മകൾ മാത്രമായിരുന്നു ലേഖയ‌്ക്ക‌് ജീവിക്കാനുള്ള പ്രതീക്ഷ. അവളുടെ മോഹംപോലെ പഠിപ്പിച്ച‌് ഡോക്ടറാക്കാൻ അവർ ആഗ്രഹിച്ചിരുന്നു. ഇതിനായാണ‌് വീട‌് വിൽക്കാൻ ശ്രമം നടത്തിയത‌്.  അമ്മായിയമ്മയും  ചന്ദ്രനും ആദ്യം ഇതിന‌ു താൽപര്യം കാണിച്ചില്ല. 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top