05 December Thursday

പാലാരിവട്ടം: ഇഡിയെ കക്ഷി ചേര്‍ക്കണം‐ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019


മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ പാലാരിവട്ടം മേൽപ്പാലനിർമാണ അഴിമതിയിലൂടെ സമ്പാദിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെടുത്തെന്ന ആരോപണം പരിശോധിക്കാൻ എൻഫോഴ്സ്‌‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) കേസിൽ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. അഴിമതിയിലൂടെ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനും ടി ഒ സൂരജിനും ലഭിച്ച പണമാണിതെന്ന്‌ ആരോപിച്ച് കളമശേരി സ്വദേശി ഗിരീഷ്ബാബു നൽകിയ ഹർജിയിലാണ്‌ ജസ്റ്റിസ് സുനിൽ തോമസിന്റെ നിർദേശം.

ഹർജിയിൽ പറയുന്ന സാമ്പത്തിക ഇടപാട് നടന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി വിജിലൻസിനുവേണ്ടി ഹാജരായ സ്പെഷ്യൽ ഗവ. പ്ലീഡർ എ രാജേഷ് കോടതിയെ അറിയിച്ചു. പാലാരിവട്ടം പാലം കരാറുകാരായ ആർഡിഎസ് കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് അനുവദിച്ചതിലും ഗൂഢാലോചനയിലും മുൻ മന്ത്രിയുടെ പങ്ക് അന്വേഷിക്കാൻ അഴിമതി നിരോധന നിയമപ്രകാരം അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ മുൻമന്ത്രി കൈക്കൂലി വാങ്ങിയോ എന്ന് അന്വേഷിക്കും. ഇബ്രാഹിംകുഞ്ഞിന് എതിരെ ഗിരീഷ്ബാബു നൽകിയ പരാതി വിജിലൻസ് ഡയറക്ടർക്ക് കൈമാറി. അനുമതി ലഭിച്ചാൽ ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അഴിമതി സംബന്ധിച്ച കാര്യങ്ങളല്ലേ വിജിലൻസിന് അന്വേഷിക്കാനാവൂയെന്ന് കോടതി ചോദിച്ചു.

കള്ളപ്പണം വെളുപ്പിക്കൽപോലുള്ള ആരോപണങ്ങൾ അന്വേഷിക്കേണ്ടത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റല്ലേ. അതിനാൽ അവരെ കേസിൽ കക്ഷിചേർക്കുകയാണ് ഹർജിക്കാരൻ ചെയ്യേണ്ടത്. ആരോപണങ്ങൾ അവർ പരിശോധിച്ച് പറയട്ടെയെന്നും കോടതി പറഞ്ഞു. തുടർന്ന് കേസ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക്‌ മാറ്റി.

കേന്ദ്രസർക്കാർ നോട്ടുനിരോധം നടപ്പാക്കിയ കാലത്ത് 2016 നവംബർ 16ന് ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായ പി എ അബ്ദുൽ സമീർ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ എറണാകുളം മാർക്കറ്റ് റോഡ് ശാഖയിലെ അക്കൗണ്ടിൽ പത്തു കോടി രൂപയും എസ്ബിഐ കലൂർ ശാഖയിൽ വൻതുകയും നിക്ഷേപിച്ചെന്നാണ് ഹർജിയിലെ ആക്ഷേപം. ഈ ഇടപാടുകളെല്ലാം മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ബിനാമി ഇടപാടുകളാണെന്നും ടി ഒ സൂരജുമൊത്ത് നടത്തിയ അഴിമതിയിൽനിന്നുള്ള പണം വെളുപ്പിക്കുകയാണ് ചെയ്തതെന്നും ആരോപിക്കുന്നു. അതിനാൽ പാലാരിവട്ടം പാലം അഴിമതി അന്വേഷണത്തിൽ ഇക്കാര്യംകൂടി ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top