31 March Tuesday

അഴിമതിക്കേസിൽ അന്വേഷണം: 8 യുഡിഎഫ്‌ മന്ത്രിമാർക്കെതിരെ 11 കേസ്‌

റഷീദ‌് ആനപ്പുറംUpdated: Monday Feb 17, 2020

തിരുവനന്തപുരം > വി കെ ഇബ്രാഹിംകുഞ്ഞിനു പിന്നാലെ  വി എസ്‌ ശിവകുമാറും വിജിലൻസ്‌ കുരുക്കിലായതോടെ അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന യുഡിഎഫ്‌ നിര നീളുന്നു. മുൻമുഖ്യമന്ത്രി ഉൾപ്പെടെ എട്ടു പേർക്കെതിരെ 11 കേസിലാണ്‌ വിജിലൻസ്‌ അന്വേഷണം. ഇതിൽ ചിലതിൽ മുൻമന്ത്രിമാർ പ്രതികളാണ്‌. ചില കേസിൽ ഗവർണറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ചിലതിൽ അന്വേഷണ റിപ്പോർട്ട്‌ കോടതിയുടെ പരിഗണനയിലാണ്.

ഉമ്മൻചാണ്ടിക്കു പുറമെ രമേശ്‌ ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, അടൂർ പ്രകാശ്‌, അനൂപ്‌ ജേക്കബ്‌, കെ ബാബു, വി കെ ഇബ്രാഹിംകുഞ്ഞ്‌ എന്നിവരാണ്‌ അന്വേഷണം നേരിടുന്ന മുൻമന്ത്രിമാർ. വി എസ്‌ ശിവകുമാറിന്റെ സഹോദരൻ തിരുവിതാംകൂർ ദേവസ്വം കമീഷണറായിരുന്ന വി എസ്‌ ജയകുമാറിനെതിരെയും വിജിലൻസ്‌ അന്വേഷണമുണ്ട്‌.    ബന്ധുനിയമനം, നെയ്യാറിൽ സർക്കാർ ഭൂമി സ്വകാര്യ ടൂറിസം കമ്പനിക്കു നൽകി, എൻ ശങ്കർറെഡ്ഡിയെ വിജിലൻസ്‌ ഡയറക്ടറായി നിയമിച്ചു എന്നിവയിലാണ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്‌. ബന്ധുനിയമനത്തിലും കണ്ണൂർ വിമാനത്താവളനിർമാണ ക്രമക്കേടിലുമാണ്‌ ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം. ഇതിൽ ചെന്നിത്തലയുടെ പങ്കും അന്വേഷിക്കുന്നുണ്ട്‌.

ബാർ കോഴ, അനധികൃത സ്വത്തുസമ്പാദനം എന്നീ കേസുകളിലാണ്‌  കെ ബാബുവിനെതിരെ അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട്‌ നൽകിയത്‌. എറണാകുളം പുത്തൻവേലിക്കര, തൃശൂർ മടത്തുംപടി എന്നിവിടങ്ങളിൽ 127 ഏക്കർ നെൽവയലിന്‌ മിച്ചഭൂമിയിൽ ഇളവുനൽകാൻ ഒത്താശ ചെയ്‌ത പരാതിയിലാണ്‌  പി കെ കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്‌ എന്നിവർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകിയത്‌. റേഷൻ ഡിപ്പോ അനുവദിച്ച മറ്റൊരു കേസും അടൂർ പ്രകാശിനെതിരെ അന്വേഷണമുണ്ട്‌. അനധികൃത സ്വത്തുസമ്പാദനം, സ്വകാര്യ മെഡിക്കൽ കോളേജിന്‌ വഴിവിട്ട്‌ എൻഒസി നൽകി എന്നീ പരാതികളിലാണ്‌ ശിവകുമാറിനെതിരെ അന്വേഷണം. ഇതിൽ അനധികൃതസ്വത്ത്‌ സമ്പാദിച്ചെന്ന പരാതിയിലാണ്‌ കേസെടുക്കാൻ സർക്കാർ അനുമതി നൽകിയത്‌.

റേഷൻ സാധനങ്ങൾ മറിച്ചുവിറ്റതിന്‌ അനൂപ്‌ ജേക്കബ്ബിനെതിരെയും ബന്ധുനിയമനം നടത്തിയതിന്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണനെതിരെയും അന്വേഷണം നടക്കുന്നുണ്ട്‌. ടൈറ്റാനിയം അഴിമതിക്കേസിലും ഉമ്മൻചാണ്ടി, വി കെ ഇബ്രാഹിംകുഞ്ഞ്‌ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണം നടന്നിരുന്നു. കേസ്‌ സിബിഐക്ക്‌ വിട്ടിരിക്കുകയാണ്‌. ഇതിൽ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെയും ആരോപണമുണ്ട്‌.


പ്രധാന വാർത്തകൾ
 Top